സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാടിനകത്ത് നിന്നും നാട്ടിലേക്ക് മാറ്റിതാമസിപ്പിച്ച ആദിവാസികളോട് അവഗണന തുടരുന്നു. വീടും ജോലിയും വാഗ്ദാനം ചെയ്താണ് ബത്തേരി ചെതലയത്തുള്ളവരെ കുടിയിറക്കിയത്. എന്നാൽ ഇന്ന് കുടിലുകളില്‍ ഒരുനേരത്തെ ഭക്ഷണത്തിനുപോലും വകയില്ലെന്നാണ് ഇവര്‍ പറയുന്നത്. റേഷന്‍ കാർഡ് പോലും പലകുടംബങ്ങള്‍ക്കും നല്‍കിയിട്ടില്ല. 

പ്രദേശവാസികളുടെ സഹായം ആശ്രയിച്ച് ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. അധികൃതരോട് പരാതി പറഞ്ഞ് മടുത്തെന്ന് ആദിവാസികള്‍ പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് ആറ് ആദിവാസി കുടുംബങ്ങളെ ചെതലയം ഫോറസ്റ്റ് റേഞ്ചിലെ കൊമ്മഞ്ചേരി കോളനിയില്‍നിന്നും കാടതിർത്തിയായ കൊമ്പന്‍കൊല്ലി കോളനിയിലേക്ക് വനംവകുപ്പ് മാറ്റി താമസിപ്പിച്ചത്. 

നല്ലവീടും 10 ലക്ഷം രൂപയും മറ്റ് സൗകര്യങ്ങളും ഒരുക്കിനല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഇവരെ പുനരധിവസിപ്പിച്ചത്. എന്നാല്‍ പഴയവീട് പൊളിച്ചെടുത്ത് ഇവിടെ പുനർനിർമ്മിച്ചതല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍പോലും അധികൃതർ ഇവർക്ക് ഇതുവരെ ഒരുക്കിയിട്ടില്ല.

വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍ക്കലായിരുന്നു ഇവരുടെ തൊഴില്‍, ഇപ്പോള്‍ അതിനും പോകാനാകുന്നില്ല. റേഷന്‍കാർഡിന് അപേക്ഷിച്ചിട്ട് മൂന്ന് കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ കാർഡ് അനുവദിച്ച് നല്‍കിയത്. ഇനിയും അവഗണന തുടർന്നാല്‍ കാട്ടിലേക്ക് തന്നെ തിരിച്ചുപോകാനാണ് ഇവരുടെ തീരുമാനം.