തൃശൂരിൽ യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടി.
തൃശൂര്‍: യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മുഖ്യ പ്രതിയടക്കം നാല് പേര്‍ പിടിയില്‍. കേസിലെ പ്രധാന പ്രതിയായ കയ്പമംഗലം വഞ്ചിപ്പുര സ്വദേശി ശരത്ത് (31) നെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുമാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളായ കയ്പമംഗലം വഞ്ചിപുര സ്വദേശികളായ മിഥുന്‍ (30), മുകേഷ് (28), ഹരി (26) എന്നിവരെയും തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച കേസിലാണ് അറസ്റ്റ്. മെയ് 27ന് വൈകീട്ട് അഞ്ചേമുക്കാലോടെ കയ്പമംഗലം പുന്നക്കച്ചാല്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുന്നക്കച്ചാല്‍ സ്വദേശി സൂരജ് (44) ബൈക്കില്‍ പോകുമ്പോള്‍ 'എന്താടാ തുറിച്ച് നോക്കുന്നത്' എന്ന് ശരത്ത് ചോദിച്ചു. സൂരജ് ബൈക്കില്‍ നിന്നിറങ്ങി ശരത്തിനോട് തര്‍ക്കിച്ചു. തര്‍ക്കത്തിനൊടുവില്‍ ബൈക്കില്‍ കയറി പോകാന്‍ ശ്രമിച്ച സൂരജിനെ ശരത്ത് ബിയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചെന്നാണ് പരാതി.
ആക്രമണത്തില്‍ സൂരജിന്റെ നെറ്റിയില്‍ ആഴത്തിലുള്ള മുറിവേല്‍ക്കുകയും തലയോട്ടിക്ക് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് സൂരജിന്റെ സഹോദരിയുടെ പരാതിയില്‍ കയ്പമംഗലം പോലീസ് വധശ്രമത്തിന് കേസെടുത്തത്. ശരത്ത് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിനായി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒമാനിലേക്ക് പോകാനായി പ്രതി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയും വിവരം തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയുമായിരുന്നു.
ശരത്ത് കയ്പമംഗലം, മതിലകം, അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധികളിലായി രണ്ട് അടിപിടി കേസുകളിൽ അടക്കം അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കയ്പമംഗലം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബിജിത്ത് കെ ടി, എഎസ്ഐ രാജേഷ്, സിപിഒമാരായ സുനില്‍, ജോസഫ്, വിപിന്‍ ദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
