കൊല്ലം: സ്വന്തമായി ഭൂമിയും വീടും ഇല്ലാത്ത കുടുംബങ്ങള്‍ക്ക് വീട് വക്കാൻ ഭൂമി നൽകി മാതൃകയാവുകയാണ് കരുനാഗപ്പള്ളി സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍. ഒമ്പത് കുടുംബങ്ങള്‍ക്കാണ് സ്വന്തം പേരിലുള്ള ഭൂമി ഇവര്‍ വീതിച്ച് നല്‍കിയത്.

തൊയിടൂർ കൊച്ചുവിള വീട്ടിലെ ഇരട്ട സഹോദരങ്ങളായ രാജൻപിള്ളയുടെയും വിജയൻപിള്ളയുടെയും ഏറെനാളത്തെ ആഗ്രഹമാണ് ഈ ഓണനാളില്‍ സാക്ഷത്കരിച്ചത്. ഇരുവരുടെയും പേരിലുള്ള 52 സെന്‍റ് വസ്തുവും വഴിയുമാണ് തൊടിയൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പത് കുടുംബങ്ങള്‍ക്കായി നല്‍കിയത്. ഭൂരഹിതരെ കണ്ടെത്താന്‍ പഞ്ചായത്ത് തലത്തില്‍ പ്രത്യേകസമിതിക്ക് രൂപം നല്‍കി. ഇവർ നല്‍കിയ പട്ടിക അനുസരിച്ചാണ് ഭൂമിനല്‍കിയത്.

ജനപ്രതിനിധികളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ ഒമ്പത് കുടുംബങ്ങള്‍ക്കും ഭൂമി കൈമാറി. ഭൂമി കിട്ടിയ അഞ്ച് കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കാനുള്ള പഞ്ചായത്ത് തലത്തിലുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഭൂരഹിതർക്ക് ഭൂമി കണ്ടെത്തി നല്‍കാൻ സര്‍ക്കാർ പോലും ബുദ്ധിമുട്ടുമ്പോഴാണ് സഹോദരങ്ങളുടെ ഈ ഓണസമ്മാനം.