Asianet News MalayalamAsianet News Malayalam

മുംബൈ നഗരത്തെ ആ മഹാമാരി വിഴുങ്ങിയപ്പോള്‍ താങ്ങായി നിന്നത് ഈ ഡോക്ടര്‍...

പ്ലേഗ് കണ്ടുപിടിക്കുന്നതിനും രോഗികളെ കുത്തിവയ്ക്കുന്നതിനും പുറമേ, ചേരികളെ വൃത്തിയാക്കാനും പ്ലേഗിന്റെ വാഹകരായ എലികളെ ഉന്മൂലനം ചെയ്യാനും തീവ്രവും വ്യാപകവുമായ പ്രചാരണം ഡോ. വീഗാസ് ആരംഭിച്ചു.

Bubonic Plague in Mumbai
Author
Mumbai, First Published Mar 20, 2020, 2:24 PM IST

കൊവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ നാശം വിതക്കുമ്പോള്‍, സ്വാഭാവികമായും സ്വന്തം ജീവൻ പോലും മറന്ന് രോഗികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും, ആരോഗ്യപ്രവർത്തകരെയും ഒരിക്കലും മറക്കാൻ സാധിക്കില്ല. അവർ ചെയ്യുന്ന ത്യാഗങ്ങൾ ഒരിക്കലും വിലമതിക്കാനാകാത്തതാണ്. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ഇതുപോലെ ഭീതി വിതച്ച മറ്റൊരു രോഗമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുംബൈയിൽ പടർന്നുപിടിച്ച ബ്യൂബോണിക് പ്ലേഗ് എന്ന പകർച്ചവ്യാധി. ഇതുമൂലം മുംബൈയിൽ ആയിരക്കണക്കിനാളുകൾ മരണപ്പെടുകയും, ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടാവുകയും നിരവധി താമസക്കാർ പലായനം ചെയ്യുകയും ചെയ്‍തു. ഇന്നത്തെപോലെ തന്നെ അന്നും ഈ മാരകമായ രോഗത്തിനെതിരെ മുൻ‌നിരയിൽ നിന്നു പോരാടിയത് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആണ്.

അവർ രാവും പകലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി പരിശ്രമിച്ചു. ബ്യൂബോണിക് പ്ലേഗിനിടെ തന്റെ ജീവൻപോലും വകവയ്ക്കാതെ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിച്ചയാളാണ് ഡോ. അക്കാസിയോ ഗബ്രിയേൽ വീഗാസ്. നഗരത്തിൽ ഈ പകർച്ചവ്യാധിയുടെ ഉത്ഭവം കണ്ടെത്തുകയും, നിരവധി ജീവൻ രക്ഷിക്കാൻ സഹായിക്കുകയും, കൂടാതെ 18,000 -ത്തോളം ആളുകൾക്ക് കുത്തിവയ്‍പ്പെടുക്കുകയും ചെയ്‍തു അദ്ദേഹം. സ്വന്തം ജീവൻ പണയം വച്ചാണ് അദ്ദേഹം ഈ രക്ഷാപ്രവർത്തനത്തിന് മുതിർന്നത് എന്ന് മറന്നുകൂടാ. 

1856 ഏപ്രിൽ 1 -ന് ഗോവയിലെ അർപോറ ഗ്രാമത്തിലാണ് ഡോ. വീഗാസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം അദ്ദേഹം മുംബൈയിലേക്ക് പുറപ്പെട്ടു. അവിടെ മെട്രിക്കുലേഷനെത്തുടർന്ന്, ഗ്രാന്‍റ് മെഡിക്കൽ കോളേജിൽ ചേർന്നു. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ഏതാനും വർഷങ്ങൾക്കിടയിൽ, ഡോ. വീഗാസ് ബോംബെയിലെ മാന്ദ്‌വിയിൽ അറിയപ്പെടുന്ന ഒരു ഡോക്ടറായി മാറി. 1888 -ൽ ബോംബെ മുനിസിപ്പൽ കോർപ്പറേഷനിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഒരുപക്ഷേ, അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഗോവൻ അദ്ദേഹമായിരിക്കും.   

1896 സെപ്റ്റംബറിലാണ് ഡോ. വീഗാസ് ബ്യൂബോണിക് പ്ലേഗിന്റെ ആദ്യ കേസ് കണ്ടെത്തുന്നത്. പോർട്ട് ട്രസ്റ്റ് എസ്റ്റേറ്റിലെ മാണ്ഡവിയിലാണ് ഡോ. വീഗാസിന്റെ ഡിസ്പെൻസറി സ്ഥിതിചെയ്യുന്നത്. ഇടുങ്ങിയതും തിങ്ങിനിറഞ്ഞതുമായ തെരുവുകളുടെ ഒരു ദരിദ്ര പ്രദേശമായിരുന്നു അത്. കെട്ടിടങ്ങൾക്കിടയിൽ മാലിന്യക്കൂമ്പാരവും മലിനജലവും അടിഞ്ഞുകിടന്നു. ഇതുകണ്ട് വിഷണ്ണനായിത്തീർന്ന ഡോക്ടർ ഈ അവസ്ഥകളെക്കുറിച്ച് മുനിസിപ്പൽ കോർപ്പറേഷൻ യോഗങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. 1896 സെപ്റ്റംബർ 18 -ന് ഉച്ചയ്ക്ക് ലുക്മിബായി എന്ന രോഗിയെ കാണാൻ അദ്ദേഹം പോവുകയുണ്ടായി. ആ രോഗി മൂന്നു ദിവസമായി ഉറങ്ങിയിട്ടില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. വളരെ ക്ഷീണിതയായ അവർ കഷ്‍ടപ്പെട്ട് എഴുന്നേറ്റിരുന്നു. അവരുടെ കണ്ണുകൾക്ക് രക്തനിറമായിരുന്നു. അവരുടെ നാഡീവ്യൂഹത്തിൽ ഓറഞ്ചിന്റെ വലുപ്പമുള്ള ഒരു ഗ്രന്ഥിവീക്കം ഉണ്ടായിരുന്നു. അവരുടെ താപനില 104.2 ആയിരുന്നു. പൾസ് നിരക്ക് 140 ഉം. അദ്ദേഹം മരുന്ന് നിർദ്ദേശിച്ചുവെങ്കിലും വൈകുന്നേരമാകുമ്പോഴേക്കും അവരുടെ അവസ്ഥ വഷളായി. അടുത്ത ദിവസം അദ്ദേഹം കാണാൻ ചെന്നപ്പോഴേക്കും അവർ മരിച്ചു. അവരുടെ മരണത്തിന്റെ വേഗതയിൽ അതിശയിച്ച അദ്ദേഹം, ബ്യൂബോണിക് പ്ലേഗുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയിച്ചു.  

സമാനമായ രോഗലക്ഷണങ്ങൾ കാണിക്കുന്ന മറ്റൊരു രോഗിയെയും അദ്ദേഹം കണ്ടു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ 50-60 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. താൻ ഭയന്നത് തന്നെ സംഭവിച്ചു എന്നദ്ദേഹത്തിന് തോന്നി. 1896 -ന്റെ അവസാനത്തോടെ, ആഴ്‍ചയിൽ 1,900 പേരെങ്കിലും മരിക്കുന്നതായി റിപ്പോർട്ടുകൾ വന്നു തുടങ്ങി. പലരും സ്വാഭാവികമായും നഗരം വിട്ട് ഓടിപ്പോയി. നഗരത്തിലെ ജനസംഖ്യ 1891 -ലെ സെൻസസിലെ 820,000 -ൽ നിന്ന് 1901 -ലെ സെൻസസ് പ്രകാരം 780,000 ആയി കുറഞ്ഞു.

