നിലക്കൽ: ശബരിമല പ്രധാന ഇടത്താവളമായ നിലക്കലിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. നിലക്കൽ കുടിവെള്ള പദ്ധതിക്ക് ജലവിഭവവകുപ്പ്  120 കോടി അനുവദിച്ചതോടെയാണ് ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെയും ശബരിമലയോട് ചേർന്ന ഗ്രാമങ്ങളിലേയും കുടിവെള്ള പ്രശ്നത്തിന് പരിഹാരമേകാനുള്ള വഴി തെളിഞ്ഞത്.

ശബരിമല പ്രധാന ഇടത്താവളമായി നിലക്കലിനെ മാറ്റിയപ്പോൾ നേരിട്ട പ്രധാന പ്രതിസന്ധി ആവശ്യത്തിന് ജല സ്രോതസ്സുകൾ ഇല്ലാത്തതായിരുന്നു. ടാങ്കറുകളിൽ എത്തിച്ച വെള്ളമായിരുന്നു തീർത്ഥാടന കാലത്ത് ഭക്തരുടെ ആശ്രയം. ഈ സാഹചര്യത്തിലാണ് 120 കോടി മുടക്കി നിലക്കൽ പദ്ധതി നടപ്പാക്കാൻ ജലവിഭവ വകുപ്പ് ഒരുങ്ങുന്നത്.

മൂഴിയാർ ജലപദ്ധതിയിൽ നിന്ന് വൈദ്യുതോത്പാദനം നടത്തിയശേഷം ഒഴുക്കിവിടുന്ന വെള്ളം ശുദ്ധീകരിച്ചാണ് നിലക്കലിലെത്തിക്കുക. ഇതിനായി 13 എംഎൽഡി ശേഷിയുള്ള ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിക്കും. വനഭൂമിയിൽ പൈപ്പ് സ്ഥാപിക്കുന്നതിനുള്ള തടസ്സം നീക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് റാന്നി എം എൽ എ  രാജു എബ്രഹാം  അറിയിച്ചു.

മൂന്ന് പമ്പിങ്ങ് സ്റ്റേഷനുകളും മൂന്ന് ജലസംഭരണികളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. പെരുനാട് പഞ്ചായത്തിലെ തുലാപ്പള്ളി, പമ്പാവാലി, അട്ടതോട് പ്രദേശങ്ങളിലുള്ളവർക്കും സീതത്തോട് പഞ്ചായത്തിലുള്ളവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പദ്ധതി നടത്തിപ്പിനായി 72 കോടിയാണ് പ്രാഥമികമായി അനുവദിച്ചിരിക്കുന്നത്. അടുത്ത മണ്ഡലമാസ തീർത്ഥാടന കാലത്തിന് മുൻപ് തന്നെ പദ്ധതി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.