'എന്റെ പുതിയ ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അച്ഛന്റെ മരണശേഷം ഞാനാ ചങ്ങല പൊട്ടിച്ചെറിഞ്ഞ്  മകളോടൊപ്പം വിമലയാന്റിയുടെ അടുത്തെത്തി.'

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'
...........................

ചില പാട്ടുകള്‍ ടൈം മെഷീന്‍ പോലെയാണ്. കാലങ്ങള്‍ക്കപ്പുറത്തേക്ക് അത് നമ്മെ കൊണ്ടെത്തിക്കും. അങ്ങനൊരു പാട്ടുയാത്രയ്‌ക്കൊടുവിലാണ്, ഞാനാ നാട്ടുവഴിയോരത്ത് ചെന്നുപറ്റിയത്. അവിടെ സിന്ധ്യ എന്നും പറയാറുണ്ടായിരുന്ന വീട് കണ്ടു. എന്നാല്‍, അവളുടെ പറച്ചിലിലൂടെ ഉള്ളില്‍ നിറഞ്ഞുനിന്നതുപോലെ, ഓട് പാകിയ രണ്ടു നില വീട് ആയിരുന്നില്ല അവിടെ. വേലിയില്‍ ചിരി തൂകി നിന്നിരുന്ന ചെമ്പരത്തികള്‍ക്ക് പകരം കരിങ്കല്‍ പാകിയ മതില്‍. അവളെ പൂക്കളാല്‍ എതിരേറ്റിരുന്ന ചെമ്പകമരവും, മുറ്റക്കോണിലെ പാരിജാതവുമൊക്കെ അപ്രതൃക്ഷമായിരിക്കുന്നു. 

ആധുനികതയുടേയും പഴമയുടേയും സമന്വയമായ ആ നാലുകെട്ട് മോഡല്‍ വീടിനു മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത ഗൃഹാതുരത്വം തോന്നി. മനോഹരമായ മലേഷ്യന്‍ പുല്ലുപാകിയ വിശാലമായ പുല്‍ത്തകിടിക്ക് നടുവില്‍ പൂത്തു നില്‍ക്കുന്ന ചുവന്ന ചെമ്പകം. വേലിപോലെ മിനിയേച്ചര്‍ നന്ത്യാര്‍വട്ടം. ഈ വളപ്പിലെവിടെയോ ആണല്ലോ അവളുടെ മാധവന്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്ന ചിന്ത ഒരു നിമിഷം എന്റെ മിഴികള്‍ ഈറനണിയിച്ചു. പഴയൊരു പാട്ടിന്റെ വരികളില്‍ ഞാന്‍ സ്വയം നഷ്ടപ്പെട്ടു. 

'പാരിജാതം തിരുമിഴി തുറന്നു
പവിഴമുന്തിരി പൂത്തു വിടര്‍ന്നു
നീലോല്‍പലമിഴി നീലോല്‍പലമിഴി
നീ മാത്രമെന്തിനുറങ്ങി...'

1968 -ല്‍ റിലീസ് ചെയ്ത 'തോക്കുകള്‍ കഥ പറയുന്നു' എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ രചിച്ച ഭാവനാ സുന്ദരമായ ഗാനം. ആരെയും പ്രണയപരവശരാക്കുന്ന ദേവരാജന്‍ മാഷിന്റെ മാന്ത്രിക ഈണം. ഓരോ കേള്‍വിയിലും അവാച്യമായ പ്രണയാനുഭൂതി പകരുന്ന ഗാനഗന്ധര്‍വ്വന്റെ ആലാപന മാധുരി. 'എഴുന്നേല്‍ക്കൂ സഖീ'യെന്ന് ആലപിക്കുമ്പോള്‍ ഉറങ്ങിക്കിടക്കുന്ന പ്രണയിനിയുടെ സമീപമെത്തുന്ന അനുഭൂതി. ഒരിയ്ക്കലെങ്കിലും പ്രണയിനിയെ ഓര്‍ത്ത് ഈ വരികള്‍ മൂളിയിട്ടില്ലാത്ത കാമുക ഹൃദയങ്ങളുണ്ടാവില്ല. ഒരു തലമുറയെ പ്രണയപരവശരാക്കിയഗാനം. അയലത്തെ റ്റേപ് റെക്കോര്‍ഡറില്‍ നിന്നും ആറുമണിക്ക് അലാറം കണക്കെ ഉയര്‍ന്നു കേട്ടിരുന്ന കൗമാരകാല സ്മൃതിയുടെ പശ്ചാത്തലസംഗീതം. 

തോപ്പില്‍ ഭാസിയുടെ രചനയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ പ്രമേയം ധനിക-ദരിദ്ര പ്രണയങ്ങളില്‍ സംഭവിക്കുന്ന എതിര്‍പ്പും പ്രതികാരവും ആയിരുന്നു. പക്ഷേ, ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടത് അതിലെ ഗാനങ്ങളാലായിരുന്നു. പ്രേം നസീര്‍ അവതരിപ്പിക്കുന്ന ധനിക യുവാവിന് വീട്ടിലെ ജോലിക്കാരിയായ ജയഭാരതിയുടെ കഥാപാത്രത്തിനോട് തോന്നുന്ന പ്രണയം. കഥാസന്ദര്‍ഭത്തിനനുയോജ്യമായ ലളിതസുന്ദര വരികളും സരളമായ ഈണവും.

............................

Also Read: പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...

ജാലകത്തിരശ്ശീല നീക്കുമ്പോള്‍...

'മൂടല്‍ മഞ്ഞിന്‍ മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിന്‍ താഴ്‌വരയില്‍ 
നിത്യകാമുകി നില്‍പ്പൂ, ഞാനീ
നിശാനികുഞ്ജത്തിന്നരികില്‍
എഴുന്നേല്‍ക്കൂ സഖീ, 
എഴുന്നേല്‍ക്കൂ
ഏകാന്ത ജാലകം തുറക്കൂ...' 

കാമുകിയോട് ജാലകം തുറക്കാനാവശ്യപ്പെടുന്നവയലാറിന്റെ കാമുകനെ പോലെയായിരുന്നു മാധവനും. ജനല്‍ തുറക്കാന്‍ ആവശ്യപ്പെടുകയാണ് അവന്‍. പാട്ടു കേട്ട് അവളുണര്‍ന്ന് ജനല്‍ തുറക്കുമ്പോള്‍ അപ്പുറത്ത് അവനുണ്ടാവും, പഠിക്കുന്നെന്ന വ്യാജേന. അടുക്കളയില്‍ നിന്നും വിമലയാന്റിയുടെ ശബ്ദം ഇടയ്‌ക്കൊക്കെ ഉയരും.

'നീ എന്തെടുക്കുവാ മാധവാ. റ്റേപ്പ് റിക്കോര്‍ഡര്‍ ഓഫ് ചെയ്തിട്ട് പഠിക്കൂ കുട്ടിയേ.' അന്നേരമവന്‍ ഉച്ചത്തില്‍ വായിച്ചു തുടങ്ങും.

മാധവന്‍...അവളുടെ വാക്കുകളിലൂടെ മനസില്‍ പതിഞ്ഞ രൂപം. ഒളിമങ്ങാതിന്നും ഓര്‍മ്മയില്‍ കത്തി നില്‍ക്കുന്ന നെയ്ത്തിരി വെളിച്ചം. അവളേക്കാള്‍ ഒരു വയസിന് മൂത്തതായിരുന്നു അവന്‍. പക്ഷേ, സ്‌കൂളില്‍ അവര്‍ ഒരേ ക്ലാസിലായിരുന്നു. ഒരേ ക്ലാസില്‍ പഠിക്കണമെന്ന മാധവന്റെ നിര്‍ബ്ബന്ധത്തിന് വഴങ്ങുകയായിരുന്നു വീട്ടുകാര്‍. കുട്ടിക്കാലത്ത്, ഒരുമിച്ചല്ലാതെ അവരെ ഒരാളും കണ്ടിട്ടില്ല. സ്‌കൂളില്‍ , നാലപ്പാട്ട് ബാലാമണിയമ്മയുടെ ബാല്യകാലസഖി പഠിപ്പിക്കുമ്പോള്‍, പത്മിനി റ്റീച്ചര്‍ അവര്‍ക്കു നേരെ വിരല്‍ ചൂണ്ടും.

