ബീച്ച് റിസോർട്ടുകളും മഴക്കാടുകളും നിറഞ്ഞ മനോഹരമായ ഒരു പശ്ചിമ ആഫ്രിക്കൻ രാജ്യമാണ് ഐവറി കോസ്റ്റ്. പക്ഷേ, അവിടത്തെ ഒരു പ്രധാന പ്രശ്‍നമാണ് പ്ലാസ്റ്റിക് മാലിന്യം. എല്ലാ ദിവസവും, അവിടെ 288 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഉല്പാദിപ്പിയ്ക്കപ്പെടുന്നത്. ഇവയിൽ ഏകദേശം അഞ്ച് ശതമാനം മാത്രമേ പുനരുപയോഗം ചെയ്യുന്നുള്ളൂ. ഇങ്ങനെ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യം കുട്ടികളിൽ പലവിധ രോഗങ്ങൾക്കും കാരണമാകുന്നു. എന്നാൽ, ഐവറി കോസ്റ്റിലെ ഒരു സമൂഹം യുണിസെഫുമായി സഹകരിച്ച് ഇങ്ങനെ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ ഇഷ്ടികകളാക്കി മാറ്റി അവിടത്തെ കുഞ്ഞുങ്ങൾക്ക് പഠിക്കാനുള്ള സ്‍കൂളുകൾ പണിയുകയാണ്.  

ഐവറി കോസ്റ്റിൽ 800,000 -ത്തിലധികം കുട്ടികളാണ് സ്‍കൂളിൽ പോകാൻ കഴിയാതെ ദാരിദ്ര്യത്തിൽ കഴിയുന്നത്. ഇനി സ്‍കൂളിൽ പോകാൻ അവസരം കിട്ടിയാൽ തന്നെ, വിരലിലെണ്ണാവുന്ന സ്‍കൂളുകൾ മാത്രമേ അവിടെ ഉള്ളൂ. തിങ്ങിനിറഞ്ഞ ക്ലാസ്മുറികളിൽ ശ്വാസംമുട്ടിയിരുന്നാണ് അവർ പഠിക്കുന്നത്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരം എന്നോണമാണ് യുണിസെഫ് പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് സ്‍കൂളുകള്‍ എന്ന ആശയം കൊണ്ടുവന്നത്. പ്ലാസ്റ്റിക്കിൽനിന്നുണ്ടാക്കുന്ന ഇഷ്ടികൾ വിലകുറഞ്ഞതും, ഭാരം കുറഞ്ഞതും, മോടിയുള്ളതുമാണ്. ഈ സാങ്കേതികവിദ്യ കൊളംബിയൻ സാമൂഹിക സംരംഭമായ കൺസെപ്റ്റോസ് പ്ലാസ്റ്റിക്കോസ് വികസിപ്പിച്ചെടുത്തതാണ്. ഒരുപക്ഷേ, ആഫ്രിക്കയിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സംരംഭം തുടങ്ങുന്നത്.  

40 വർഷമായി അധ്യാപികയായി ജോലി നോക്കുകയാണ് ആഞ്ചലീന. "പലപ്പോഴും ക്ലാസ്സ്മുറികൾ നിറഞ്ഞുകവിഞ്ഞ് ശ്വാസംവിടാൻ പോലുമുള്ള സ്ഥലം ഉണ്ടാകില്ല. ഒരു ക്ലാസ്സിൽ 100 കുട്ടികൾ വരെ ഉണ്ടാകും" അവർ പറഞ്ഞു. ഒന്നിരിക്കാൻപോലും സ്ഥലമില്ലാത്ത ആ ക്ലാസ്സ്മുറികളിൽ കുട്ടികൾ നല്ലപോലെ കഷ്ടപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.  

2018 മുതൽ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് 26 ക്ലാസ് മുറികൾ വരെ അവർക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. 2021 ആകുമ്പോഴേക്കും ഇത് അഞ്ഞൂറായി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ, അവിടെ കേട്ടിടം നിർമ്മിക്കാൻ മണ്ണ് കൊണ്ടുള്ള ഇഷ്ടികളാണ് ഉപയോഗിക്കുന്നത്. ഇവ മഴയത്ത് എളുപ്പത്തിൽ നശിക്കുന്നു. എന്നാൽ, 100 ശതമാനം പ്ലാസ്റ്റിക്കിൽ നിന്നുണ്ടാക്കുന്ന ഈ ഇഷ്ടികകൾ, 40 ശതമാനം വിലകുറഞ്ഞതും, 20 ശതമാനം ഭാരം കുറഞ്ഞതും പരമ്പരാഗത നിർമാണ സാമഗ്രികളേക്കാൾ നൂറുകണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്നതുമാണ്. അവ വാട്ടർപ്രൂഫും, നന്നായി ഇൻസുലേറ്റ് ചെയ്തതും കനത്ത കാറ്റിനെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്തതുമാണ്.

ഇത്തരം ക്ലാസ് മുറികൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാം എന്നതും ഇതിൻ്റെ മറ്റൊരു മേന്മയാണ്. ഇത്തരം ഇഷ്ടികകൾ ഉപയോഗിച്ച് മൂന്നുമാസം കൊണ്ട് ക്ലാസ്സ്മുറികൾ പൂർത്തിയാക്കാവുന്നതാണ്. സിമന്റോ, മണലോ ആവശ്യമില്ലാത്ത നിർമ്മാണ രീതിയാണ് ഇതിൻ്റെ. ഇതിന് മുൻപരിശീലനവും ആവശ്യമില്ല.

വളരെ നല്ല ഒരു മാറ്റം അവിടത്തെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ ഇതുവഴി സാധിച്ചിട്ടുണ്ട് എന്ന് ആഞ്ചലീന പറയുന്നു. പ്ലാസ്റ്റിക്കിന് ഇങ്ങനെയൊരു ഉപയോഗമുണ്ട് എന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അത് വലിച്ചെറിയുന്നത് കുറഞ്ഞിട്ടുണ്ട് എന്നും ആഞ്ചലീന അവകാശപ്പെട്ടു. മാത്രവുമല്ല, ഇത് സ്ത്രീകൾക്ക് ഒരു പുതിയ വരുമാനം നേടികൊടുക്കുന്നു. സ്ത്രീകൾ ഈ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച്  ഇഷ്ടികകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ കൊണ്ടുപോയി കൊടുക്കുന്നു. അങ്ങനെ അനേകം സ്ത്രീകൾക്ക് ഒരു വരുമാന മാർഗ്ഗം കൂടിയാണ് ഇത്. കഷ്ടത അനുഭവിക്കുന്ന സ്ത്രീകൾക്ക് ഒരു മെച്ചപ്പെട്ട ജീവിതം നേടികൊടുക്കുക മാത്രമല്ല, ഒരുപാട് കുട്ടികളെ അറിവിൻ്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തുകയുമാണ് ഈ പുതിയ സംരഭം വഴി സാധ്യമാകുന്നത്. 

അടുത്ത രണ്ടു വർഷത്തിൽ 25,000 കുട്ടികളെ അറിവിൻ്റെ ലോകത്തേക്ക് നയിക്കാൻ ഇത് സഹായകമാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.