തൃശൂര്‍ സിറ്റി പൊലീസ് പിടിച്ചെടുത്ത 58 കിലോ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കത്തിച്ച് നശിപ്പിച്ചു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന ഈ നടപടിക്ക് പുറമെ, മയക്കുമരുന്ന് കേസുകളില്‍ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ എന്‍.ഡി.പി.എസ്. നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

തൃശൂര്‍ : സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ കത്തിച്ച് നശിപ്പിച്ചു. 58 കിലോ കഞ്ചാവ്, 134 ഗ്രം മെത്തഫിറ്റമിന്‍,390 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് ചിറ്റിശ്ശേരിയിലെ മഹാദേവ ഓട്ടുകമ്പനിയിലെ ചൂളയില്‍ ഇട്ട് കത്തിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് നേതൃത്വം നല്‍കി. കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ലഹരി വസ്തുക്കള്‍ നശിപ്പിച്ചത്.പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് ഉയര്‍ന്ന ചൂളയില്‍ ഇട്ട് കത്തിച്ചത്.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവല്‍ക്കരണം പൊതുജനങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ലഹരിവസ്തുക്കള്‍ നശിപ്പിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 

കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍

മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട് വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ വീണ്ടും അതേ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കഠിനമായ ശിക്ഷ ഉറപ്പാക്കുന്ന നിയമനടപടികളാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

ഈ നിയമപ്രകാരം കുറ്റം ചെയ്യുകയോ, അതിന് ശ്രമിക്കുകയോ, പ്രേരണ നല്‍കുകയോ, തയ്യാറെടുപ്പുകള്‍ നടത്തുകയോ അല്ലെങ്കില്‍ ഗൂഢാലോചനയില്‍ പങ്കാളിയാവുകയോ ചെയ്ത് ശിക്ഷിക്കപ്പെട്ട ഒരാള്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ എന്‍.ഡി.പി.എസ്. നിയമത്തിലെ 31ാം വകുപ്പ് പ്രകാരം കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം രണ്ടാമതോ അതിനുശേഷമോ കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ആ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി കഠിന തടവിന്റെ ഒന്നര ഇരട്ടി വരെ തടവ് ശിക്ഷയായും, പരമാവധി പിഴത്തുകയുടെ ഒന്നര ഇരട്ടി വരെ പിഴയായും വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്.