Asianet News MalayalamAsianet News Malayalam

Malayalam Short Story: കറുത്ത നരകള്‍, നസീബ് സിറാജ് എഴുതിയ ചെറുകഥ


ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. നസീബ് സിറാജ് എഴുതിയ ചെറുകഥ

chilla malayalam short story by Naseeb Siraj bkg
Author
First Published Feb 28, 2023, 6:14 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam short story by Naseeb Siraj bkg

 

പതിവ് തെറ്റിക്കാതെ വിരുന്ന് വരുന്ന റേഡിയോ ഗാനം ഇന്നും മൂളിപ്പാടുന്നുണ്ട്. ഹിന്ദി ഗസലുകളാണ് ആ ചുവന്ന റേഡിയോയില്‍ നിന്ന് അധികവും നിറഞ്ഞൊഴുകുന്നത്.

എന്നെ പോലെ ഈ ലോഡ്ജിലെ ഒരന്തേവാസിയാണ് അടുത്ത മുറിയിലെ താമസക്കാരന്‍. അല്ല, കുടിശ്ശികക്കാരന്‍! അങ്ങനെയാണ് ഈ പഴഞ്ചന്‍ കെട്ടിടത്തിന്‍റെ ഉടമസ്ത്ഥന്‍ അയാളെ വിശേഷിപ്പിക്കാറ്.

'ഞാന്‍ ഔദേസ്!'

ഒരിക്കല്‍ പാതിയടഞ്ഞ് കിടന്ന എന്‍റെ മുറി വാതിലിന്‍റെ വിടവിനൊപ്പം വായുവേഗത്തില്‍ കടന്നു വന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തിയ പേരാണ്.

അനുവാദമില്ലാതെ അന്യന്‍റെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ ജന്തുവിനോട് ആക്രോശിക്കാന്‍ തയ്യാറെടുത്ത എന്നെ നിഷ്‌കളങ്കമായ പുഞ്ചിരി കൊണ്ട് അന്ന് അയാള്‍ കീഴ്‌പ്പെടുത്തി.

നാല് വയസ്സുള്ള കുസൃതി ചെക്കന്‍ അവന്‍റെ കൊഴിഞ്ഞു പോയ പാല്‍പ്പല്ല് മറന്ന് മോണ വിരിച്ച് അമ്മയെ നോക്കി ചിരിക്കുന്ന അതേ 'കിണി' അയാള്‍ എനിക്ക് മുന്നില്‍ ബള്‍ബിട്ടപ്പോലെ പിടിച്ചു വെച്ചു.
ഏത് ക്രൂരനും അതിലലിയും. ഞാനും അലിഞ്ഞു.

നിഷ്‌കളങ്കമായി പുഞ്ചിരിക്കാന്‍ കഴിയുന്ന മനുഷ്യന്‍!

ഏതൊരുവന്‍റെ ദേഷ്യവും വിഷമവും പ്രയാസവും പരാധീനതയും സന്തോഷവും കളവും ചതിയും ആദ്യം പ്രതിഫലിക്കുന്നത് അവന്‍റെ മുഖത്തായിരിക്കും. ആദ്യമായി കാണുന്ന മുഖം നോക്കി ഏതൊരുവന്‍റെയും കള്ളലക്ഷണവും സത്യസന്ധതയും എഴുതി അടിവരയിടുന്ന വിശ്വജ്ഞാനികളാണല്ലോ മനുഷ്യര്‍ !

മുറിയുടെ താക്കോല്‍ കൈമാറുന്നതിന് മുമ്പ് കെട്ടിട ഉടമസ്ഥന്‍റെ വക ആദ്യ അറിയിപ്പ്.

'തൊട്ടടുത്ത മുറിയില്‍ ഒരു കിഴവനുണ്ട്. അപ്പുറത്തെ ചായക്കടയിലാണ് വേല. അതും വല്ലപ്പോഴും. ഇവിടെത്തെ തൂപ്പും തുടപ്പുവക്കെ നോക്കുന്നതും പുള്ളിയാ. വല്ല മിണ്ടാനോ പറയാനോ ഇടയ്ക്ക് കേറി വന്നേക്കാം. ഒരു പാവത്താനാ...'

ഞാന്‍ ബാഗും മറ്റു സാധനങ്ങളും ഒതുക്കി വെച്ചു കഴിഞ്ഞതേയുള്ളു. അതിനുള്ളില്‍ കിഴവന്‍ എത്തി.

വയസ്സനാണ് ഔദേസ്. എഴുപതുകള്‍ താണ്ടിയിട്ടുണ്ടാകാം. മുറിതേങ്ങ പോലെ ഒരു പേര്! ഔദേസ്! പേരിനൊപ്പം ബാക്കിയായുള്ള വാല്‍ കഷ്ണം എങ്ങോ മുറിഞ്ഞു പോയതാണെന്ന് തോന്നുന്നു.

അമിതമായ വെയിലു കൊണ്ട് കരിവാളിച്ച മുഖം. ചെറിയ കൂനുള്ള ശരീരം . വെളുത്ത തോര്‍ത്തു കൊണ്ട് തലയിലൊരു മുറുക്കി കെട്ടുണ്ട്. ക്ഷേമം കാര്‍ന്ന വയലിലെ ഉണങ്ങിയ നെല്‍ക്കതിര്‍ പോലെ മുഖത്ത് അങ്ങിങ്ങായി നരകുറ്റി രോമങ്ങള്‍.

കടന്നു വന്നയുടനെ അനുവാദമേതുമില്ലാതെ തന്നെ എന്‍റെ മുറിയിലെ ഇരിപ്പിടം ഔദേസ് സ്വന്തമാക്കി.

'ഇന്നെലെത്തെ പത്രം കയ്യിലുണ്ടോ?' - പുഞ്ചിരിയില്‍ തേന്‍ കലര്‍ത്തി അയാള്‍ ചോദിച്ചു.

'ഇല്ല!'

പുതിയ മനുഷ്യരും, പുതിയ രുചികളും, പുതിയ കാഴ്ച്ചകളും ഏറെ ഇഷ്ടമാണെങ്കില്‍പ്പോലും, അവയൊക്കെയും സ്വയം തേടിപ്പിടിക്കുമ്പോള്‍ മാത്രം പുതുമയുടെ വാസന അനുഭവിച്ചറിയാന്‍ കഴിയുന്ന രോഗിയായതിനാല്‍ ഇങ്ങോട്ട് വന്ന അതിഥിയെ വാക്കുകള്‍ കൊണ്ട് 'അടിച്ചൊതുക്കി' ഞാന്‍ മറുപടി നല്‍കി.

'എഴുത്തിലൊക്കെ കമ്പമുള്ള ആളാണെന്ന് താഴെ പറയുന്ന കേട്ടു. അപ്പോള്‍ വായനാശീലവും ഒപ്പമുണ്ടാവണമല്ലോ... അതാ ചോയിച്ചേ..' -ഔദേസ് വീണ്ടും തുടര്‍ന്നു.

