പീച്ചി ഡാം സന്ദര്‍ശിക്കാൻ എത്തുന്നവും പ്രദേശവാസികളും വിനോദത്തിനും കുളിക്കാനുമായി റിസര്‍വോയറിൽ ഇറങ്ങുന്നതാണ് അപകടമുണ്ടാക്കുന്നത്.

തൃശൂര്‍: മരണക്കെണിയായി പീച്ചി ഡാം റിസര്‍വോയര്‍. ഡാം റിസര്‍വോയറില്‍ കുളിക്കാൻ ഇറങ്ങുന്നവരുടെ മുങ്ങിമരണം പതിവാവുകയാണ്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയ മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയുടെ ദാരുണാന്ത്യവും നാടിനെ നടുക്കി.

പീച്ചി ഡാം സന്ദര്‍ശിക്കാൻ എത്തുന്നവും പ്രദേശവാസികളും വിനോദത്തിനും കുളിക്കാനുമായി റിസര്‍വോയറിൽ ഇറങ്ങുന്നതാണ് അപകടമുണ്ടാക്കുന്നത്. ജലോപരിതലം ശാന്തമായി കാണപ്പെടുമെങ്കിലും ആഴവും ചുഴിയും തിട്ടപ്പെടുത്താന്‍ കഴിയാതെ ഇറങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മൂന്നു യുവാക്കളാണ് പീച്ചി റിസര്‍വോയറിലെ ആനവാരിയില്‍ വഞ്ചി മറിഞ്ഞു മരിച്ചത്. 

നാലുപേര്‍ സഞ്ചരിച്ചിരുന്ന വഞ്ചി ആഴമുള്ള ഭാഗത്ത് മറിയുകയായിരുന്നു. വാണിയമ്പാറ ആനവാരി സ്വദേശികളായ അഭിലാഷ്, സിറാജ്, വിപിന്‍ എന്നിവരാണ് മരിച്ചത്. പീച്ചി ഡാമിന്റെ ഏറ്റവും താഴ്ചയുള്ള ഭാഗത്തായിരുന്നു അപകടം. രണ്ട് അപകടങ്ങളും നടന്നത് രാത്രിയോട് അടുപ്പിച്ചതായതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് നിരവധി തടസങ്ങളും നേരിട്ടു. 

2022ല്‍ വാണിയംപാറ പാലാപറമ്പില്‍ കുരിയാക്കോസ് എന്ന 42 കാരനാണ് മരിച്ചത്. ക്രിസ്മസ് ദിനത്തില്‍ ഉച്ചയോടെ വെള്ളത്തിലിറങ്ങിയ കുര്യാക്കോസ് മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. പീച്ചിഡാമിലോ, അപകടമുണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങളിലോ മതിയായ മുന്നറിയിപ്പു ബോര്‍ഡുകളും നിയന്ത്രണങ്ങളും ഇല്ലാത്തതാണ് അപകടം വര്‍ധിപ്പിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം