കൊച്ചി: നഗര സുരക്ഷയ്ക്കായി പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പൂർണ്ണമായും കണ്ണടച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്ന കൊച്ചി നഗരത്തിലെ 99 ക്യാമറകളിൽ നാല് ക്യാമറ മാത്രമാണ് പ്രവർത്തിക്കുന്നത്. ഹൈക്കോടതി പരിസരമടക്കം അതീവ സുരക്ഷാ പ്രധാന്യമുള്ള സ്ഥലങ്ങളിലെ ക്യാമറകൾ പണിമുടക്കിയിട്ട് എട്ട് മാസമായിട്ടും പരിഹരിക്കാനുള്ള നടപടി ഒന്നുമായില്ല.

63 ഫിക്സഡ് ക്യാമറകളും, 33 ഡോം ക്യാമറകളും അടക്കം 99 ക്യാമറകണ്ണുകളായിരുന്നു നഗരത്തെ സദാസമയവും നിരീക്ഷിക്കാൻ സ്ഥാപിച്ചിരുന്നത്. പക്ഷെ, ജില്ലാ പൊലീസ് മേധാവി നൽകുന്ന വിവരാവകാശ രേഖയിൽ കൊച്ചി നഗരത്തിൽ പൊലീസ് ക്യാമറകൾ മുഴുവൻ കണ്ണടച്ചിരിക്കുകയാണെന്ന് വ്യക്തമാണ്. പള്ളിമുക്കിലെയും തേവരയിലെയും നാല് ക്യാമറകൾ ഒഴികെ മറ്റൊന്നും പ്രവർത്തിക്കുന്നില്ലെന്നാണ് പൊലീസ് തന്നെ വ്യക്തമാക്കുന്നത്. സൗത്ത് റയിൽവേ സ്റ്റേഷൻ, മേനക ജംഗ്ഷൻ, ജഡ്ജസ് അവന്യു, ഹൈക്കോടതി ജംഗ്ഷൻ, വൈറ്റില ഹബ്ബ് അടക്കം നഗരത്തിലെ ഏറ്റവും തിരക്കേറിയതും അതീവ സുരക്ഷാ പ്രാധാന്യമുള്ളതുമായ സ്ഥലങ്ങളിലൊന്നും ക്യാമറകൾ പ്രവർത്തിക്കുന്നില്ല. 

2018 ആഗസ്റ്റ് മുതൽ ഡസംബർ വരെയുള്ള കാലയളവിനുള്ളിലാണ് ക്യാമറകൾ ഘട്ടംഘട്ടമായി പ്രവർത്തന രഹിതമായിട്ടുള്ളതെന്ന് പൊലീസ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. പ്രവർത്തിക്കാത്ത ക്യാമറകൾ ശരിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പൊലീസ് കൃത്യമായ മറുപടിയും നൽകിയിട്ടില്ല. നഗരപരിധിയിൽ കുറ്റകൃത്യങ്ങൾ ഉണ്ടായാൽ പൊലീസിന് ആദ്യം ആശ്രയിക്കാവുന്നത് സുരക്ഷാ ക്യാമറകളെയാണ്. പക്ഷെ ക്യാമറ കണ്ണടച്ചതോടെ സ്വാകാര്യ സ്ഥാപനങ്ങളെയാണ് പൊലീസ് പലപ്പോഴും ആശ്രയിക്കുന്നത്.