'എന്തു വായിക്കാനാ?' -അയാള്‍ക്ക് മുഖം നല്‍കാതെ സാധനങ്ങള്‍ അടുക്കി മാറ്റി കൊണ്ട് അയഞ്ഞ മട്ടില്‍ ഞാന്‍ ചോദിച്ചു.

'എന്തു വായിച്ചാലും മണ്ടയില്‍ കയറൂല്ലാന്നേയ്... വായിക്കുന്ന മുഴുവനും ഉടനങ്ങ് മറന്നുപ്പോകും.'

'പിന്നെയെന്തിനാ പത്രം?'

'അതില്ലേയ്... പത്ര കടലാസിലെ ഇടയിലൊരു താളില്ലേ.... എന്താ പേര്?! നിര്യാണം... ആഹ്.. നിര്യാതരായി. അറിയാവുന്ന ആരേലും മോന്ത അതിലുണ്ടോന്നറിയാനാ...പലരേം തിരിച്ചറിയില്ല. നെല്ലിക്കാ വലുപ്പത്തില്‍ മാത്രമുള്ള പടമല്ലേ... ന്നാലും പേരും വിലാസവും വായിക്കുമ്പോള്‍ ചിലരെയൊക്കെ അങ്ങ് ഊഹിക്കും. ഹാ..!'

ഔദേസ് നെടുവീര്‍പ്പിട്ടു.

ഞാനൊന്നും മിണ്ടാതെ കേട്ടിരുന്നു. മരണം ഊഹിക്കാനുള്ള കഴിവും തരക്കേടില്ലാത്ത ഏര്‍പ്പാടാണ്.

അയാള്‍ കുറച്ചു നേരം നിലത്തേക്ക് നോക്കിയിരുന്ന ശേഷം ചാടിയെണീറ്റ് ജനലരികിലൂടെ ആകാശത്തേക്ക് നോക്കി.

'മഴക്കാറാണ്. രണ്ടീസമായി ഇത് തന്നെ അവസ്ഥ. തുണി ഉണക്കാന്‍ ഇടുന്ന നേരം നോക്കി മഴപെയ്യും. നാശം! എന്തൊരു കഷ്ടമാണ്.'

അനുവാദമൊന്നും ഉരിയാടാതെ തന്നെ അയാള്‍ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങി.

'കൊച്ചൗദേസന്നാ ഇവിടുള്ളര് വിളിക്കുന്നേ, മോനും അങ്ങനെ തന്നെ വിളിച്ചോ. പരിചയപ്പെടാന്‍ പിന്നീട് വരാം.'

അതിനു ശേഷം പലപ്പോഴായും ഔദേസ് മുറിയിലേക്ക് കടന്നുവന്ന് പൂര്‍ണ്ണതയില്ലാത്ത അയാളുടെ ഓര്‍മകളുടെ ചിത്രം എന്നിലേക്ക് കാണിച്ചു കൊണ്ട് പിറുപിറുക്കും. കാര്യമായ ഗൗരവ വിഷയങ്ങള്‍ പറയാനുള്ളത് പോലെ കടന്നു വരുകയും, വാക്കുകള്‍ അധികം ഉരിയാടാതെ ആംഗ്യ രംഗങ്ങള്‍ ഓരോന്ന് കാണിച്ച് കഥകളിയാടി ഇറങ്ങിപ്പോകുന്നതും പതിവായി.

ഔദേസ് കീറിയെറിഞ്ഞു പോകുന്ന നിശ്ചല ജീവ-ചിത്രങ്ങള്‍ വരച്ച് പൂര്‍ത്തിയാക്കുന്ന കര്‍ത്തവ്യം എന്‍റെ ചുതലയായി മാറി. അവ ഒട്ടിച്ചു ചേര്‍ക്കാന്‍ എന്‍റെ നീണ്ട വിശാല ചിന്താചൂഴികള്‍ ആഴത്തില്‍ പരിശ്രമിച്ചു. ശേഷം അവ ഓരോ തവണയും നിറമുള്ള ചായത്തില്‍ മുക്കിയെടുത്ത് നോക്കും. അരോചകം! തീര്‍ത്തും അരോചകമാണ് എന്‍റെ വീക്ഷണ ചിത്രം എന്ന് തിരിച്ചറിയുന്നതാണ് ഒടുവിലത്തെ ഫലം.

കൊച്ചൗദേസിന് മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന അയാളുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് ഓര്‍മ്മ ചിത്രങ്ങള്‍!

'കൂടെ വേറെയാരുമില്ലേ?' -ഒരിക്കല്‍ ഞാന്‍ ഔദേസിനോട് ചോദിച്ചു.

'അങ്ങനെ പറയത്തക്ക ആരുമില്ല. കുറേ കൊല്ലങ്ങളായി ഇവിടെ തന്നെയാ കുടിയുറക്കം. മുന്‍പ് കുറേനാള്‍ ബന്ധു വീടുകളില്‍ ഇടയ്ക്ക് മാറി നില്‍ക്കും. പറ്റുന്നപ്പോലെ എല്ലാ പണിയും ചെയ്തു സഹായിക്കും. ചിലപ്പോള്‍ അവിടെത്തെ കുഞ്ഞുങ്ങളുടെ ആയ ആകും, ചിലപ്പോള്‍ അലക്കുകാരന്‍, മറ്റു ചിലപ്പോള്‍ വിറകുവെട്ടുകാരന്‍...! വരണ്ടുപോയ വിയര്‍പ്പിന്‍റെ ഭാരമില്ലാത്ത കൂലിയ്‌ക്കൊപ്പം മുറുമുറുപ്പ് കൂടിയപ്പോള്‍ ഇങ്ങ് പോന്നു.'-അയാള്‍ എന്‍റെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.

കെട്ടിട്ടത്തിന് സാമാന്യ നല്ല പഴക്കം തോന്നുന്നുണ്ട്. മൂന്ന് നിലകളിലായി നിറയെ മൂട്ട മുറികളാണ്. ഒരാള്‍ക്കു മാത്രം കഴിയാന്‍ പറ്റുന്ന വലുപ്പം കുറഞ്ഞ മുറികള്‍!  അവയില്‍ പകുതിയിലും അന്യ സംസ്ഥാന തൊഴിലാളികളാണ്.

സദാ അടച്ചിട്ട ഒന്നോ രണ്ടോ മുറികളൊഴിച്ച് ബാക്കിയെല്ലാത്തിലും താമസക്കാരുണ്ട്. ഏറ്റവും മുകളിലെ നിലയിലാണ് എന്‍റെ കുടിയുറക്കം. കാറ്റും വെളിച്ചവും തുറന്നോടുന്ന ജനാലകളാണ് ഞാന്‍ ആ മുറി തന്നെ തെരഞ്ഞെടുക്കാന്‍ കാരണം. മറ്റു ഒച്ചപ്പാടുകളും താരതമ്യേന കുറവും.

