കായംകുളം: വീട്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കരീലകുളങ്ങര കരുവറ്റും കുഴി ആഞ്ഞിലിക്കത്തറയിൽ സൂരജിന്‍റെ  (ഗോപൻ ) കെ എൽ 29 പി 2927 എന്ന വണ്ടിയാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കരീലകുളങ്ങര ജംഗഷൻ ഓട്ടോസ്റ്റാന്റിൽ നിന്നും ഓട്ടം പോയതിനു ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന വണ്ടി രാത്രി ഒരു മണിക്ക് ശേഷമാണ് കേടുപാട് വരുത്തിയത്.

രാത്രി ഗോപന്റെ വീട്ടിൽ വൈദ്യൂതി ഇല്ലായിരുന്നു. എന്നാൽ അടുത്ത വീടുകളിൽ വൈദ്യുതി ബന്ധം ഉണ്ടോ എന്നു നോക്കുന്നതിനായി ഗോപന്റെ അമ്മ പുറത്തേക്കു് വന്നപ്പോഴാണ് ഓട്ടോയുടെ സീറ്റും മുകളിലെ റെക്സിനും കീറിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഓട്ടോറിക്ഷ ഓടിച്ച കിട്ടുന്ന വരുമാനം കൊണ്ടു കുടുംബം പോറ്റുന്ന ഗോപന് നാട്ടിൽ ശത്രുക്കൾ ആരും ഇല്ലെന്നാണ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കരീലകുളങ്ങര പൊലീസ്  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.