ഈ പകർച്ചവ്യാധിയെ നേരിടാൻ കഴിയാതെ ഭരണകൂടം സ്‍തംഭിച്ചു. ഡോ. വീഗാസ് ഈ രോഗത്തെക്കുറിച്ച് ഗവേഷണം നടത്തി ബ്യൂബോണിക് പ്ലേഗ് ആണതെന്ന് തിരിച്ചറിഞ്ഞു. ഡോ. വീഗാസിന്റെ കണ്ടെത്തലുകൾ സത്യമാണോ എന്നറിയാൻ, പ്രാദേശിക ഭരണകൂടം സ്വതന്ത്ര വിദഗ്‍ദരുടെ നാല് ടീമുകളുണ്ടാക്കി. അവരുടെ ഔദ്യോഗിക അന്വേഷണത്തിൽ പ്ലേഗ് ബാധിച്ച എലികളുടെ വലിയ കൂട്ടം മറ്റ് പ്രദേശങ്ങളിലേക്ക് നീങ്ങുകയും പകർച്ചവ്യാധി വലിയ രീതിയിൽ പടരുകയും ചെയ്യുന്നുവെന്ന് കണ്ടെത്തി.   

രോഗനിർണയം ശരിയാണെന്ന് തെളിഞ്ഞപ്പോൾ, കോളറ വിരുദ്ധ വാക്സിൻ വികസിപ്പിച്ചെടുത്ത ബാക്ടീരിയോളജിസ്റ്റ് ഡബ്ല്യു.എം. ഹാഫ്‌കൈനിനെ ഗവർണർ ബോംബെയിലേക്ക് ക്ഷണിച്ചു. പക്ഷേ, ആ ദൗത്യം ഒട്ടും എളുപ്പമായിരുന്നില്ല. ഒരു താൽക്കാലിക ലബോറട്ടറിയിൽ മൂന്നുമാസം നിർത്താതെ പ്രവർത്തിച്ച അദ്ദേഹം താമസിയാതെ മനുഷ്യ പരീക്ഷണങ്ങൾക്ക് തയ്യാറായ ഒരു വാക്സിൻ വികസിപ്പിച്ചു. വാസ്‍തവത്തിൽ, അദ്ദേഹം ആദ്യമായി സ്വന്തം ശരീരത്തിൽ തന്നെയാണ് ആ വാക്സിൻ പരീക്ഷിച്ചത്. ചില മോശം പാർശ്വഫലങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വാക്‌സിൻ വഴി മരണ സാധ്യത 50 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചു.  

പ്ലേഗ് കണ്ടുപിടിക്കുന്നതിനും രോഗികളെ കുത്തിവയ്ക്കുന്നതിനും പുറമേ, ചേരികളെ വൃത്തിയാക്കാനും പ്ലേഗിന്റെ വാഹകരായ എലികളെ ഉന്മൂലനം ചെയ്യാനും തീവ്രവും വ്യാപകവുമായ പ്രചാരണം ഡോ. വീഗാസ് ആരംഭിച്ചു. എന്നിരുന്നാലും, കടുത്ത ദുരിതത്തിനും ദാരിദ്ര്യത്തിനും ഇടയിലായിരുന്നു ജനങ്ങൾ. നൂറുകണക്കിന് ചേരികൾ മുനിസിപ്പൽ അധികൃതർ നശിപ്പിച്ചു. അതുപോലെ തന്നെ പ്ലേഗ് നിയന്ത്രിക്കാൻ മറ്റ് നടപടികളിലേയ്ക്ക് അവർ കടന്നു. ആളുകളെ വലിയ തോതിൽ കുടിയൊഴിപ്പിക്കുക, മേളകൾ പോലുള്ള ആളുകൾ കൂടുന്ന ചടങ്ങുകൾ നിരോധിക്കുക, റെയിൽ, കപ്പൽ വഴി നഗരത്തിലേക്ക് പ്രവേശിക്കുന്ന ആളുകളെ സൂക്ഷ്‍മപരിശോധനയ്ക്ക് വിധേയരാക്കുക തുടങ്ങിയ മാർഗ്ഗങ്ങൾ ഭരണകൂടം സ്വീകരിച്ചു. എന്നാൽ, ദുഃഖകരമായ കാര്യം, ഇത്രയൊക്കെ ചെയ്‍തിട്ടും രോഗം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ തുടങ്ങിയെന്നതാണ്.    

