മലപ്പുറം: കാഴ്ചയില്ലാത്തവർക്കായുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പൊതു ലൈബ്രറി മലപ്പുറത്ത് പ്രവർത്തനം തുടങ്ങി. സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രവർത്തിക്കുന്ന ലൈബ്രറി മലപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിലാണ് നിർമിച്ചത്.

വായനാ ദിനത്തിലാണ് കാഴ്ചയില്ലാത്തവർക്കായുള്ള ബ്രെയിൽ ലൈബ്രറിയുടെ പ്രവർത്തനം തുടങ്ങിയത്. അക്കാദമിക് പുസ്തകങ്ങളും വിവിധ ഭാഷകളിലുള്ള കഥ, കവിത, നോവലുകൾ എന്നിവയും ലൈബ്രറിയിലുണ്ട്. ഓഡിയോ റെക്കോഡുകളും ഒരുക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ 500 പുസ്തകങ്ങളാണ് ലഭ്യമാവുക. വില കൂടുതലായതിനാൽ ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങൾ കാഴ്ചയില്ലാത്തവർക്ക് പലപ്പോഴും കിട്ടാറില്ല. ലൈബ്രറി ഉപയോഗം പൂർണമായും സൗജന്യമാണെന്നിരിക്കെ കാഴ്ചയില്ലാത്ത വായനക്കാർക്ക് വലിയ അനുഗ്രമാണ് പൊതു ലൈബ്രറി. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.