'മുതിര്‍ന്നു മെല്ലെ ചെറുപിച്ച വെപ്പാന്‍
തുടര്‍ന്ന നാള്‍തൊട്ടു പിരിഞ്ഞിടാതെ
ഒരമ്മതന്‍ രണ്ടു കിടാങ്ങളെന്ന
പോലെ കഴിച്ചു പലതിങ്ങള്‍ ഞങ്ങള്‍
കളിച്ചുകൊള്ളട്ടെ യഥേഷ്ടമെങ്ങോ
മറ്റുള്ള കൂട്ടാളികളായിരം പേര്‍
ഞങ്ങള്‍ക്കു സര്‍വോല്‍സവും 
വിളഞ്ഞതാ ഞങ്ങള്‍ ചേര്‍ന്നൊക്കുമിടത്തില്‍ മാത്രം'

മറ്റുള്ളവരെ അതിശയിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു അവരുടെ ചങ്ങാത്തം. എന്നാല്‍ ബാലാമണിയമ്മ തങ്ങള്‍ക്കായി കുറിച്ചതായിരുന്നോ എന്നു സ്വയം തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു അവരുടെ വളര്‍ച്ച. 

'മന്നില്‍ സ്വയം വിണ്ണിനെയാരചിക്കു
മാ ശൈശവത്തിന്റെ തപോബലത്തെ
കെടുക്കുവാന്‍ ദേവകള്‍ ചൊല്ലിയിട്ടോ
കൗമാര മൊട്ടടി വച്ചടുത്തു..'

മഞ്ചാടി മണികളും വളപ്പൊട്ടുകളും നിറം പകര്‍ന്ന ബാല്യത്തില്‍ ചുവപ്പിനോടായിരുന്നു അവള്‍ക്കെന്നും പ്രിയം. ചുവപ്പ് അശുദ്ധിയുടെ നിറമാണെന്നറിയിച്ചപ്പോഴാണ് അവള്‍ക്ക് ചുറ്റും നിബന്ധനകളുടെ രേഖകള്‍ വരയ്ക്കപ്പെട്ടത്.

'മുതിര്‍ന്ന പെണ്ണായി ഇനി മാധവനൊപ്പം കറങ്ങി നടക്കരുത് ട്ടോ . വല്യവീട്ടിലെ പയ്യനാ'-മുത്തശ്ശിയുടെ ഉപദേശം. 

പതിയെ, അവര്‍ക്കിടയില്‍ ആരൊക്കെയോ തീര്‍ത്ത വിലക്കിന്റെ മതിലുകള്‍ ഉയര്‍ന്നു തുടങ്ങി. പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ് അവളുടെ അച്ഛന്‍ മറ്റൊരു ജില്ലയിലേക്ക് ട്രാന്‍സ്ഫര്‍ ആവുന്നത്. ടെലിഫോണും ഇന്റര്‍നെറ്റുമൊന്നുമില്ലാത്ത കാലം. വെക്കേഷന് നാട്ടിലെത്തുമ്പോള്‍ മാത്രമായിരുന്നു അവര്‍ കണ്ടുമുട്ടിയിരുന്നത്. ആഴമുള്ള ബന്ധങ്ങള്‍ അകലങ്ങളെ മറികടക്കുമെങ്കിലും അകലം ബന്ധങ്ങളുടെ തീവ്രത കുറയ്ക്കുമെന്നും തിരിച്ചറിഞ്ഞ ദിനങ്ങള്‍. അപ്പോഴും അവളുടെ ഉള്ളിന്റെയുള്ളില്‍ മാധവനോടുള്ള സ്‌നേഹത്തിന്റെ കനല്‍ കെടാതെ കിടപ്പുണ്ടായിരുന്നു. ചെറുകാറ്റൊന്ന് വീശിയാല്‍ മതി അത് ആളിക്കത്തുമായിരുന്നു. 

