Asianet News MalayalamAsianet News Malayalam

രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

കഥയുടെ പലവഴികള്‍ കേട്ടുകഴിഞ്ഞപ്പോള്‍, അന്നത്തെ നിഷകളങ്കയായ പെണ്‍കുട്ടിക്ക് അമ്മൂമ്മയോട് ചോദിക്കാനുണ്ടായിരുന്നു ചോദ്യം ഇതായിരുന്നു: 'അമ്മൂമ്മയ്ക്കും രാജാവിനെ പ്രണയിച്ചു കൂടായിരുന്നോ?' . ഓര്‍മ്മയും പാട്ടും കൂടിക്കുഴയുന്ന വാക്കുകളുടെ മധുരാനുഭവം. പാട്ടോര്‍മ്മ. 

pattorma Column on music culture and literature by Sharmila C Nair
Author
First Published Oct 13, 2023, 6:30 PM IST

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

pattorma Column on music culture and literature by Sharmila C Nair

 Also Read: പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...

 

കുട്ടിക്കാലത്തിന്റെ ഖനിയിലെ ഏറ്റവും ആഴമുള്ള ഓര്‍മ്മകളിലൊന്ന് ഒരു സുന്ദരിയുടേതാണ്. ചെല്ലമ്മ. രാജാവിനെ പ്രണയിച്ചവള്‍. തിരുവിതാംകൂര്‍ രാജാവ്, ശ്രീചിത്തിര തിരുനാളിനോടുള്ള പ്രണയം ഭ്രാന്തിയാക്കി മാറ്റിയ ചെല്ലമ്മയുടെ കഥ കേള്‍ക്കാന്‍ അമ്മൂമ്മയ്ക്കടുത്ത് കാതോര്‍ത്തിരുന്ന കാലം ഓര്‍മ്മകളില്‍ മഴവില്‍ ചാരുതയോടെ ഇന്നും കിടപ്പുണ്ട്. 

രാജാവറിയാതെ അദ്ദേഹത്തെ പ്രണയിച്ച് ഉന്മാദിയായി മാറിയ ചെല്ലമ്മ. നര്‍ത്തകിയും ഗായികയുമായിരുന്നു അവള്‍. രാജാവില്‍ നിന്നും സമ്മാനമായി  പുടവ ലഭിച്ചതോടെ തമ്പുരാട്ടിയായി സ്വയം അവരോധിച്ച ചെല്ലമ്മ തിരുവിതാംകൂര്‍കാര്‍ക്കെന്നും കൗതുകമായിരുന്നു. ചെല്ലമ്മയുടെ കഥയുടെ പലവഴികള്‍ കേട്ടുകഴിഞ്ഞപ്പോള്‍, അന്നത്തെ നിഷകളങ്കയായ പെണ്‍കുട്ടിക്ക് അമ്മൂമ്മയോട് ചോദിക്കാനുണ്ടായിരുന്നു ചോദ്യം ഇതായിരുന്നു: 'അമ്മൂമ്മയ്ക്കും രാജാവിനെ പ്രണയിച്ചു കൂടായിരുന്നോ?'

ചെല്ലമ്മയെ പോലെ പ്രണയം ഉന്മാദിമാരാക്കിയ എത്രയോ പേരുണ്ട്. അറിഞ്ഞും അറിയാതെയും നമുക്കിടയിലൂടെ കടന്നുപോയവര്‍. മുഷിഞ്ഞ് കീറിയ വസ്ത്രം ധരിച്ച്, 

'പ്രാണസഖീ ഞാന്‍ വെറുമൊരു 
പാമരനാം പാട്ടുകാരന്‍, 
ഗാനലോക വീഥികളില്‍
വേണുവൂതും ആട്ടിടയന്‍..'
 

എന്ന് പാടുന്നൊരു ഭ്രാന്തനെ പണ്ട് നാട്ടിന്‍പുറത്ത് ഇടയ്‌ക്കൊക്കെ കണ്ടിരുന്നു. ആര്‍ക്കും ഒരുപദ്രവുമുണ്ടാക്കാതെ, ഉറക്കെ പാടുകയും 'മാക്ബത്തി'ലെ സംഭാഷണങ്ങള്‍ ഉച്ചത്തില്‍ പറയുകയും ചെയ്തിരുന്ന അയാള്‍ ഒരതിശയമായിരുന്നു. 

എനിക്കയാള്‍ ഷാജഹാനായിരുന്നു. പ്രിയപ്പെട്ടവള്‍ക്ക് താമസിക്കാന്‍, തന്റെ കരളില്‍, തങ്കക്കിനാക്കള്‍ കൊണ്ട് താജ് മഹലുയര്‍ത്തി നടന്നിരുന്ന രാജാവ്. ചെങ്കോലില്ല, പകരം കൈയ്യിലൊരു വടിയും പിടിച്ചായിരുന്നു നടപ്പ്.  

വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്ന് അയാള്‍ പാടുന്നത് ഇപ്പോഴും കേള്‍ക്കാനാവും. 

'എങ്കിലുമെന്നോമലാള്‍ക്ക് 
താമസിക്കാന്‍ എന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു 
താജ്മഹാല്‍ ഞാനുയര്‍ത്താം..

മായാത്ത മധുരഗാന മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍ 
കണ്മണിയെ കൊണ്ടുപോകാം'

1967 -ല്‍ പ്രദര്‍ശനത്തിനെത്തിയ 'പരീക്ഷ' എന്ന ചിത്രത്തിലായിരുന്നു ആ അനശ്വര പ്രണയഗാനം. ഭാസ്‌ക്കരന്‍ മാഷിന്റെ ഭാവനാസുന്ദര വരികള്‍. പ്രണയിനിക്ക് താമസിക്കാന്‍ തങ്കക്കിനാക്കള്‍ കൊണ്ട് മനസിലൊരു താജ് മഹല്‍ പണിത് കാത്തിരിക്കുന്ന കാമുകന്‍. എത്ര ചാരുതയാര്‍ന്ന കല്‍പന! പ്രണയ വിഷാദം തുളുമ്പുന്ന സിന്ധുഭൈരവി രാഗത്തില്‍, ബാബുരാജിന്റെ മാന്ത്രിക വിരലുകള്‍ വിരിയിച്ച ഈണം. കാമുക ഹൃദയങ്ങളില്‍ പ്രണയത്തിന്റെ കുളിര്‍മയും വിരഹത്തിന്റെ നൊമ്പരവും പടര്‍ത്തിയ ഗാനഗന്ധര്‍വന്റെ ഭാവസാന്ദ്രമായ ആലാപനം. എല്ലാം ചേര്‍ന്നപ്പോള്‍ അത് സംഗീതത്തിന്റെ മറ്റൊരിന്ദ്രജാലമായി. ആറു പതിറ്റാണ്ടിനു ശേഷവും മലയാളിയുടെ ചുണ്ടില്‍ അതുണ്ട്. 

 

Also Read: സ്വപ്നം പോലെ മനോഹരമായ ഒരു പാട്ട്, രാത്രിയില്‍ കൂട്ടിനെത്തുമ്പോള്‍!

Also Read : 'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

 

ആ ചിത്രത്തിലെ അഞ്ച് ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. പക്ഷേ, ഇത്ര ആഴത്തില്‍ ചോര പൊടിച്ചില്ല, മറ്റൊരു ഗാനവും. ഒരു മഹിളാസമാജത്തിന്റെ ഉദ്ഘാടനത്തിന്കവി കൂടിയായ നായകന്‍ (നസീര്‍)  സ്റ്റേജില്‍ നിന്ന് സ്വന്തം കവിത ആലപിക്കുന്നതായിരുന്നു സിനിമയിലെ രംഗം. എന്നാല്‍ ഈ പാട്ടുകേള്‍ക്കുമ്പോഴെല്ലാം ഉള്ളില്‍ നിറയാറുള്ളത് മറ്റൊരു രൂപമാണ്.  മുഷിഞ്ഞ് കീറിയ വസ്ത്രങ്ങളണിഞ്ഞ് അലഞ്ഞു നടക്കുന്നൊരാള്‍. ഗാനലോക വീഥികളില്‍  അലയുന്ന പാമരനായൊരു പാട്ടുകാരന്‍. അയാളുടെ തളര്‍ന്ന കണ്ണുകളില്‍ പ്രതിഫലിക്കുന്ന പ്രതീക്ഷയുടെ കിരണം. ഒരിയ്ക്കലും തിരിച്ചു വരില്ലെന്നുറപ്പുള്ള കാമുകിയ്ക്കായി പ്രതീക്ഷാനിര്‍ഭരനായി അവന്‍ പാടുന്നു. 