സാധാരണയില്‍ അധികമായി സദാ കണ്ണുകള്‍ ചിമ്മിയാണ് ഔദേസ് സംസാരിക്കുന്നത്. അത് കാണാന്‍ ഒരു പ്രത്യേക രസമാണ്. വേഗത്തില്‍ മിന്നിക്കത്തുന്ന ബള്‍ബുപോലെ അയാളുടെ കണ്ണുകള്‍ മിന്നി കൊണ്ടേയിരിക്കും.

വായിച്ചു മറന്ന വരികള്‍ വീണ്ടും വായിച്ച് പുതുക്കുന്നതു പോലെ ഞാനുമായുള്ള സൗഹൃദം പുലര്‍ത്തുന്നതിലും അയാള്‍ ശ്രദ്ധ കാണിച്ചിരുന്നു.

എന്നോടു മാത്രമല്ല, ആ ലോഡ്ജിലെ താമസക്കാരെല്ലാം അയാളുടെ രക്തബന്ധത്തോളം അടുത്തവരാണ്.
രക്ത ബന്ധത്തേക്കാളേറെ!

പുതിയ മനുഷ്യരെ പുതുമയോടെ ചേര്‍ത്ത് നിര്‍ത്തണമെങ്കില്‍ അവരിലും നമ്മളിലും എന്തെങ്കിലും സാമ്യതകള്‍ വേണം . ആദ്യ ദിവസങ്ങളിലെ ഔദേസിന്‍റെ സാധു ചമഞ്ഞുള്ള നില്‍പ്പിനപ്പുറം അയാളുടെ മുറിയില്‍ നിന്നും ചെറിയ ശബ്ദത്തില്‍ സദാ ഒഴുകുന്ന ഗാനങ്ങളാണ് അതിന് കാരണമായത്.

കോളേജ് കാലം മുതല്‍ കൂടെ കൂടിയതാണ് 'ഹോത്തോന്‍ സേ ചോലോ തും' എന്ന ജഗ്ജിത്തിന്‍റെ ഗസല്‍.  താരാട്ടു പാട്ടിന്‍റെ ഔഷധം കുടഞ്ഞ, പഞ്ഞി നിറച്ച പൂമെത്തയാണ് അതിലെ ഓരോ ഈണവും വരികളും!

കാലം വിടര്‍ത്തിയ തിരക്കേറിയ കുടയില്‍ മറഞ്ഞ് ആ ഈണങ്ങളും വരികളും എങ്ങോ മാഞ്ഞു. ഒരുപാട് നാളുകള്‍ക്ക് ശേഷം മാറ്റിന്‍റെ ഒരംശം കുറയാതെ ദാ തൊട്ടുത്ത് വീണ്ടും!

ഉറവിട - അന്വേഷണം ചെന്നവസാനിച്ചത് ഔദേസിന്‍റെ മുന്നിലും.

ജഗ്ജിത് സിങ് മാത്രമല്ല മുഹമ്മദ് റാഫിയും യേശുദാസും പിന്നെ പേരറിയാത്ത ധാരാളം ഗായകര്‍ കുടിയിരിക്കുന്ന കാസറ്റുകള്‍ ഔദേസിന്‍റെ പക്കല്‍ താമസിച്ചു പോന്നിരുന്നു.  ഒരു പഴയചുവന്ന റേഡിയോ, കവറില്‍ കെട്ടിയൊതുക്കിയ ധാരാളം കാസറ്റുകള്‍, അതിനരികില്‍ ബീഡിക്കുറ്റികള്‍, മടക്കി വെച്ചിരിക്കുന്ന പുതപ്പിന്‍റെയും തലയിണയുടെയും അരികില്‍ ധാരാളം മരുന്ന് കുപ്പികളും ഗുളികകളും. ഇവയൊക്കെയാണ് ഔദേസിന്‍റെ മുറി!

'ഒരുപാട് കൊല്ലക്കാലം വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനത്തായിരുന്നു. അന്ന് കൂടെക്കൂടിയതാ ഗസലിനോടുള്ള ഭ്രമം.'-എന്‍റെ നില്‍പ്പും നോട്ടവും ഗ്രഹിച്ചു കൊണ്ട് ഔദേസ് പറഞ്ഞു.

'അവിടെയും ബന്ധുക്കളുണ്ടോ?'-ഞാന്‍ തമാശയായി ചോദിച്ചു.

ഔദേസ് തൊണ്ട കനപ്പിച്ചു. ഒന്ന് ചുമച്ചു. മറ്റൊന്നും പറഞ്ഞില്ല.

എന്‍റെ ചോദ്യം അയാള്‍ക്ക് ദഹിച്ചില്ലാന്ന് മനസ്സിലായി. ദഹനശേഷിയെ ബാധിക്കാന്‍ മാത്രം തമാശയില്‍ ഞാന്‍ ഒന്നും കലര്‍ത്തിയിട്ടില്ലാന്ന് എനിക്ക് നിശ്ചയമുണ്ട്. എന്തേലും ആയിക്കോട്ട്!

'കുറച്ച് എഴുതാനുണ്ട്. ഞാന്‍ ഇറങ്ങുവാ...'

വിയര്‍ത്ത് തുടങ്ങിയ നെറ്റിത്തടം ചുമ നിര്‍ത്താതെ തോര്‍ത്ത് കൊണ്ട് ഔദേസ് തുടയ്ക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞു.

തിരികെയുള്ള നടത്തത്തില്‍ എന്നെ തട്ടിയുണര്‍ത്തിയത് എന്‍റെ വാചകങ്ങള്‍ തന്നെയാണ്.

എഴുതാനുണ്ട്!

നോവല്‍ എഴുതണം, തിരക്കഥകള്‍ എഴുതണം എന്ന പിടിവാശിയില്‍ മുഖത്തിന് ചേരാത്ത വട്ടക്കണ്ണടയും പറ്റാവുന്നത്ര വെള്ളക്കടലാസും പേനയും നിറച്ച ബാഗുമായി വീട് വിട്ട് ഇറങ്ങിയതാണ്. ഒരു എഴുത്തുകാരന്‍ എങ്ങനെ നോക്കണം, എങ്ങനെ ഇരിക്കണം, എങ്ങനെ ചിരിക്കണം, എങ്ങനെ സംസാരിക്കണം തുടങ്ങിയ ബാഹ്യചേഷ്ടികള്‍ പലതും പരിശീലിച്ചിട്ടാണ് വരവ്. ഞാനൊരു എഴുത്തുകാരനാണെന്ന് സ്വയം പ്രതിഫലിപ്പിക്കാന്‍! തമാശ!

ഉള്‍ക്കാമ്പാണ് പുറംമോടിയേക്കാള്‍ വില നിശ്ചയിക്കുന്ന ഘടകമെന്ന് അറിയാഞ്ഞിട്ടല്ല. പുറംമോടിയെങ്കിലും ഭംഗിയായി കൊള്ളട്ടെയെന്ന അതിശയോക്തിയില്‍ സംഭവിച്ച് പോകുന്നതാണ് ഇവയൊക്കെയും.