....................

Also Read : 'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

YouTube video player

'ജാലകങ്ങള്‍ നീ തുറന്നു, ഞാനതിന്റെ കീഴെ നിന്നു...'

മാധവന്‍ അക്കാലത്ത് എന്‍ജിനീയറിംഗ് പഠനത്തിന് ബാംഗ്ലൂരില്‍ ആയിരുന്നു.അവള്‍ ഡിഗ്രി രണ്ടാം വര്‍ഷം. ഒരു ക്രിസ്തുമസ് അവധിക്ക് മുത്തശ്ശിയെ കാണാനെത്തിയപ്പോഴാണ് അവള്‍ മാധവനെ കുറേ നാള്‍ക്ക് ശേഷം കാണുന്നത്. 

മുറിയിലായിരുന്നു അവള്‍. ഒരു കാലത്ത് തന്നെ ഉണര്‍ത്തിയിരുന്ന പാട്ട് പുറത്തുനിന്നൊഴുകി വന്നപ്പോള്‍ അവള്‍ അമ്പരന്നു. ഗാനഗന്ധര്‍വ്വന്റെ ശബ്ദത്തിലായിരുന്നില്ല അത്. മറ്റൊരു ശബ്ദത്തില്‍, മറ്റൊരു ഭാവത്തില്‍. സ്വപ്നത്തിലെന്നപോലെ ചാടിയെണീറ്റ് ജനല്‍ തുറക്കുമ്പോള്‍ മതിലിനപ്പുറം ജാലക വാതിലില്‍ പിടിച്ച് തന്നെ നോക്കി പാടുന്ന മാധവനെയാണ് അവള്‍ കണ്ടത്. ശബ്ദത്തിലെന്നപോലെ മാധവനിലും എന്തൊക്കെ മാറ്റങ്ങള്‍!

മാധവന്‍ ഒന്നും മറന്നിരുന്നില്ല. എന്നാല്‍ അവളോ? ഒരു പോലീസുകാരന്റെ മകള്‍ക്ക് നാട്ടിലെ സമ്പന്നനായ യുവാവിനെ പ്രണയിക്കാനുള്ള യോഗ്യതയില്ലെന്ന് എന്നോ അവള്‍ മനസിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു. അന്ന് വൈകിട്ട് അമ്പലത്തില്‍ വച്ച് കണ്ടപ്പോള്‍ മാധവന്‍ തീര്‍ത്തു പറഞ്ഞു, 'അവനൊരു ജീവിതമുണ്ടെങ്കില്‍ അത് അവളോടൊപ്പം മാത്രം' ആവുമെന്ന്. കേള്‍ക്കാന്‍ കൊതിച്ച വാക്കുകളാണെങ്കിലും വല്ലാത്തൊരു ഭയം അവളുടെ മനസ്സിനെ ബാധിച്ചിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. മുത്തശ്ശിയുടെ മരണത്തോടെ അവളുടെ അച്ഛന്‍ നാട്ടിലെ വീടൊക്കെ വിറ്റ് മറ്റൊരു നാട്ടിലേക്ക് മാറിയിരുന്നു. വല്ലപ്പോഴുമെത്തുന്ന മാധവന്റെ കത്തുകളിലൂടെ ആ നാട്ടിലെ വിശേഷങ്ങള്‍ അവള്‍ അറിയുന്നുണ്ടായിരുന്നു.

കാമുകിയോട് സംസാരിക്കുമ്പോള്‍ പോലും സദാചാരം നിലനിര്‍ത്തുന്ന അപൂര്‍വ്വ കാമുകനായിരുന്നു മാധവന്‍. അവളുടെ ഭാഷയില്‍ ഒരു തികഞ്ഞ ജെന്റില്‍മാന്‍. കാഴ്ചപ്പാടുകള്‍ ആപേക്ഷികമായതിനാലാവണം, അവളുടെ ആ സങ്കല്‍പ്പത്തോട് യോജിക്കാനാവുമായിരുന്നില്ല കൂട്ടുകാരി എന്ന നിലയില്‍ എനിക്ക്. 

ഇതിനിടയില്‍ ഞങ്ങള്‍ കോഴ്‌സ് പൂര്‍ത്തിയാക്കി, പല വഴിക്ക് പിരിഞ്ഞു. വല്ലപ്പോഴുമെത്തുന്ന അവളുടെ കത്തിലൂടെ ഞാനും മാധവന്റെ വിശേഷങ്ങള്‍ അറിയുന്നുണ്ടായിരുന്നു. ഒരിയ്ക്കല്‍ ആഹ്ലാദത്തോടെ അവള്‍ എഴുതി.

'മാധവന്റെ വാശിക്കു മുന്നില്‍ ഒടുവില്‍ വീട്ടുകാര്‍ കീഴടങ്ങി. ഞങ്ങളുടെ വിവാഹമാണ് നീ വരണം.'

പോവാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സില്‍ ഞാന്‍ അവളുടെ സന്തോഷത്തിന് കൂട്ടിരുന്നു. 

....................

 Also Read: പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?


ദുരന്തങ്ങളുടെ വാതില്‍പ്പഴുത് 

ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ഓട്ടത്തിനിടയില്‍ നഷ്ടമായ സൗഹൃദങ്ങളില്‍ അവളും പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പഴയ മേല്‍ വിലാസത്തില്‍ എത്തിയൊരു കത്ത് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് കൈയ്യിലെത്തിയത്. ആ കത്തിലെ അവസാന ഭാഗം എന്നെ ഞെട്ടിച്ചു കളഞ്ഞു. 

മാധവന്റെ മരണവിവരമായിരുന്നു ആ കത്തില്‍. മോളുടെ മൂന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു അതെന്ന് സിന്ധ്യ എഴുതി. ''സദ്യ കഴിഞ്ഞ് ഞങ്ങള്‍ എന്റെ വീട്ടിലേക്ക് പോവാനിറങ്ങുകയായിരുന്നു. തെക്കേ മുറ്റത്തെ മൂവാണ്ടന്‍ മാവിലേക്ക് നോക്കി വെറുതേ പറഞ്ഞതായിരുന്നു, ഈ മാങ്ങ അച്ഛന് വല്യ ഇഷ്ടമാണെന്ന്. എന്നാല്‍ കുറച്ചത് കൂടി കൊണ്ടു പോവാമെന്നായി മാധവന്‍. ആരെയാ ഇപ്പോള്‍ മാങ്ങയിടാന്‍ കിട്ടുന്നതെന്ന വിമലയാന്റിയുടെ ചോദ്യത്തിന് 'പണ്ട് ഈ മാവേല് എത്ര കയറിയിട്ടുള്ളതാണ്്' എന്നായി മാധവന്‍.''

മാധവന്‍ മാവില്‍ വലിഞ്ഞു കയറുമ്പോള്‍ സിന്ധ്യ കുഞ്ഞുമായി മാവിന്റെ ചോട്ടിലായിരുന്നു. അതു കഴിഞ്ഞ് ഉമ്മറത്തേയ്ക്ക് നടന്നപ്പോഴാണ് പൊടുന്നനെ അവള്‍ ഒരു ശബ്ദം കേട്ടത്. മാധവന്‍ മാവില്‍നിന്നും വീണു! ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും എല്ലാം അവസാനിച്ചിരുന്നു!

പ്രിയപ്പെട്ട ആ പാട്ടു പാടിയാണ് സുഹൃത്തുക്കള്‍ മാധവനെ അവസാനമായി യാത്രയായക്കിയത്. തന്റെ അന്ത്യയാത്ര ആ പാട്ട് കേട്ടിട്ടാവണമെന്ന് ഇടയ്‌ക്കൊക്കെ അയാള്‍ പറഞ്ഞിരുന്നത്രെ. അവര്‍ ആ ആഗ്രഹം നിറവേറ്റി. 

