വയനാട്: രാജ്യത്ത് ആദ്യമായി ജലവിതരണത്തിന് ഡിജിറ്റൽ സംവിധാനമൊരുക്കി വയനാട്ടിലെ മേപ്പാടി ഗ്രാമ പഞ്ചായത്ത്. മൊബൈൽ ആപ്ലിക്കേഷൻ വഴി ഉപഭോക്താവിന് ആവശ്യാനുസരണം ജലം ലഭിക്കുന്ന ഡിജിറ്റൽ വെള്ളവിതരണ പദ്ധതിയിലൂടെ ജലസംരക്ഷണവും സാധ്യമാകും.

ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ചതാണ് മേപ്പാടിയിലെ ജനങ്ങൾ വെള്ളത്തിന് ആശ്രയിക്കുന്ന ജല സംഭരണി. ഇതടക്കം മൂന്ന് ജല സംഭരണികളെ കോർത്തിണക്കി ആണ് നൂതന ജലവിതരണ സംവിധാനം വരുന്നത്. ഡിജിറ്റൽ വെള്ള വിതരണമെന്ന് കേട്ട് ഞെട്ടാൻ വരട്ടെ. സംഗതി ലളിതമാണ്. മൊബൈൽ ഫോണിൽ  ഇൻസ്റ്റാൾ ചെയ്ത ആപ് വഴി ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം വെള്ളം ശേഖരിക്കാം. 

പമ്പ് ചെയ്യാൻ ഓപ്പറേറ്ററെ കാത്ത് നിൽക്കേണ്ട. പണവും ഓൺലൈൻ ആയി അടക്കാം. വിതരണ ലൈനിലെ പ്രശ്നങ്ങളും സോഫ്റ്റ്വെയറിൽ തന്നെ അറിയാം. ഡിജിറ്റൽ  വിതരണ സംവിധാനം സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ആദ്യം. 

ഏഷ്യൻ സോഫ്റ്റ് എന്ന കമ്പനിയാണ് മേപ്പാടി ഗ്രാമപഞ്ചായത്തുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്. 58 ലക്ഷം രൂപയാണ് ചെലവ്. ഇത്  വിവിധ ഘട്ടമായി ആണ് നൽകുക. പണം നൽകാത്തവരുടെ കണക്ഷൻ  പഞ്ചായത്തിന് ബ്ളോക്ക്  ചെയ്യാനും ഡിജിറ്റൽ വെള്ളവിതരണ സംവിധാനത്തിൽ എളുപ്പമാണ്.