കൊല്ലം കുണ്ടറയിൽ ഉത്സവത്തിനിടെ യുവതിയെ മർദ്ദിച്ചെന്ന ആരോപണത്തിന് പിന്നാലെ, എസ് ഐ കിരൺ പോലീസ് സ്റ്റേഷനിൽ വ്ലോഗർക്കായി ഫോട്ടോഷൂട്ട് നടത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എസ്ഐ സ്ഥിരം പ്രശ്നക്കാരനാണെന്ന് ആരോപിച്ച് മുൻമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ രംഗത്തെത്തി
കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷനിലെ എസ് ഐ കിരൺ പൊലീസ് സ്റ്റേഷനിൽ ചിത്രീകരിച്ച യൂണിഫോമിലുള്ള ഫോട്ടോ ഷൂട്ടിൻ്റെ ദൃശ്യങ്ങളും വിവാദത്തിൽ. കൊല്ലം സ്വദേശിയായ വ്ലോഗറുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് 700K ആയതിന്റെ പ്രൊമോഷന് വേണ്ടിയാണ് സ്റ്റേഷനിൽ ഫോട്ടോ ഷൂട്ട് നടത്തിയത്. പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് യുവാവിനെ മർദ്ദിക്കുന്നതായിട്ടാണ് ചിത്രീകരിച്ചത്. കുണ്ടറയിലെ ഉത്സവപ്പറമ്പിൽ ആഘോഷത്തിനിടയിൽ എസ് ഐ കിരൺ പെൺകുട്ടിയെ മർദിച്ചെന്ന ആരോപണത്തിന് തൊട്ടുപിന്നാലെയാണ് നിയമവിരുദ്ധമായി സ്റ്റേഷനിൽ ഫോട്ടോ ഷൂട്ട് നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുന്നത്. യുവതിയെ മർദ്ദിച്ചതിന് പിന്നാലെ എസ്ഐക്കെതിരെ മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും എംഎൽഎ വിഷ്ണുനാഥും അടക്കമുള്ള ജനപ്രതിനിധികൾ രംഗത്തെത്തിയിരുന്നു.
എസ് ഐ സ്ഥിരം പ്രശ്നക്കാരനെന്ന് ജനപ്രതിനിധികൾ
ഭർത്താവിനും ഭർതൃ സഹോദരിക്കുമൊപ്പം ഉത്സവം കാണാൻ എത്തിയ യുവതിയെ ആണ് എസ്ഐ മർദിച്ചത്. ഘോഷയാത്രക്കിടയിൽ വാഹനത്തിൽ തയ്യാറാക്കിയ ഡിജെ പ്രവർത്തിപ്പിക്കുന്നതിനെ പൊലീസ് എതിർത്തു. വാഹനത്തിലുണ്ടായിരുന്ന യുവാവിനെ പോലീസ് ബലം പ്രയോഗിച്ച് താഴെ ഇറക്കാൻ ശ്രമിക്കവെ യുവതിയുടെയും ഭർത്താവിന്റെയും ശരീരത്തിലേക്ക് വീണു. ഇത് സംബന്ധിച്ച് പൊലീസിനോട് ചോദ്യം ചോദിച്ചപ്പോഴാണ് എസ് ഐ കിരൺ മർദിച്ചതെന്ന് യുവതി പറഞ്ഞു. ഭർത്താവിനെ വാഹനത്തിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മർദ്ദനമേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ് ഐ ക്കെതിരെ മുഖ്യമന്ത്രിക്കും എസ്പിക്കും യുവതി പരാതി നൽകി. ഇതോടെ യുവതിക്കും ഭർത്താവിനും എതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചു എന്നതാണ് വകുപ്പ്. യുവതി മദ്യപിച്ച് പ്രശ്നമുണ്ടാക്കി എന്നും എഫ്ഐആറിൽ രേഖപ്പെടുത്തി. എന്നാൽ ആശുപത്രി രേഖകളിൽ യുവതി മദ്യപിച്ചിരുന്നതിന്റെ യാതൊരു തെളിവുകളും ഇല്ല. പരാതിയുമായി പോയാൽ റിമാൻ്റ് ചെയ്യുമെന്ന് യുവതിയുടെ ഭർത്താവിനെ പോലീസ് ഭീഷണി പെടുത്തുകയും ചെയ്തു.
എസ് ഐ നേരത്തെയും നിരന്തരം ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ളതായി വിവിധ നേതാക്കൾ ആരോപിച്ചു. യുവതിയ്ക്കും കുടുംബത്തിനും നേരെ ഉണ്ടായത് ക്രൂര മർദ്ദനമെന്ന് എം എൽ എ പി സി വിഷ്ണുനാഥ് പറഞ്ഞു. എസ് ഐ കിരൺ സ്ഥിരം പ്രശ്‌നക്കാരനെന്ന് മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും കുറ്റപ്പെടുത്തി. പല തവണ ഇത്തരത്തിൽ നിരപരാധികൾക്ക് നേരെ അക്രമം നടത്തിയയാളാണ് എസ് ഐ കിരൺ എന്ന് ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടവും ആരോപിച്ചു.