'നിന്റെ സ്വപ്നമദാലസനിദ്രയില്‍
നിന്നെയുണര്‍ത്തും ഗാനവുമായ് 
വിശ്വമോഹിനി നില്‍പ്പൂ ഞാനീ
വികാര സരസ്സിന്‍ കരയില്‍
എഴുന്നേല്‍ക്കൂ സഖീ എഴുന്നേല്‍ക്കൂ
ഏകാന്ത ജാലകം തുറക്കൂ ...'

...........................

Also Read : രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!


ഒറ്റയ്‌ക്കൊരു സ്ത്രീ...

മാധവന്‍ നിതാന്ത നിദ്രയിലേക്ക് നടന്നുപോയപ്പോള്‍ സിന്ധ്യയുടെ ജീവിതം മറ്റൊന്നാവുകയായിരുന്നു. മരണത്തിന് കാരണക്കാരി എന്ന നിലയിലായിരുന്നു പിന്നീടങ്ങോട്ട് അയാളുടെ വീട്ടുകാരുടെ പ്രതികരണം. മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജാതകദോഷമെന്ന വിധിയെഴുത്തും ബന്ധുക്കള്‍ നടത്തി. താന്‍ കാരണമാണ് മാധവന് ആ ദുരന്തമുണ്ടായതെന്ന ചിന്ത അവളെയും വല്ലാതെ തകര്‍ത്തു. മനസിന്റെ സമനില തന്നെ തെറ്റി. കുറേ നാള്‍ കൗണ്‍സിലിംഗും ചികിത്സയും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി ഞാന്‍ അവള്‍ സ്വന്തം അമ്മാവന്റെ മകനു മുന്നില്‍ കഴുത്ത് കുനിച്ചു. 

''മാധവനെ മറക്കാന്‍ എനിക്കെങ്ങിനെ കഴിഞ്ഞു എന്നല്ലേ നീ ഇപ്പോള്‍ ചിന്തിക്കുന്നത്. മറന്നുവെന്ന് നിന്നോടാരാ പറഞ്ഞത്? അന്നും ഇന്നും എന്റെ മനസില്‍ മാധവന്‍ മാത്രമേയുള്ളൂ. ആണുങ്ങള്‍ എല്ലാം തീരുമാനിക്കുന്ന ഈ നാട്ടില്‍, ഒരു സ്ത്രീ ഒറ്റയ്ക്കു ജീവിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുണ്ടല്ലോ. അത് മറികടക്കണമായിരുന്നു എനിക്ക്. പിന്നെ മകള്‍ക്കൊരു സംരക്ഷണവും ആവശ്യമായിരുന്നു. പിന്നെ എന്റെ അച്ഛന്റെ ആഗ്രഹം. അതിനു മുന്നില്‍ എനിക്ക് വഴങ്ങേണ്ടിവന്നു.'-അനേക കാലങ്ങള്‍ക്കു ശേഷം ഒരു മനുഷ്യന് എഴുതിയ ആ കത്തില്‍ അവള്‍ പറഞ്ഞു. 

മുറച്ചെറുക്കനില്‍ നിന്ന് ഭര്‍ത്താവിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ ഉടമസ്ഥാവകാശം ലഭിച്ച പോലായിരുന്നു അവളുടെ പുതിയ പങ്കാളിക്ക്. ''എനിക്കു ചുറ്റും അയാള്‍ ഒരു സ്‌നേഹരേഖ വരച്ചു. ഇരുളിന്റെ മറവില്‍ പെണ്ണ് ഒരുടല്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞ രാത്രികളിലെല്ലാം ഞാന്‍ മാധവനെ ഓര്‍ത്ത് തേങ്ങി. അപ്പോഴെല്ലാം അമ്മയും മുത്തശ്ശിയും ഉപദേശിച്ചു കൊണ്ടേയിരുന്നു, കുലസ്ത്രീകളുടെ കടമകള്‍. മാധവനോടൊപ്പം ഞാനും മരിച്ചാല്‍ മതിയായിരുന്നുവെന്ന് ചിന്തിക്കാത്ത നാളുകളില്ല. അന്നേരമെല്ലാം സ്വപ്നത്തിലെത്തി മാധവന്‍ പറയും, നോക്കൂ , നമ്മുടെ മോള്‍ക്ക് നീ മാത്രമേയുള്ളു.''