പക്ഷേ പരിശീലിച്ചതിനൊക്കെയും കടത്തി വെട്ടിയ ഉപദേശം ഇറങ്ങാന്‍ നേരം വീട്ടില്‍ നിന്നാണ് കിട്ടിയത്.
'എവിടെയൊക്കെ സംസാരിക്കാതിരിക്കണം എന്ന് നീ ആദ്യം പഠിയ്ക്ക്!'

പേനയും കടലാസും എടുത്ത് മുറിയിലെ തുരുമ്പ് പിടിച്ച കസേരയില്‍ ചിന്തകളെ വിസ്മരിച്ച് ഇരുന്ന് അരമണിക്കൂര്‍ പിന്നിട്ടതും ഔദേസിന്‍റെ കടന്നു വരവ്.

'മോന്‍ തിരക്കിലാന്നോ?'

തിരക്കാണ്. നല്ല തിരക്കാണ്.  പറയാന്‍ തോന്നിയെങ്കിലും അവ മറച്ചുവെച്ച് ഞാന്‍ അയാളോട് അകത്ത് കയറി ഇരിക്കാന്‍ പറഞ്ഞു.

'പതിനാലോ പതിനഞ്ചോ വയസ്സിലാണ് ഞാന്‍ വീട് വിട്ട് ഓടി പോയത്.'

ഔദേസ് ഒരു മുഖവരയുമില്ലാതെ പറഞ്ഞു തുടങ്ങി. പൂര്‍ത്തിയാക്കാത്ത ചിത്രം എന്‍റെ മുന്നില്‍ വരച്ചു കാണിക്കുന്ന അയാളുടെ സ്ഥിരപതിവ്. ഒരുതരത്തിലുമുള്ള പ്രോത്സാഹന പുഞ്ചിരിയോ, ശ്രദ്ധയോ മുഖത്ത് പ്രകാശിപ്പിക്കാതെ നിര്‍വികാരനായി ഞാന്‍ കടലാസില്‍ മാത്രം നോക്കിയിരുന്നു.

സംസാരം നീണ്ടു. മണിക്കൂറുകള്‍ ഓടിയകന്നു. കസേരയില്‍ നിന്ന് ഞാന്‍ നടുനിവര്‍ത്തി . ഔദേസ് തന്‍റെ വീക്കം വന്ന കാല്‍മുട്ടുകള്‍ തടവി അവിടെ നിന്നും എണീറ്റു.

'മഴക്കാറുണ്ട്. തുണിയെടുത്ത് അകത്തിടണം.'-ഔദേസിന്‍റെ സ്ഥിരം പല്ലവി.

കാര്‍മേഘ കണ്ണുകള്‍ എനിക്ക് മുന്നില്‍ പെയ്തു തുടങ്ങുന്നതിന് മുന്‍പ് അയാള്‍ ധൃതിയില്‍ പുറത്തിറങ്ങി നടന്നു.

ഔദേസിന്‍റെ ചിത്രങ്ങള്‍ക്ക് നിറം കൊടുക്കാനുള്ള പതിവ് കര്‍തവ്യം ഞാന്‍ വീണ്ടും ഏറ്റെടുത്തു.


പതിനാലോ പതിനഞ്ചോ വയസ്സിലാണ് കൊച്ചൗദേസ് വീട് ഉപേക്ഷിച്ച് ഇറങ്ങുന്നത്. കാരണങ്ങള്‍ ഓര്‍മയിലില്ല. സാമ്പത്തിക ഭദ്രതയിലെ ചോര്‍ച്ച അതിരുകവിഞ്ഞപ്പോള്‍ മറ്റൊരു താവളം തേടി ഓടിയതാകാം.

കിട്ടിയ ട്രെയിനുകളും ഉന്തുവണ്ടികളിലും അവന്‍ മാറി മാറി കയറി. ലക്ഷ്യമില്ലാത്ത ദൂരമറിയാത്ത യാത്രകള്‍. വിശപ്പ് വിട്ടൊഴിയുന്നില്ല.  സംസ്ഥാനങ്ങള്‍ കടന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭൂഭാഗത്ത് ഒടുവില്‍ യാത്ര നിലച്ചു.

വിശപ്പിന്‍റെ ശമനത്തിന് അവിടെയും പരിഹാരമില്ല. പകല്‍ മുഴുവന്‍ അലഞ്ഞുതിരിഞ്ഞ് വയറ് നിറയെ വെള്ളം മോന്തികുടിയ്ക്കും. തുടരെയുള്ള യാചനയ്ക്ക് ഒരു ചപ്പാത്തി കഷ്ണം ഭക്ഷണശാലയില്‍ നിന്നും എറിഞ്ഞു കിട്ടിയാല്‍ അനുഗ്രഹം!

ഉപേക്ഷിക്കപ്പെട്ട പഞ്ചസാര ചാക്കില്‍ രാത്രിയുറക്കം. ജോലിയന്വോഷിച്ച് ചെന്നാലോ, വേതനമായി മര്‍ദ്ദനവും. പണിയെടുക്കാന്‍ ധാരാളം കുട്ടികള്‍ എല്ലായിടത്തുമുണ്ട്. വിശപ്പകറ്റാനല്ലാതെ മറ്റൊരു ലക്ഷ്യവും അവര്‍ക്കുമില്ല. ഭാഷയറിയാത്തതിനാല്‍ കിട്ടുന്ന അടികള്‍ എന്തിന്‍റെ മൂലകാരണത്താലെന്ന് തിരിച്ചറിയാന്‍ പോലും കൊച്ചൗദേസിന് കഴിയുന്നില്ല.

ഒടുവില്‍ മാര്‍ഗം അവന്‍ സ്വയം തെളിയിച്ചു. മോഷണം!

വീട് കയറിയുള്ള മോഷണത്തിനുള്ള ധൈര്യമോ ശാരീരിക ബലമോയില്ല. പിന്നെ?

മാസക്കാല ഇടവേളകളില്‍ ഗ്രാമാന്തരങ്ങള്‍ തോറും ക്ഷേത്ര ഉത്സവങ്ങള്‍ നടത്താറുണ്ട്. ആളുകള്‍ തിങ്ങിക്കൂടും. 'വിശ്വാസം' പട്ടമായി പറന്നുയരുന്ന തക്കം നോക്കി മോഷണം നടത്തുക. സ്ത്രീകളുടെയും കുട്ടികളുടെയും മാലയും ആഭരണങ്ങളുമാണ് പ്രധാന ലക്ഷ്യങ്ങള്‍. അലക്ഷ്യമായ ജീവിതത്തില്‍ അങ്ങനെ കൊച്ചൗദേസ് ലക്ഷ്യങ്ങള്‍ കുറിച്ചിട്ടു.

സാഹചര്യം അത്രത്തോളം അനുകൂലമാണെങ്കില്‍ കീശയിലെ പണക്കിഴിയിലും അവന്‍ കൈയ്യിട്ടു നോക്കും.

