പാലക്കാട്: ഡിജിറ്റൽ പണമിടപാടിൽ മാതൃകയാകുകയാണ് പാലക്കാട്ടെ ഒരു നാട്ടിൻപുറം. തപാൽവകുപ്പിന്റെ ക്യൂ ആർ ആപ്ലിക്കേഷൻ വഴിയാണ് ഇവിടുത്തെ വിനിമയങ്ങളെല്ലാം നടക്കുന്നത്. പാലക്കാട് ആലത്തൂരിനടുത്ത് പാടൂരെന്ന നാട്ടിൻപുറമാണ് ഡിജിറ്റൽ പണമിടപാട് രംഗത്ത് വേറിട്ട് നിൽക്കുന്നത്.

ഡിജിറ്റൽ വിനിമയം പ്രോത്സാഹിപ്പിക്കാനും ആളുകളെ പോസ്റ്റോഫിസുകളിലേക്ക് അടുപ്പിക്കാനുമായി തപാൽ വകുപ്പിറക്കിയ സംവിധാനമാണ് പാടൂരിനെ സ്മാർട്ടാക്കിയത്. പലവ്യഞ്ജന കടകൾ, ബേക്കറി, റേഷൻകട തുടങ്ങി പെട്ടിക്കടകളിൽ വരെ കറൻസി രഹിത ഇടപാട്.

രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട 4214 ഗ്രാമങ്ങളിലാണ് തപാൽവകുപ്പ് ഇന്ത്യ പോസ്റ്റ് പെയ്മെന്‍റെ ബാങ്ക് സംവിധാനം നടപ്പാക്കുന്നത്. പോസ്റ്റോഫിൽ അക്കൗണ്ട് ഉളള ആർക്കും ഡിജിറ്റൽ വിനിമയത്തിന്‍റെ ഭാഗമാകാം.

'ചില്ലറ' തർക്കങ്ങൾ ഒഴിവാക്കാനായതോടെ ഉപഭോക്താക്കളും, സർവ്വീസ് ചാർജ്ജില്ലാത്തതിനാൽ വ്യാപാരികളും ഹാപ്പി. പാലക്കാട് പാടൂരിൽ നടപ്പാക്കി വിജയം കണ്ടെത്തിയതോടെ കൂടുതലിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് തപാൽവകുപ്പ്.