ആ കത്തിലെ അവളുടെ മേല്‍ വിലാസത്തിലേക്ക് എത്രയോ മറുപടികള്‍ ഞാന്‍ അയച്ചു. ഒന്നിനും മറുപടിയുണ്ടായില്ല. അവളുടെ നമ്പര്‍ കിട്ടാനും ഞാന്‍ പല രീതിയില്‍ ശ്രമിച്ചു. അതും വിഫലമായി. പിന്നെപ്പിന്നെ, തിരക്കിനിടയില്‍ വിസ്മൃതിയിലാണ്ട ചിലതില്‍ അവളും പെട്ടു . എങ്കിലും ഒരു നാള്‍ അവളെ തേടി ചെല്ലുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഞങ്ങള്‍ അവസാനമായി കണ്ടു പിരിഞ്ഞിട്ട് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞിരിക്കുന്നു.

.............................

Also Read: ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍

കാറിലന്നേരം ആ പാട്ടിന്റെ തുളുമ്പല്‍. 

'നീയെന്താ കൂമന്‍ കാവില്‍ ബസിറങ്ങിയ രവിയെപ്പോലെ' എന്ന ചോദ്യം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ വെളുക്കെ ചിരിച്ചവള്‍ മുന്നില്‍. സങ്കട ഛായ കലര്‍ന്നൊരു ചിരി പ്രതീക്ഷിച്ച എനിക്ക് തെറ്റി. അവള്‍ സന്തോഷവതിയായിരുന്നു. ഒപ്പം മകള്‍ മധുരിമയുമുണ്ടായിരുന്നു. മാധവന്റെ അതേ ഛായ. അവളുടെ ചോദ്യത്തില്‍ നിന്നൊരു ചോദ്യം കൊളുത്തിയെടുത്ത് ഞാന്‍ തിരിച്ചു ചോദിച്ചു.

'മാധവന് ഏറെ പ്രിയമുള്ള എഴുത്തുകാരനായിരുന്നില്ലേ ഒ .വി വിജയന്‍'

'മാധവന് മാത്രമല്ല എനിക്കും. പ്രത്യേകിച്ചും ഖസാക്കിന്റെ ഇതിഹാസം'- വളരെ ശാന്തമായി അവള്‍ പറഞ്ഞു.

ഞങ്ങള്‍ക്കിടയിലെ മൗനത്തിന്റെ നനുത്ത നൂലിഴ ഭേദിക്കാനെന്നോണം ഞാന്‍ മധുരിമയുടെ കൈകള്‍ പിടിച്ച് ജനലരികിലേക്ക് നടന്നു. എങ്കിലും ഒരു നിശബ്ദ സംവേദനത്തിലൂടെ അവള്‍ എന്റെ മനസ് വായിച്ചു. പഴയ വിഹല്വതകളില്ലാതെ ദൃഢ സ്വരത്തില്‍ അവള്‍ പറഞ്ഞു.

'എന്റെ പുതിയ ദാമ്പത്യത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അച്ഛന്റെ മരണശേഷം ഞാനാ ചങ്ങല പൊട്ടിച്ചെറിഞ്ഞ് മകളോടൊപ്പം വിമലയാന്റിയുടെ അടുത്തെത്തി. എനിക്കും മോള്‍ക്കും ഒരു തുണയെന്നതായിരുന്നല്ലോ അച്ഛന്റെ ലക്ഷ്യം. എല്ലാം ഉണ്ടായി, സ്‌നേഹമൊഴികെ. അയാളോടൊപ്പം ജീവിച്ച ഓരോ ദിവസവും ഉള്ളില്‍ ഒരിറങ്ങിപ്പോക്ക് ഞാന്‍ കരുതിയിരുന്നു. ഒടുവില്‍ അരുതുകളുടെ , അനുസരിപ്പിക്കലിന്റെ ആ ലോകത്ത് നിന്നും ഞാനിറങ്ങിപ്പോന്നു. മാധവന്റെ ആത്മാവ് നിറഞ്ഞു നില്‍ക്കുന്ന ഇവിടേയ്ക്ക്. മാധവന്റെ സ്വപ്നമായിരുന്നു ഇതുപോലൊരു വീട്. അതിനായി ആ മാവൊഴിച്ച് മറ്റെല്ലാം മാറ്റേണ്ടിവന്നു.'