കൊച്ചൗദേസിന് സന്തോഷമായി. നാലോ അഞ്ചോ നാള്‍ ഉറക്കമൊഴിച്ച് പണിയെടുത്താല്‍ ഒരു മാസത്തോളം സുഖമമായി കഴിയാം. സ്വര്‍ണ്ണത്തരി കിട്ടിയാല്‍ ദൈവത്തിന് സ്തുതി. വെള്ളിയാകുമ്പോള്‍ ദൈവസ്മരണ മങ്ങും. പാട്ടപ്പിച്ചളയാണെന്ന് തിരിച്ചറിയുമ്പോള്‍ ശാപം മാത്രം. ദരിദ്രവാസികള്‍ !

പണം ചോര്‍ന്നവസാനിക്കുമ്പോള്‍ അടുത്ത ഗ്രാമത്തിലേക്ക് അവന്‍ മാറി ചേക്കേറും. ഉത്സവങ്ങള്‍ കൊച്ചൗദേസിന്‍റെ വയറ് നിറച്ചു. ലക്ഷ്യബോധമുള്ളവനാക്കി. വിറയില്ലാതെ അന്യന്‍റെ മുതല്‍ സ്വന്തമാക്കാനുള്ള നൈപുണ്യം അവന്‍ നേടിയെടുത്തു.

മാസങ്ങള്‍ തിട്ടമില്ലാതെ നീങ്ങുന്ന കാലത്ത് സമപ്രായക്കാരനായ ഒരു ചെക്കന്‍ ഔദേസിന്‍റെ കൂടെക്കൂടി. ദിനേശന് സ്ഥലങ്ങളും വഴികളും മനഃപാഠം. ആദ്യമൊന്ന് മടിച്ചെങ്കിലും അവനെ കൊച്ചൗദേസ് കൂടെ കൂട്ടി . അവന്‍റെ ഭാഷ കൈക്കലാക്കുകയാണ് കൊച്ചൗദേസിന്‍റെ ലക്ഷ്യം!

ഒട്ടും അദ്ധ്വാനിയല്ല ദിനേശ്. ഉത്സവപറമ്പില്‍ ജോലി മറന്ന് വെറുതെ അവന്‍ കറങ്ങിനടക്കും. എല്ലാത്തിനും സംശയം. ഒരു മണ്ടന്‍ ചെക്കന്‍. മോഷണ രീതികള്‍ ആംഗ്യഭാഷയിലും മുറി ഹിന്ദിയിലും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പാഴ് വേലയാണെന്ന് കൊച്ചൗദേസ് തിരിച്ചറിഞ്ഞതോടെ വെറും തൊഴിലാളി മാത്രമായി ദിനേശിനെ കൂട്ടി. എന്നാല്‍ ദിവസം കഴിയുന്തോറും ദിനേശിന്‍റെ ഭാവം മാറിവന്നു. കട്ട മൊതലിന്‍റെ പകുതി തനിക്ക് അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതോടെ കൊച്ചൗദേസിന്‍റെ രോഷം തിളച്ചുപൊങ്ങി. ദിനേശിന്‍റെ മുഖത്തടിച്ചു.

'തരുന്നത് അങ്ങ് തിന്നോണം നായേ...' - കൊച്ചൗദേസ് മുതലാളിയായി.

വാചകം മുഴുവനായി ഭാഷാപരിവര്‍ത്തനം ചെയ്യാനുള്ള പാണ്ഡിത്യം കൊച്ചൗദേസിനില്ലാത്തതിനാല്‍ ഹിന്ദിയില്‍ അറിയാവുന്ന കു, മ, ബ അക്ഷരങ്ങള്‍ ചേര്‍ത്ത് അവനോട് വീണ്ടും അലറി. ആദ്യകാലത്ത് ചപ്പാത്തിക്കായി യാചിക്കുമ്പോള്‍ ഉടമസ്ഥര്‍ നീട്ടി വിളിച്ചിരുന്ന വാക്കുകളിലെ ആദ്യാക്ഷരങ്ങളാണ് അവയൊക്കെയും.

രാത്രിയായി. ജോലിയുണ്ട്. ഉത്സവത്തിന്‍റെ രണ്ടാം ദിവസമാണ്.

വലിയ തിരക്കില്ല. കുട്ടികളും സ്ത്രീകളും തീരെ കുറവ്. ഉള്ളവരിലാണെങ്കില്‍ കഴുത്തിലെ കറുത്ത വള്ളി ചരടുകളും ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയുന്ന വിലയില്ലാത്ത ആഭരണങ്ങളും മാത്രം. അവ ഓരോന്നും കൊച്ചൗദേസിനെ നോക്കി പല്ലിളിക്കുന്നു.

തിരക്ക് കുറഞ്ഞ മൂലയില്‍ തടിച്ച് കൊഴുത്ത ജുബ്ബയണിഞ്ഞ ഒരു മനുഷ്യന്‍ ബീഡി വലിച്ചു നില്‍ക്കുന്നു. ഔദേസ് അയാളുടെ കീശയില്‍ നോക്കി. കീശയില്‍ പേഴ്‌സുണ്ട്. കൈയ്യില്‍ സ്വര്‍ണ്ണ മോതിരങ്ങളും. അയാളുടെ തടിച്ച വിരലുകളില്‍ നിന്ന് മോതിരങ്ങള്‍ ഊരിയെടുക്കുന്നത് സാധ്യമല്ല. കീശയില്‍ കയ്യിടുന്നത് അതിലും ലളിതമാണ്. ജുബ്ബയായതിനാല്‍ കൈ കുടുങ്ങാതെ പെട്ടെന്ന് എടുക്കുകയും ചെയ്യാം.
കൊച്ചൗദേസ് ദിനേശിനോട് പരിസരം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു. ദിനേശ് ചുറ്റും നോക്കിയിട്ട് സുരക്ഷിതമാണ് ആംഗ്യം കാട്ടി.

കൊച്ചൗദേസ് പതിയെ അയാളുടെ അടുത്തേക്ക് നീങ്ങി. അയാളുടെ നിഴലിന്‍റെ പിറകില്‍ സ്ഥാനമുറപ്പിച്ചു. പതിയെ അയാളുടെ കീശയിലേക്ക് കൈനീട്ടി. അവന്‍റെ കൈകള്‍ പെരുമ്പാമ്പിന്‍റെ വായയേക്കാള്‍ വലുപ്പമുള്ളതായി മാറിയിരിക്കുന്നു. പണക്കിഴി വിഴുങ്ങാനായി അവ ഇരയെ അമര്‍ത്തി .

'പക്ടോ ഐസേ... യേ ഛോര്‍ ഹേയ്....'-ഉത്സവ കൂട്ടത്തില്‍ നിന്നും ആരോ വിളിച്ചു കൂവി.

കള്ളനെ നാട്ടുകാര്‍ കണ്ടിരിക്കുന്നു. അവന്‍റെയുള്ളില്‍ മിന്നലാളി. ഇരയെ വിഴുങ്ങാനായി നീണ്ട അവന്‍റെ കൈകള്‍ ആദ്യമായി പിടി വിട്ട് പ്രണരക്ഷാര്‍ഥം പിന്നിലേക്ക് വലിച്ചു.

