തൊഴുത്ത് നിര്‍മിക്കന്‍ രണ്ട് മുളയെടുക്കാന്‍ പോലും തങ്ങളെ അനുവദിക്കാത്ത ഉദ്യോഗസ്ഥര്‍ റിസോര്‍ട്ട്കാരോട് കാണിക്കുന്നത് അങ്ങേയറ്റത്തെ മൃദുസമീപനമാണെന്ന് സുല്‍ത്താന്‍ബത്തേരി വള്ളുവാടിയിലെ കര്‍ഷകര്‍ പറയുന്നു. 

കല്‍പ്പറ്റ: വയനാട്ടിലെ സാധാരണക്കാര്‍ക്ക് മാത്രമാണ് വനനിയമങ്ങള്‍ ബാധകമെന്ന് വനാതിര്‍ത്തികളില്‍ ജീവിക്കുന്ന കര്‍ഷകര്‍. അനധികൃത റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പെരുകിയതിന് കാരണം വനംവകുപ്പിന്റെ ഉദാര സമീപനമാണെന്നാണ് ഇവരുടെ ആരോപണം. സ്ഥാപനങ്ങള്‍ ഒന്നുമില്ലാതെ വിനോദ സഞ്ചാരികളെ വാഹനത്തില്‍ കൊണ്ടുവന്ന് ടെ്ന്റ് അടിച്ച് താമസിപ്പിച്ച് പണംവാങ്ങുന്ന സംഘങ്ങള്‍ പോലും വയനാട്ടിലുണ്ടെന്ന് വയനാട് ടൂറിസം അസോസിയേഷന്‍ നേതാവ് പറഞ്ഞു. 

വനസംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകര്‍ അടക്കമുള്ള സാധാരണക്കാരോട് വനംവകുപ്പിന്റെ പെരുമാറ്റം മോശമാണ്. വര്‍ഷങ്ങളായി വന്യമൃഗങ്ങളുടെ ശല്ല്യവും സഹിച്ച് വനാതിര്‍ത്തികളില്‍ ജീവിതം കരുപിടിപ്പിക്കുന്നവരോട് മറ്റൊരു മുഖമാണ് വനംഉദ്യോഗസ്ഥര്‍ക്ക്. വനത്തില്‍ നിന്ന് പുല്‍നാമ്പ് പോലും എടുക്കരുതെന്ന് പറയുന്ന ഇവര്‍ എങ്ങനെയാണ് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് കാട് കയറാനും ടെന്റ് അടിക്കാനും അനുവാദം നല്‍കുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. തൊഴുത്ത് നിര്‍മിക്കന്‍ രണ്ട് മുളയെടുക്കാന്‍ പോലും തങ്ങളെ അനുവദിക്കാത്ത ഉദ്യോഗസ്ഥര്‍ റിസോര്‍ട്ട്കാരോട് കാണിക്കുന്നത് അങ്ങേയറ്റത്തെ മൃദുസമീപനമാണെന്ന് സുല്‍ത്താന്‍ബത്തേരി വള്ളുവാടിയിലെ കര്‍ഷകര്‍ പറയുന്നു. 

ആദിവാസികളെപ്പോലും വിറകോ മറ്റോ എടുക്കാന്‍ അനുവദിക്കാതെ തടയും. അതേ സമയം ടൂറിസത്തിന്റെ പേരില്‍ പ്ലാസ്റ്റികും മറ്റുമായി പുറത്തുനിന്നെത്തുന്നവരെ കാടിനുള്ളിലേക്ക് കൊണ്ടുപോകുന്ന റിസോര്‍ട്ടുകാര്‍ക്ക് ഇവര്‍ ഒത്താശ ചെയ്യുകയാണ്. മുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുകയും കര്‍ഷകരെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് വനംവകുപ്പിനുള്ളതെന്ന് കര്‍ഷകനായ റെജി പറഞ്ഞു. രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇതുവരെയും വകുപ്പ് സ്വീകരിച്ചിട്ടില്ല. 

അതേ സ്ഥാനത്ത് കാടിനരികെ പണിയുന്ന റിസോര്‍ട്ടുകളിലേക്ക് മിക്ക സൗകര്യങ്ങളും ഒരുക്കി നല്‍കുന്നു. വന്യമൃഗശല്യം രൂക്ഷമായതിനാല്‍ ആറ് വര്‍ഷമായി കൃഷിയിറക്കിയിട്ടില്ലെന്ന് വള്ളുവാടിയിലെ കര്‍ഷകനായ കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെയും ടൂറിസം രംഗത്തെ പ്രമുഖ സംഘടനകളുടെയും കണക്കില്‍ ജില്ലയില്‍ അഞ്ചൂറിലധികം സ്ഥാപനങ്ങള്‍ മാത്രമാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നതെത്രേ. ഇതില്‍ തന്നെ കാടിനോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കുറവുമാണ്. 

എന്നാല്‍ 2500 നടത്ത് സ്ഥാപനങ്ങള്‍ അനൗദ്യോഗികമായി ടൂറിസം രംഗത്തുണ്ടെന്നാണ് പറയുന്നത്. ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നിയമവിധേയമായി പ്രവര്‍ത്തുന്ന റിസോര്‍ട്ടുകളുടെയും മറ്റും കണക്കുകള്‍ ശേഖരിച്ചു വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ഈ രംഗത്തെ കള്ളനാണയങ്ങളെ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വയനാട് ടൂറിസം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനീഷ് പി. നായര്‍ പറഞ്ഞു.