രണ്ട് പതിറ്റാണ്ടുകളായി പ്ലേഗ് ഇന്ത്യയെ ഗുരുതരമായി തകർത്തു. 1896 ഓഗസ്റ്റിൽ ബോംബെ നഗരത്തിൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് കുറഞ്ഞത് പന്ത്രണ്ട് ദശലക്ഷം ആളുകളെങ്കിലും മരണപ്പെട്ടു. ചില പട്ടണങ്ങളിൽ ഒരു സീസണിൽ നൂറുകണക്കിന് ആളുകളാണ് മരിച്ചത്. പരിഭ്രാന്തിയും, ഭയവും ആളുകളെ പിടികൂടി. ബോംബെ പോലുള്ള മഹാനഗരങ്ങളും പഞ്ചാബിനെപ്പോലുള്ള മുഴുവൻ പ്രവിശ്യകളും സാമൂഹ്യ ക്രമക്കേടിന്‍റെയും തകർച്ചയുടെയും വക്കിലെത്തി.  

എന്നിരുന്നാലും, നഗരത്തിലെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഡോ. വീഗാസ് അപ്പോഴും തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം ബോംബെ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട നഗര പിതാവെന്ന നിലയിൽ ഔദ്യോഗിക ജീവിതത്തിനിടയിലും, ഡോ. വീഗാസ് ശുചിത്വവും പൊതുജനാരോഗ്യവും സംബന്ധിച്ച കാര്യങ്ങളിൽ സുരക്ഷ ഉറപ്പു വരുത്തുക തന്നെ ചെയ്‍തു. അതേസമയം, പൊതുഗതാഗത നിരക്ക്, വൈദ്യുതി ചെലവ് എന്നിവ കുറയ്ക്കുക, ദരിദ്രർക്ക് സൗജന്യമായി മിഡ്‍വൈഫ് സേവനങ്ങൾ ഉറപ്പാക്കുക, ഒടുവിൽ സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്നിവയ്ക്കായി അദ്ദേഹം പ്രവർത്തിച്ചു. 

അവിശ്വസനീയമായ പൊതുസേവനത്തിനുശേഷം, 1933 ഫെബ്രുവരി 21 -ന് അദ്ദേഹം അന്തരിച്ചു. ഇന്നത്തെ മെട്രോ ഐനോക്സ് സിനിമാസിന് എതിർവശത്തുള്ള കോവസ്‍ജി ജഹാംഗീർ ഹാളിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച് ഈ ശ്രദ്ധേയമായ പൊതുസേവകനെ മുംബൈ ഇപ്പോഴും ഓർക്കുന്നു. തന്റെ മഹത്തായ ഇച്ഛാശക്തി, ധൈര്യം, സ്ഥിരോത്സാഹം എന്നിവയിലൂടെ ഡോ. വീഗാസ് മുംബൈ നഗരത്തെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിലൊന്നിലൂടെ കടന്നുപോകാൻ സഹായിച്ചു. അദ്ദേഹത്തിന്റെ അമൂല്യമായ സേവനവും, മറ്റുള്ളവരെ രക്ഷിക്കാൻ അദ്ദേഹം കാണിച്ച അർപ്പണബോധവും ഡോക്ടർമാർക്കും നഴ്‍സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇന്നും ഒരു പ്രചോദനമാണ്.   

Follow Us:
Download App:
  • android
  • ios