മണ്ടന്‍ ദിനേശിനെ കൂട്ടി വന്നതാണ് കാരണം. അവനോട് ചുറ്റും ശ്രദ്ധിക്കാന്‍ പറഞ്ഞതാണ്. ബുദ്ധിയില്ലാത്ത കഴുതകളെ കൂടെ കൂട്ടാന്‍ പറ്റുന്ന തൊഴിലല്ല ഇത്. കൊച്ചൗദേസ് ദിനേശിനെയും കൂട്ടി ഓടാന്‍ തുനിഞ്ഞു. അപ്പോഴേക്കും തടിയന്‍ കൊച്ചൗദേസിന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു കഴിഞ്ഞു. കൊച്ചൗദേസ് മിന്നല്‍ വേഗത്തില്‍ ദിനേശിനെ നോക്കി. അവന്‍ ചൂണ്ടുവിരല്‍ നീട്ടിക്കൊണ്ട് വീണ്ടും ഉച്ചത്തില്‍ പറഞ്ഞു.

'ഛോര്‍ ഛോര്‍. പക്ടോ സാലാ...'

കൊച്ചൗദേസ് ഞെട്ടി. കള്ളനെ കള്ളന്‍ ചതിച്ചു. പകപൂണ്ട അവന്‍റെ കണ്ണുകള്‍ കൊച്ചൗദേസിനെ തുറിച്ചു നോക്കി. അവന്‍റെ കണ്ണുകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാന്‍ സമയമില്ല. രക്ഷപ്പെടേണ്ടതുണ്ട്.

തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ തടിയന്‍റെ കൈയ്യില്‍ ആഞ്ഞ് കടിച്ച് കൊണ്ട് കൊച്ചൗദേസ് കുതറി മാറിയതും അടുത്ത ചാട്ടത്തിന് മുന്‍പ് തടിയന്‍ കൈവീശി മുതുകത്ത് ഇടിച്ചതും ഒന്നിച്ചു തന്നെ. കരിങ്കല്ല് ചതയുന്ന ഇടി. എങ്കിലും അവന്‍ നിലത്ത് വീണ് പിടഞ്ഞ ശേഷം കഴിയും വേഗത്തില്‍ ഇരുട്ടിലേക്ക് ഓടിയൊളിച്ചു.

ചതിയുടെ ആദ്യ അദ്ധ്യായം കടലാസില്‍ കുറിച്ചിട്ടതിന് ശേഷം ഞാന്‍ വായിച്ചു നോക്കി. തരക്കേടില്ല!

പക്ഷേ മുഴുമിപ്പിക്കാതെ ഔദേസിന്‍റെ ഇറങ്ങി പോക്ക് എനിക്ക് ഇത്തവണ രസിച്ചില്ല. അയാളുടെ മുഖത്തെ പരിഭ്രമത്തിന് ഇതിലും കൂടുതല്‍ കഥ പറയാനുണ്ട്. എനിക്ക് ബാക്കി കേള്‍ക്കണമെന്നുണ്ട്.

കൊച്ചൗദേസിനെ പിടിക്കാനും പോലീസില്‍ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. അല്ല, ഗ്രാമമല്ലേ? അവിടെ തന്നെ വിചാരണ നടത്താനും ക്രൂശിക്കപ്പെടാനുമുളള സാധ്യതയാണ് മുഴച്ചു നില്‍ക്കുന്നത്!

ഇനി രക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ദിനേശിനെ വെറുതെ വിടില്ല. കൊച്ചൗദേസ് മുതലാളിയാണ്. ദിനേശ് തൊഴിലാളിയും. തൊഴിലാളിയെ വകവരുത്തിയേക്കാം. അതിന് ശേഷമുള്ള ഒളിവ് ജീവിതമാണ് ഇവിടെയെങ്കിലോ?

ഒരു കൊലപാതകിയുടെ ശൗര്യമോ കുറ്റബോധമോ ഔദേസിന്‍റെ മുഖത്ത് ഞാനിത് വരെ കണ്ടിട്ടില്ല. എങ്കിലും ഭൃത്യനായി കണക്കാക്കിയ അടിമ ചെക്കന്‍ ഒറ്റിക്കൊടുത്തത് കൊച്ചൗദേസ് അങ്ങനങ്ങ് പൊറുക്കോ?
പറഞ്ഞ് നിര്‍ത്തുന്നതിന് മുന്‍പ് കണ്ണുകള്‍ കലങ്ങാനും ശ്വാസം കിട്ടാതെ ചുമയ്ക്കാനും മറ്റെന്തെങ്കിലും കാരണം അപ്പോള്‍ അയാള്‍ക്ക് ഇനിയും പറയാനുണ്ടായിരിക്കണം.

ഞാന്‍ ഔദേസിന്‍റെ മുറിയിലേക്ക് കടന്നു ചെന്നു. അയാള്‍ ചൂല് കൊണ്ട് ചിലന്തിവല നീക്കുന്നു.

'ദിനേശിന് പിന്നെന്ത് സംഭവിച്ചു?'

അറിയില്ല, എന്തോ, എന്‍റെ ചിന്ത മുഴുവന്‍ ദിനേശിനെക്കുറിച്ചായിരുന്നു.


'നാശം ചെന്ന പല്ലിയ്ക്കും ചിലന്തിയ്ക്കും പാറ്റയ്ക്കും എന്‍റെ ഉറക്കം കെടുത്താണ്ട് സ്വസ്ഥതയില്ല. നശൂലങ്ങള്‍!'

എന്‍റെ ചോദ്യം ഗൗനിക്കാതെ ഔദേസ് പിറുപിറുത്തു. അയാളുടെ വിശേഷണ പുഞ്ചിരി എവിടെയോ ഇരുന്ന് അലമുറയിടുന്നത് എനിക്ക് കേള്‍ക്കാം. തടവറയിലെ ഇരുമ്പഴിക്കുള്ളില്‍ പാര്‍പ്പിച്ചിരിക്കുവാണെന്ന് തോന്നുന്നു.

'അന്ന് രാത്രിയെന്താ സംഭവിച്ചേ? നിങ്ങള്‍ എങ്ങോട്ടാ ഓടിയേ? ദിനേശനോ?'

ഞാന്‍ ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങള്‍ തൊടുത്തു. കുറച്ച് ഉച്ചത്തില്‍ തന്നെ!

ചൂല് നിലത്തിട്ടതിന് ശേഷം അയാള്‍ എന്നെ സൂക്ഷ്മമായി നോക്കി.

രണ്ടാം അദ്ധ്യായത്തിന്‍റെ ആരംഭം.

