ആലപ്പുഴ: സ്കൂളുകൾ തുറന്നില്ലെങ്കിലും ഓൺലൈൻ വഴി പഠനം തുടരുന്നുണ്ട് കുട്ടികൾ.  ഈ ക്ലാസ് കഴിഞ്ഞാൽ  കളിയും തമാശയും ഒക്കെയായി സമയം ചെലവഴിക്കുന്നവരാണ് കുട്ടികളിൽ ഭൂരിഭാഗവും. എന്നാൽ ആദിത്യനും, അഭിമന്യുവും, അദ്വൈതിനും പഠിക്കാൻ വേറെയുമുണ്ട് പാഠങ്ങൾ. 

തനിക്കായി കഷ്ടപ്പെടുന്ന അച്ഛന് തുണയേകണമെന്ന് അവർ ഓരോരുത്തരുടെയും നിശ്ചയമാണ്. അതിനായി  റോഡരികിൽ  പച്ചക്കറി കച്ചവടത്തിന്റെ തിരക്കിലാണ് അവർ. കൂട്ടുകാർ ഓൺലൈൻ ക്ലാസും കഴിഞ്ഞ് ടിവി കണ്ടും കളിച്ചും സമയം കളയുമ്പോൾ ഈ മൂവർ സoഘത്തിന് ഇതിനൊന്നിനും സമയം കളയാനില്ല. 

ഒമ്പതും 12-ഉം 14 ഉം വയസുള്ള കുട്ടികളാണിവർ. കുട്ടികളുടെ ഊർജത്തിൽ അവശതകൾ മറക്കുകയാണ് ഡ്രൈവറായ അച്ഛൻ ശെൽവരാജ്. ആലപ്പുഴ കരളകം വാർഡിൽ വാടക വീട്ടിലാണ്  ശെൽവരാജിന്റെയും കുടുംബത്തിന്റെയും താമസം. 

ആദ്യം സ്വർണ്ണപ്പണിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നുള്ള ചികിത്സ കഴിഞ്ഞപ്പോൾ ആ പണി നിർത്തുകയായിരുന്നു. കെട്ട കാലത്തെ പോരാട്ടം അതിജീവനത്തിന്റെ പുതിയ കഥ രചിക്കുമെന്ന് തന്നെയാണ് ഈ കുട്ടികളുടെ ആത്മവിശ്വാസം.