മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നേരിട്ട് കണ്ട നിർധന കുടുംബങ്ങളുടെ അവസ്ഥ മനസ്സിലാക്കിയ സ്ഥാനാർത്ഥി സൗജന്യമായി നൽകുന്നത് നാല് കുടുംബങ്ങൾക്ക് വീടുവെക്കാനുള്ള ഭൂമി. തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനവിധി അംഗീകരിച്ചുകൊണ്ട് വീണ്ടും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയാണ് സാജിദ ഹൈദർ. പെരുവള്ളൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് ഈ കൗതുക കാഴ്ച.

വാർഡിലെ പറച്ചിനപുറായ ഭാഗത്ത് വീടില്ലാത്ത പാവപ്പെട്ട നാല് കുടുംബംങ്ങൾക്ക് വീടിനുള്ള സ്ഥലം സൗജന്യമായി നൽകികൊണ്ട് അതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്ന് സെൻറ് വീതമാണ് നാല് കുടുംബങ്ങൾക്ക് നൽകുന്നത്. മുസ്ലിംലീഗിലെ താഹിറ കരീമിനോട് 42 വോട്ടിന്റെ വ്യത്യാസത്തിലാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിച്ച സാജിദ ഹൈദർ പരാജയപ്പെട്ടത്. പരാജയപ്പെട്ടെങ്കിലും വാക്കുപാലിക്കാൻ തയ്യാറായ സാജിദ ഹൈദറിനെ തേടി നിരവധിപേരുടെ അഭിനന്ദനങ്ങളാണ് എത്തുന്നത്.