കൊച്ചൗദേസ് വിളക്ക് തെളിയാത്ത വഴികളിലൂടെ വഴിയറിയാതെ ഓടി. പുല്ലിനൊപ്പം ചിതറിക്കിടന്ന കുപ്പിചില്ല് അയാളുടെ കാലില്‍ തറച്ചുകയറി. വേഗം കുറഞ്ഞെങ്കിലും അവന്‍ ഓട്ടം നിര്‍ത്തിയില്ല. തടിയന്‍റെ ഇടികൊണ്ട മുതുക് സൂചി കുത്തുന്ന വേദനയില്‍ കോച്ചിപ്പിടിക്കുന്നുണ്ട്. നിവരാന്‍ പോലുമാകാതെ പാതി കുനിഞ്ഞാണ് ഓട്ടം. കാല്‍വെള്ളയിലെ നടുമദ്ധ്യത്തില്‍ തറച്ച കുപ്പിചില്ല് ഊരി കളഞ്ഞതിന് ശേഷം അവന്‍റെ ഓട്ടം പിന്നെയങ്ങോട്ട് ഒന്നര-കാലന്‍റെതായി.

പിന്നിലാരും പിന്തുടരുന്നില്ല എന്നുറപ്പിച്ചശേഷം കൊച്ചൗദേസ് വഴിയിലെ വീട്ടില്‍ ഓടിക്കയറി. നാക്ക് പുറത്തിട്ട് ഉമിനീര് ഇറ്റ് വീഴുന്ന പേ പിടിച്ച നായയെ കണ്ടമാത്രയില്‍ വീട്ടുകാര്‍ ആട്ടിയോടിച്ചു.

'ജാവോ യഹാ സേ...'

ഓടിയ വേളയില്‍ വലം വശം കറങ്ങി ഉരുണ്ടു വീണു. ചുണ്ടിലെ ഉമിനീരില്‍ മണ്ണ് പുരണ്ടു.

പതിയെ എണീറ്റ് വീണ്ടും ഇഴഞ്ഞു. കാലിലെ മുറിവ് നീറി പൊളിക്കുന്നു. ശ്വാസം വലിയ്ക്കാനാകാതെ നാക്കിന്‍റെ മൂന്നില്‍ രണ്ടു ഭാഗവും പുറത്തേക്ക് ചാടി. ഇടി കൊണ്ട് ചളുങ്ങിയ മുതുകിന്‍റെ വേദന വേറെയും. ദിനേശിനെ കുറിച്ച് ആലോചിക്കുവാന്‍ ഇതിനിടയില്‍ അവന്‍റെ 'സമയം' അനുവദിക്കുന്നില്ല.

ചത്തെന്ന് കരുതി ഓടയില്‍ നിന്നും ആരെക്കെയോ വലിച്ച് പുറത്തിട്ട ശേഷമാണ് പിറ്റേന്ന് കൊച്ചൗദേസ് കണ്ണ് തുറക്കുന്നത്. ജീവനുണ്ടെന്ന് മനസ്സിലായപ്പോള്‍ കൂടി നിന്നവര്‍ അവരുടെ വേല നോക്കി പോയി.

ഉള്ളും പുറവും ഒരുപോലെ വിശന്നു തുടങ്ങി. കീശയില്‍ ഒട്ടിക്കിടന്ന അവശേഷിച്ച നാണയം കൊടുത്ത് പാതി അരിഞ്ഞ സവാള കഷണം ചപ്പാത്തിയില്‍ ചുരുട്ടി അവന്‍ വിഴുങ്ങി. തൊണ്ട നിറയും വരെ വെള്ളവും മോന്തി കുടിച്ചു.

വഴിയും സ്ഥലവും ഒരു പിടിയുമില്ല.

ഒരു കാല്‍മുട്ട് തറയില്‍ മടക്കി അമര്‍ത്തി മറുകാലിന്‍റെ തള്ളവിരല്‍ കൊണ്ട് ശരീരം താങ്ങി കട്ട മുതലുകള്‍ കുഴിച്ചിട്ടിരുന്ന മരച്ചുവട്ടില്‍ എത്തിയ നേരം കൊച്ചൗദേസിനെ കാത്തിരുന്നത് അതിലും ഭീകരമായ ചതിയാണ്. 'പെരുച്ചാഴി' തനിയ്ക്ക് മുന്നേ വന്ന് കുഴി തോണ്ടിയിരിക്കുന്നു!

പെരുച്ചാഴി ദിനേശാണെന്ന് തിരിച്ചറിയാന്‍ നിമിഷനേരം പോലും ആവശ്യമായിരുന്നില്ല.

കള്ളന്‍ കൊച്ചൗദേസ് ഉറക്കെ കരഞ്ഞു. നിലത്തെ മണ്ണ് വാരി സ്വയം ശരീരത്തെറിഞ്ഞു.

'എനിക്ക് എല്ലാം നഷ്ടപ്പെട്ടു.'

പെട്ടെന്ന് അവന്‍ കരച്ചിലടക്കി , ചൂടു പാറുന്ന പൊടിമണലിന്‍റെ തരിശു തറയില്‍ കൈകള്‍ക്ക് മേല്‍ തലവെച്ച് സമാധാനത്തോടെ കണ്ണുകളടച്ചു.

'നഷ്ടപ്പെടാന്‍ അതിന് എന്‍റെതായി ഒന്നും ഉണ്ടായിരുന്നില്ലല്ലോ!'


ഔദേസ് കഥ നിര്‍ത്തി സ്വയം പുച്ഛിച്ചു കൊണ്ട് എന്നെ നോക്കി ചിരിച്ചു.

'കള്ളനെന്തിന് ശങ്കിക്കണം? കട്ട മുതല് ഒരിക്കലും സ്വന്താവില്ല!'

കുമ്പസാര കൂട്ടിലെ വിശ്വാസിയായി ഔദേസും, പാപിയുടെ പാപം ഒപ്പിയെടുക്കാന്‍ വന്ന കേള്‍വിക്കാരനായ വിശുദ്ധാത്മാവായി ഞാനും മാറ്റപ്പെട്ടു.

'എന്നിട്ട്? - പാപിയോടായി ഞാന്‍ ചോദിച്ചു.

പറഞ്ഞു മുഴുമിപ്പിക്കാതെ പോകാന്‍ കഴിയില്ലെന്ന് എന്‍റെ നോട്ടം കൊണ്ട് ഞാന്‍ അയാള്‍ക്ക് മുന്നറിയിപ്പ് നല്‍കി.


'വിശ്വാസി'യുടെ മൂന്നാം അദ്ധ്യായം ആരംഭിച്ചു.


വീണ്ടും യാത്രകള്‍. കക്കാനുള്ള അവന്‍റെ കഴിവ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. അലോചിക്കുമ്പോള്‍ തന്നെ ഭയം! എത്ര പ്രാവീണ്യമുണ്ടെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെട്ടശേഷം, ഉയരം കാണുമ്പോള്‍ ഏത് പരുന്തിന്‍റെയും നെഞ്ചിടിക്കും! ജുബ്ബക്കാരന്‍റെ ഇടിയുടെ വേദന ഇനിയും മാറിയിട്ടില്ല.

