പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ താമസിക്കുന്ന കരിമുൽ ഹക്ക് ഒരു തോട്ടം തൊഴിലാളിയാണ്. 32 വർഷങ്ങൾക്ക് മുൻപ് ആംബുലൻസ് വിളിക്കാനുള്ള പണമില്ലാത്തതിന്റെ പേരിൽ അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട അമ്മയെ നഷ്ടപ്പെടുകയുണ്ടായി. കൃത്യസമയത്ത് ആശുപത്രിയിൽ കൊണ്ടുപോകാനായെങ്കിൽ അമ്മയെ രക്ഷിക്കാമായിരുന്നു എന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടി. ഒടുവിൽ തന്നെ പോലെ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ തന്റെ ഇരുചക്രവാഹനത്തെ ആംബുലൻസാക്കി മാറ്റി അദ്ദേഹം. എന്നാൽ, അദ്ദേഹത്തിന്റെ ഈ ആത്മാർത്ഥത നിറഞ്ഞ സമീപനം ഗ്രാമവാസികൾ പരിഹസിച്ചുതള്ളി. പക്ഷേ, വർഷങ്ങൾ പോയതോടൊപ്പം അദ്ദേഹത്തിന്റെ നന്മ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ഇന്ന്, ‘ബൈക്ക്-ആംബുലൻസ്-ദാദ’ എന്നറിയപ്പെടുന്ന ഹക്ക് ദുർബലരും രോഗികളുമായ ഗ്രാമീണരുടെ കാണപ്പെട്ട ദൈവമാണ്, പ്രതീക്ഷയാണ്... ഏത് പാതിരാത്രിയും അദ്ദേഹത്തിന്റെ അടുക്കൽ അവർക്ക് ചെല്ലാം. അദ്ദേഹത്തിന്റെ ബൈക്കിൽ സൗജന്യമായി അദ്ദേഹം അവരെ ആശുപത്രിയിൽ എത്തിക്കും. ഹക്കിന്റെ മഹനീയമായ ഈ സേവനത്തിന് 2017 -ൽ രാജ്യം പദ്മ ശ്രീ നൽകി അദ്ദേഹത്തിനെ ആദരിച്ചു. 

1995 -ലാണ് ഹക്കിന് തന്റെ അമ്മയെ നഷ്ടപ്പെട്ടത്. “അർദ്ധരാത്രിയിൽ അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായി. പക്ഷേ, ഞങ്ങൾക്ക് അമ്മയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞില്ല. അമ്മ മരണവെപ്രാളമെടുത്ത് പിടയുന്നത് കരഞ്ഞുകൊണ്ട് നോക്കി നിൽക്കാനേ ഞങ്ങൾക്കായുള്ളൂ. പിറ്റേന്ന് വെളുപ്പിനെ അമ്മ മരിച്ചു. എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല" അദ്ദേഹം പറഞ്ഞു. നാലുവർഷത്തിനുശേഷം, പാർട്ട് ടൈം ജോലി ചെയ്തിരുന്ന തേയിലത്തോട്ടത്തിൽ ഒരു സഹപ്രവർത്തകൻ ഇതുപോലെ രോഗബാധിതനായി. ഹക്ക് തന്റെ മാനേജരുടെ ബൈക്ക് കടമെടുത്ത് അന്ന് ആ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചു. “ഒരു ജീവൻ രക്ഷിക്കാൻ കഴിയുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. എന്റെ അമ്മയുടെ ഗതി ഇനി ആർക്കും ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു" അദ്ദേഹം പറയുന്നു. 

പതുക്കെ, സൈക്കിളിലോ സൈക്കിൾ റിക്ഷകളിലോ അദ്ദേഹം രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ തുടങ്ങി. 2007 -ൽ സെക്കൻഡ് ഹാൻഡ് മോട്ടോർ ബൈക്ക് വാങ്ങാൻ അയൽക്കാരനിൽ നിന്ന് 7,000 രൂപ അദ്ദേഹം കടം വാങ്ങി. തുടർന്ന് അതിൽ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ തുടങ്ങി. രണ്ട് വർഷത്തിന് ശേഷം, ഒരു ടിവിഎസ് 110 വാങ്ങാനായി അദ്ദേഹം ബാങ്ക് വായ്പ എടുത്തു. 

അദ്ദേഹത്തിന്റെ സേവനത്തെ കുറിച്ചറിഞ്ഞ ബജാജ് 2016 -ൽ അദ്ദേഹത്തിന് സൈഡ് കാറുള്ള ഒരു ബൈക്ക് സമ്മാനമായി നൽകി. തുടർന്ന് നിരവധി സംഭാവനകൾ അദ്ദേഹത്തിന് ലഭിച്ചു. ഇന്ന് രണ്ട് സാധാരണ ആംബുലൻസുകളും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ഡോക്ടർമാരുടെ  ശിക്ഷണത്തിൽ സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത അദ്ദേഹത്തിന് ഇന്ന് താപനിലയും, രക്തസമ്മർദ്ദവും അളക്കാനും, പ്രഥമശുശ്രൂഷ നൽകാനും അറിയാം. ഗോത്രമേഖലകളിൽ ആരോഗ്യ ക്യാമ്പുകളും അദ്ദേഹം നടത്തുന്നു. പകർച്ചവ്യാധിയുടെ ഈ സമയങ്ങളിൽ, അദ്ദേഹം കൂടുതൽ തിരക്കിലാണ്. 

ഇപ്പോൾ ഹക്ക് ദരിദ്രർക്കും ജോലിയില്ലാത്ത കുടിയേറ്റ തൊഴിലാളികൾക്കും ഭക്ഷണവും റേഷനും വിതരണം ചെയ്യുന്നു. സംഭാവനകളുടെ സഹായത്തോടെ, ഹക്ക് ആയിരത്തോളം പേർക്ക് റേഷനും 200 കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും നൽകുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കാനായി അദ്ദേഹം ആളുകളെ നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇതെല്ലാം ചെയ്യാൻ സാധിക്കുന്നത് പ്രധാനമായും സംഭാവനകൾ വഴിയാണ് എന്നദ്ദേഹം പറയുന്നു. 

അദ്ദേഹം പ്രതിമാസം തുച്ഛമായ തുകയാണ് സമ്പാദിക്കുന്നത്. എന്നാൽ, എല്ലാ വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, ഒരു രോഗിയെ പോലും ആശുപത്രിയിൽ അദ്ദേഹം എത്തിക്കാതിരുന്നിട്ടില്ല. അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ പകുതിയിലധികവും ബൈക്കിന് ഇന്ധനത്തിനും പാവപ്പെട്ടവർക്കുള്ള മരുന്നുകൾക്കുമായിട്ടാണ് ചെലവഴിക്കുന്നത്. ബാക്കിയുള്ളത്, മറ്റുള്ളവർ നൽകുന്ന സംഭാവനകൾ വഴിയും. ജീവിതത്തിൽ ഒരുപാട് സ്വത്തോ പണമോ ഒന്നും അദ്ദേഹത്തിന് സമ്പാദിക്കാനായില്ലെങ്കിലും, വിലമതിക്കാനാകാത്ത ഒരു ഹൃദയത്തിന്റെ ഉടമയാണ് അദ്ദേഹം. ഒരുപാട് പേരുടെ ജീവിതത്തിന്റെ വെളിച്ചമാണ് ഇന്ന് ആ ‘ബൈക്ക്-ആംബുലൻസ്-ദാദ’.