അവളുടെ ശബ്ദത്തില്‍ പതര്‍ച്ചയില്ല. ജീവിതം അവളെ വല്ലാതെ ഉടച്ചുവാര്‍ത്തിരിക്കുന്നു. ആ വീടിന് ചുറ്റും നടക്കുമ്പോള്‍ അവള്‍ പറഞ്ഞത് എത്ര ശരിയാണെന്ന് തോന്നി. കേട്ടു മാത്രം അറിയുന്ന ഈ സ്ഥലം എനിക്ക് അപരിചിതമായി തോന്നുന്നേയില്ല. ആ മാവിന് സമീപം എത്തിയപ്പോള്‍ ഗതകാല സ്മൃതികളെന്നില്‍ നിറഞ്ഞു. ഒരു ദീര്‍ഘ നിശ്വാസം പോലെ കടന്നുപോയ കാറ്റില്‍ ഏതോ ഗാനത്തിന്റെ അലകള്‍! രാവിലെകളില്‍ അവളെ ഉമ്മ വച്ചുണര്‍ത്തിയ അവളുടെ പ്രേമഗാനം തന്നെയായിരിക്കില്ലേ.

ഖസാക്കിലെ രവിയെ പോലെ എന്നെങ്കിലും ഇവിടെത്തുമെന്ന് പണ്ടേ ഞാനും കരുതിക്കാണണം. കൂമന്‍ കാവില്‍ ബസിറങ്ങിയ രവിയുടെ അതേ അവസ്ഥ!

'കൂമന്‍കാവില്‍ ബസ് വന്നു നിന്നപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടര്‍ന്നു പന്തലിച്ച മാവുകള്‍ക്കടിയില്‍ നാലഞ്ച് ഏറുമാടങ്ങള്‍ക്കു നടുവില്‍ താന്‍ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരും വരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടു കണ്ടു ഹൃദസ്ഥമായി തീര്‍ന്നതാണ്.' 

ആള്‍ത്തിരക്കൊഴിഞ്ഞ ഗ്രാമ വീഥിയിലൂടെ, തിരികെ വണ്ടിയോടിക്കുമ്പോള്‍, മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണത എന്നെ അത്ഭുതപ്പെടുത്തി. അറിയാതെ, മനസില്‍ പഴയ കുറേ ചിത്രങ്ങള്‍ തെളിഞ്ഞു. വിടര്‍ന്ന കണ്ണുകളുള്ള, നീണ്ടമുടിയില്‍ മുല്ലപ്പൂ ചൂടിയ ഒരു പട്ടുപാവാടക്കാരി.

എവിടെ നിന്നോ മുല്ലപ്പൂ മണം ഒഴുകിയെത്തുന്നോ. അത് തലേന്ന് വാങ്ങിയ കാര്‍ പെര്‍ഫ്യൂമിന്റെ മണമാണെന്നോര്‍ത്തപ്പോള്‍ ചിരി വന്നു.

മനസിനെ മറ്റെവിടെയും വിടാതെ ചേര്‍ത്തുനിര്‍ത്താന്‍ ഞാനന്നേരം സ്‌പോര്‍ട്ടിഫൈയില്‍ ആ പാട്ട് തന്നെ വെച്ചു. കാറിലന്നേരം ആ പാട്ടിന്റെ തുളുമ്പല്‍. 

'പാരിജാതം തിരുമിഴി തുറന്നു
പവിഴമുന്തിരി പൂത്തു വിടര്‍ന്നു
നീലോല്‍പലമിഴി നീലോല്‍പലമിഴി
നീമാത്രമെന്തിനുറങ്ങി ....'


Also Read: ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!