നടന്നലഞ്ഞതെന്നും ഓര്‍മയിലില്ല. ചത്ത് കളയാമെന്ന ചിന്ത മാത്രം പിന്തുടര്‍ന്നില്ല. പുതിയ  പ്രതിസന്ധികളാണല്ലോ മനുഷ്യനെ ഭീരുവാക്കുന്നതും സ്വയം ബലികഴിക്കാന്‍ നിര്‍ബന്ധിതനാക്കുന്നതും. കൊച്ചൗദേസിന് വിശപ്പും ദാഹവും അലച്ചിലും ശീലങ്ങളാണ്. പുതുമയില്ലാത്ത ശീലമായ പ്രതിസന്ധികളാണ് അവ ഓരോന്നും.

വഴികാട്ടിയ മണല്‍ത്തരികളോട് കഥ ചൊല്ലി ഒടുവില്‍ ലോഹ നിര്‍മാണ ശാലകളുടെ നടുവില്‍ അവന്‍ ബ്രേക്കിട്ടു. മണിക്കൂറുകള്‍ എണ്ണി നോക്കാത്ത അടിമയെ തിരയുന്ന മുതലാളികളുടെ ഫാക്ടറിയില്‍ കൊച്ചൗദേസും ചെന്ന് കയറി. കടച്ചില്‍ പ്രക്രിയോടൊപ്പം ചുറ്റും തെറിച്ചു വീഴുന്ന ലോഹച്ചീളുകള്‍ വാരി ചുമന്ന് തൂത്തു കൂട്ടുന്ന ജോലി തരപ്പെട്ടു.

ചെറിയ ശമ്പളവുമുണ്ട്, ഭക്ഷണമുണ്ട്. ലോഹച്ചീള് ശരീരത്തില്‍ വരയിടുന്ന രക്തമൊലിക്കുന്ന മുറിവുകളും , രാത്രിയും പകലും കാണാത്ത ജോലിയും അവന് ഒരു പ്രശ്‌നമേയായില്ല.

പുതിയ പുതുമയില്ലാത്ത ശീലമായി അവയും മാറി.

കാപ്പി, ഊണ്, ചായ, ചപ്പാത്തി. സ്വയം അധ്വാനിച്ച പണത്തില്‍ കൊച്ചൗദേസ് നാല് നേരം തിന്നാനായി വാ തുറന്നു തുടങ്ങി. ഇതില്‍പ്പരം മറ്റെന്ത് ആഢംബരം !

വര്‍ഷങ്ങള്‍ എണ്ണാതെ പണി ചെയ്തു. കൂടെ ജോലി ചെയ്തിരുന്ന മൂക്കുത്തി പെണ്ണിനോടൊപ്പം മറ്റൊരു ജീവിതത്തിന്‍റെ പടവുകളിലേക്കും ഔദേസ് കയറി.

കുഞ്ഞ് പിറന്നു. മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും കുഞ്ഞ് കുഞ്ഞായി തന്നെ കിടന്നു. തറയില്‍ വിരിച്ച പ്ലാസ്റ്റിക് പായില്‍ അനങ്ങാതെ ശബ്ദം കൊണ്ട് മാത്രം ശരീരത്തിലെ ജീവന്‍റെ ശേഷിപ്പ് അവന്‍ അറിയിച്ചു. തനിക്ക് പേരറിയാത്ത ചികിത്സയറിയാത്ത ആ രോഗത്തെ നോക്കി കൊച്ചൗദേസ് കരഞ്ഞും ശപിച്ചും നോക്കി.
ശമനമില്ല!
ഈ പ്രതിസന്ധി മാത്രം കൊച്ചൗദേസിന്‍റെ പുതുമയില്ലാത്ത ശീലമാക്കി മാറ്റിയില്ല. വര്‍ഷങ്ങള്‍ പിന്നിലേക്കോടി നാടിന്‍റെയും രക്തബന്ധത്തിന്‍റെയും വാസന ശ്വാസിക്കാന്‍ അവന് തോന്നലുണ്ടായി.
മരവിച്ച ശരീരമായി കിടക്കുന്ന മകനെയും അവശയായ ഭാര്യയെയും ഉപേക്ഷിച്ച് കൊച്ചൗദേസ് തിരികെ നാട്ടിലേക്ക് മടക്കം!

ഔദേസ് സംസാരം നിര്‍ത്തി നിലത്ത് കിടന്ന ചൂല് എടുത്തു. ചിലന്തിയോ മാറാലയോ ഇല്ലാത്ത ചുമരില്‍ അയാള്‍ വെറുതെ അടിച്ചു. അവിടം തൂത്ത് വൃത്തിയാക്കുന്നത് പോലെ അഭിനയിച്ചു.

സഹതാപത്തിന്‍റെയോ രോഷത്തിന്‍റെയോ ഏത് ഭാവമാണ് ഔദേസിന് മുന്നില്‍ കാട്ടേണ്ടതെന്നറിയാതെ ഞാന്‍ നിന്നു .

അയാള്‍ സ്വന്തം നരവീണ രോമത്തലയില്‍ വെറുതെ ചൊറിഞ്ഞു.

ഞാന്‍ യാതൊന്നും ഉരിയാടാനില്ലാതെ മുറിയില്‍ നിന്നും പുറത്തു കടക്കാന്‍ നോക്കി. ഇനിയുള്ള എന്‍റെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒട്ടും താല്‍പര്യമില്ലാത്ത വിഷയമാന്നെന്ന് തോന്നി. ഗുഹയില്‍ അകപ്പെട്ട പോലെ എനിക്ക് ശ്വാസം മുട്ടി.


ഔദേസ് എന്നെ ഉടന്‍ തടഞ്ഞു നിര്‍ത്തി.

'ജഗ്ജിത്തിന്‍റെ കാസറ്റ് വേണമെന്ന് പറഞ്ഞില്ലേ? വാ ഞാന്‍ എടുത്തു തരാം.'

അയാള്‍ തൊട്ടടുത്തുള്ള സദാ അടഞ്ഞു കിടന്ന മുറിയുടെ വാതില്‍ തുറന്നു. ശരിക്കും ഞാന്‍ അങ്ങനെ ഒരു കാര്യ ആവശ്യപ്പെട്ടിട്ടേയില്ല. അല്ലെങ്കില്‍ ഞാന്‍ മറന്നതായിരിക്കാം.

ഔദേസ് മുറിയുടെ ഉള്ളിലേക്ക് കടന്നു. ഞാന്‍ വാതിക്കല്‍ നിന്ന് അകത്തേക്ക് നോക്കി. ഒരു ചെറിയ കട്ടിലിന്‍റെ വലുപ്പമുള്ള മുറിയുടെ നിലത്തെ പായയില്‍ കൈകാലുകള്‍ കോച്ചിപ്പിടിച്ച അവസ്ഥയില്‍ കണ്ണുകള്‍ തുറന്ന് ഒരാള്‍ കിടക്കുന്നു.

'ഇവന് വേണ്ടിയിടുന്നതാണ് ഓരോ പാട്ടും!'
ഔദേസ് മിഴികള്‍ ചലിപ്പിക്കാതെ പുഞ്ചിരിച്ചു.

അയാളുടെ കണ്ണുകളിലെ നിറമില്ലാത്ത മരവിപ്പ് അടര്‍ന്നു വീണു. ശൂന്യത!
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios