പൊലീസ് സ്റ്റേഷനിൽ അവധിയിലുള്ള ഉദ്യോഗസ്ഥന്റെ പേര് ഉപയോഗിച്ചാണ് യുവാവ് ജ്വല്ലറി ജീവനക്കാരെ സമർത്ഥമായി പറ്റിച്ചത്. രണ്ട് പവനിലേറെ തൂക്കമുള്ള സ്വർണാഭരണമാണ് ഇയാൾ തട്ടിയത്
കാസർകോട്: പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തി ജ്വല്ലറിയിൽ കയറി, കടക്കാർക്ക് സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചു. ഇതേപേരുള്ള പൊലീസുകാരൻ അവധി ആയപ്പോൾ ജ്വല്ലറിയിൽ എത്തി. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങി. ജ്വല്ലറി ജീവനക്കാർ പൊലീസിൽ സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്ത് അറിയുന്നത്. 2.60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി മനുവിനായി വല വിരിച്ചിരിക്കുകയാണ് ബേക്കൽ പൊലീസ്. ഇയാൾ പലയിടത്തുമായി നിരവധി പേരെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പാണ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നടന്നത്. 27ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽരാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ആണ് വാങ്ങി.
പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. 2രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു. അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പൊലീസ് പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം മേടിച്ചില്ലെന്നു മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തി. സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 260500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു.
കൊല്ലം സ്വദേശിയാണെന്നും 7 മാസമായി ബേക്കലിൽ സ്റ്റേഷനിൽ ജോലി ചെയ്ത് വരികയാണെന്നും ഉദുമ മുദിയക്കാലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പൊലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്നും ഉടമ പറയുന്നത്. ബേക്കൽ എസ്.ഐ അഖിൽ സെബാസ്റ്റ്യനാണ് കേസ് അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെയാണ് മനു വെന്ന തട്ടിപ്പ് വീരനാണ് ഇയാളെന്ന് പൊലീസിന് വ്യക്തമായത്.ഇതിന് മുമ്പ് കാസർകോട് അടക്കം പല ജില്ലകളിലും ഇയാൾക്കെതിരെ കേസ് ഉള്ളതായി പൊലീസ് പറഞ്ഞു.