'പ്രാണസഖീ ഞാന്‍ വെറുമൊരു 
പാമരനാം പാട്ടുകാരന്‍
ഗാനലോക വീഥികളില്‍ 
വേണുവൂതും ആട്ടിടയന്‍..'

ജീവിച്ച കാലമത്രയും ഒറ്റയ്ക്ക് നടന്നു തീര്‍ത്ത കവി അയ്യപ്പനും വരച്ചിട്ടിട്ടുണ്ട് അത്തരമൊരു കാമുക ചിത്രം.

ഇറങ്ങി വരാന്‍ പറയില്ല ഞാന്‍
ഇരിക്കാന്‍ ഇടമില്ലാത്ത എന്റെ
ദുരിതമോര്‍ത്ത്
ഓര്‍മിക്കണം നീ മരണം വരെ
ഒന്നുമില്ലാത്തവന്‍ നിന്നോടിഷ്ടം
തുറന്നു പറഞ്ഞതോര്‍ത്ത്..'

മാക്ബത്തിലെ സംഭാഷണങ്ങള്‍ ഉറക്കെ പറഞ്ഞു നടന്നുനീങ്ങിയിരുന്ന ഉന്മാദിയായ ആ മനുഷ്യനും അയ്യപ്പനും ഒരേ തൂവല്‍ പക്ഷികള്‍ തന്നെയല്ലേ. പെട്ടെന്നൊരു നാള്‍ അയാള്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷനായി, പതിയെ ഞങ്ങളുടെ ഓര്‍മ്മയില്‍ നിന്നും. 

സുന്ദരി ചെല്ലമ്മ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായപ്പോഴാണ് മുഷിഞ്ഞ ആള്‍ രൂപം വീണ്ടും എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞത്. എന്റെ ഓര്‍മ്മകളില്‍ ചിന്തകളില്‍ അയാള്‍ വീണ്ടും  സ്ഥിരസാന്നിധ്യമായി. അയാളുടെ ഉന്‍മാദത്തിനു പിന്നില്‍ ഉന്‍മത്തമായ ഒരു പ്രണയ കഥയുണ്ടാവില്ലേ എന്ന ചിന്ത ഉറക്കം കളഞ്ഞു. ഉന്മാദത്തിന്റെ പാരമ്യതയില്‍ സ്വന്തം ചെവിയറുത്ത് പ്രേമഭാജനത്തിന് സമ്മാനിച്ച വിന്‍സന്റ് വാന്‍ഗോഗിനെ പോലെ, നട്ടപ്രാന്തിന്റെ ഉച്ചിയില്‍ കാമുകിയെ ഓര്‍ത്തു പാടി നടക്കുന്ന, കാമുകിയുടെ പേര് മറന്നിട്ടില്ലാത്ത കാമുകന്‍.

അടുത്തിടെ, ഒരു സ്വകാര്യ സംഭാഷണത്തിനിടയിലാണ് ഒരു സുഹൃത്ത് അവളുടെ നാട്ടുകാരനായ, ഉറക്കെ ഇംഗ്ലീഷ് സംസാരിച്ച് നടക്കുന്ന, ഒരു ഭ്രാന്തന്റെ കഥ പറയുന്നത്. അക്കഥയിങ്ങനെ: 

'ഭ്രാന്തനാവുന്നതിനു മുമ്പ് അവന്‍ വളരെ പാവപ്പെട്ട വീട്ടിലെ മിടുക്കനായ കുട്ടിയായിരുന്നു. സ്‌കൂളിലെന്നും പഠിത്തത്തില്‍ ഒന്നാമന്‍. ക്ലാസില്‍  രണ്ടാം സ്ഥാനത്ത്  വനജയെന്ന പെണ്‍കുട്ടി. അവള്‍ കാശുള്ള വീട്ടിലെ മൂത്ത മകള്‍. നന്നായി പാടുന്ന, മിടുക്കനായ സഹപാഠിയോട് അവള്‍ക്ക് എവിടെയോ ഒരു കുഞ്ഞിഷ്ടം. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് കോളജിലും അവര്‍ ഒരുമിച്ചായിരുന്നു. അയാള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പി ജിയ്ക്ക് ചേര്‍ന്നപ്പോള്‍ അവള്‍ തിരഞ്ഞെടുത്തത് ഗണിത ശാസ്ത്രമായിരുന്നു. ഇതിനിടയിലെപ്പോഴോ ആ കുഞ്ഞിഷ്ടം വളര്‍ന്നുവളര്‍ന്ന് പിരിയാനാവാത്ത പ്രണയമായി. 

പ്രണയത്തിനുമേല്‍ ജാതിയും സമ്പത്തും പറക്കുന്ന നാടും കാലവുമായതിനാല്‍ ആ പ്രണയത്തെ അവളുടെ വീട്ടുകാര്‍ അറുത്തെറിഞ്ഞു. ജോലിയില്ലാത്ത, അന്യജാതിയില്‍പ്പെട്ട ദരിദ്ര യുവാവിന് മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ പ്രമാണിയായ അച്ഛന്‍ തയ്യാറായില്ല. അവളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് നാട്ടിലെ ഒരു ബിസിനസ്സ് കുടുംബത്തിലെ ഏക സന്താനവുമായി വിവാഹം നടന്നു. പിന്നീടവള്‍ ഒരു എയിഡഡ് കോളേജ് അധ്യാപികയായി. അയാളോ, കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തി. ബോധത്തിനും അബോധത്തിനും ഇടയിലുള്ള ആ യാത്ര പതിയെ മുഴുഭ്രാന്തിന്റെ കരയ്ക്കടിഞ്ഞു. നാട്ടില്‍ നിന്ന് അപ്രത്യക്ഷനായ അയാള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത് 'ഭ്രാന്തന്‍'എന്ന വിളിപ്പേരുമായിട്ടായിരുന്നു. 

 

Also Read: നന്‍പകല്‍ നേരത്തെ തമിഴ് പാട്ടുകളും സിനിമാകഷണങ്ങളും; ചില പാട്ടുരഹസ്യങ്ങള്‍!

pattorma Column on music culture and literature by Sharmila C Nair

Also Read: വാണി ജയറാം: പാട്ടു കൊത്തിയ ദേവശില്‍പ്പി

 

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മുന്നിലായിരുന്നു അയാളുടെ പൊറുതി. 'വനജയ്ക്ക് ജോലിയുണ്ട്, എനിക്കതില്ല' എന്ന് ഇടയ്‌ക്കൊക്കെ  പറഞ്ഞ അയാള്‍ ഉന്മാദത്തിന്റെ പാരമ്യതയിലും വനജയെന്ന പേരും അവളുടെ പ്രിയ ഗാനവും  മറന്നില്ല. വനജ അടുത്ത ജില്ലയിലേക്ക് സ്ഥലം മാറി പോയപ്പോള്‍ അയാളും അപ്രത്യക്ഷനായി. കുറേ നാളുകള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ അയാള്‍ തീരെ അവശനായിരുന്നു. അപ്പോഴേയ്ക്കും മകനെ കാത്തു മടുത്ത അമ്മ മരണത്തിലേക്ക് മറഞ്ഞുകഴിഞ്ഞിരുന്നു. അധികനാള്‍ കഴിയും മുമ്പേ ഒരു പീടിക തിണ്ണയില്‍ അയാളും അസ്തമിച്ചു. അയ്യപ്പപ്പണിക്കര്‍ പറഞ്ഞതു പോലെ, 'ഒരു കരിയില കൊഴിയുന്നതു പോലെ, ഒരു മഞ്ഞുകട്ട അലിയുന്നതു പോലെ' അതീവ ശാന്തമായി ആ ദുരന്തജന്മം അവസാനിച്ചു. അപ്പോഴും ആ ഭാണ്ഡക്കെട്ടിനുളളിലുണ്ടായിരുന്നു, ഒരു പിറന്നാളിന് വനജ സമ്മാനിച്ചൊരു പുസ്തകം. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി.' ആരൊക്കെയോ അയാളെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിച്ചു. 

'ഇക്കഥയിലെ, ഏറ്റവും വിചിത്രമായ കാര്യം അവര്‍ രണ്ടു പേരും സ്‌കൂളില്‍ എന്റെ അച്ഛന്റെ  സഹപാഠികളായിരുന്നു  എന്നതാണ്. സമ്പത്തിന്റെ നടുവില്‍ ജീവിക്കുമ്പോഴും വനജയുടെ മുഖത്ത് ആഴത്തില്‍ കൊത്തിയ വിഷാദമായിരുന്നെന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നു. കുറച്ചു നാള്‍ മുമ്പ് വനജ ടീച്ചറും പോയി.'

അവളാ കഥ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ കുട്ടിക്കാലത്ത് ഞങ്ങള്‍ കണ്ടിരുന്ന ഭ്രാന്തനമ്മാവന്‍ തന്നെയല്ലേ അതെന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. 

'ആയിരിക്കാം. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മുന്നില്‍ അയാള്‍ അലഞ്ഞു നടന്നിരുന്നു. അധ്യാപികയായ പഴയ കാമുകിയെ ഒരു നോക്ക് കാണാനാവണം. സുന്ദരവസന്ത രാവില്‍, ഇന്ദ്ര നീല മണ്ഡപത്തില്‍ തന്നോടൊപ്പം താമസിക്കാന്‍ പ്രിയപ്പെട്ടവളെ തേടി അലയുന്ന ദരിദ്ര കാമുകന്‍. 'ഭാസ്‌ക്കരന്‍ മാഷ് അയാള്‍ക്ക് വേണ്ടി കുറിച്ചത് തന്നയല്ലേടോ ഈ വരികള്‍' എന്ന് പറഞ്ഞ് അവള്‍  ഒരു മാത്ര നിശ്ശബ്ദയായപ്പോള്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ്  മനസില്‍ പതിഞ്ഞ ആ രൂപം ഓര്‍ത്തെടുക്കാന്‍  ശ്രമിക്കുകയായിരുന്നു ഞാന്‍. കിടക്കാനൊരു മേല്‍ക്കൂരയില്ലാതെ അലഞ്ഞു നടന്ന്  ആ ഭ്രാന്തന്‍ പാട്ടുകാരന്‍ തന്റെ പ്രിയപ്പെട്ടവളോട് ചോദിച്ചു കൊണ്ടേയിരുന്നു.


'ചന്തമെഴും ചന്ദ്രികതന്‍ ചന്ദനമണിമന്ദിരത്തില്‍
സുന്ദരവസന്തരാവിന്‍ ഇന്ദ്രനീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാന്‍ 
എന്റെ കൂടെ പോരുമോ നീ.'

 
ജാതിയും മതവും സമ്പത്തും വില്ലനായി മാറിയ പഴയപ്രണയ കഥകള്‍. പ്രണയത്തിന്റെ പേരില്‍ ജീവിതം നഷ്ടപ്പെടുത്തിയവര്‍. ഭൂതകാലത്തില്‍ ജീവിച്ച് മരിക്കാന്‍ വിധിക്കപ്പെട്ടവര്‍. അവരില്‍ ഒരാളായി അയാളും. ഉന്മാദത്തിന്റെ തീക്ഷ്ണതയില്‍, എപ്പോഴെങ്കിലും അയാള്‍ തന്റെ വനജയെ കണ്ടിട്ടുണ്ടാവുമോ? കണ്ടാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവുമോ? ഒരു കാലത്ത് ഉള്ളിനുള്ളില്‍ കൊണ്ടുനടന്നിരുന്ന അയാളെ മുഷിഞ്ഞ് നാറിയ വേഷത്തില്‍ കണ്ടാല്‍ വനജ ടീച്ചര്‍ എങ്ങനെയാവും പ്രതികരിക്കുക? വൈക്കം മുഹമ്മദ് ബഷീറിന്റെ മജീദും സുഹറയും വീണ്ടും  കണ്ടുമുട്ടുന്നത് പോലായിരിക്കുമോ? 

കഥ തീരുമ്പോള്‍ എന്റെയുള്ളില്‍ ചോദ്യങ്ങള്‍ ചിറകടിക്കുന്നു. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാതെ അവര്‍ രണ്ട് പേരും പറന്നുപോയിരിക്കുന്നു. 

 

Also Read: പുഷ്പവതി: പാട്ടും പോരാട്ടവും

pattorma Column on music culture and literature by Sharmila C Nair

വൈക്കം മുഹമ്മദ് ബഷീര്‍. ഫോട്ടോ: പുനലൂര്‍ ബാലന്‍. 

Also Read: രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?


ഇന്നും മലയാളി മറന്നിട്ടില്ലാത്ത ഒരു കൂടിക്കാഴ്ചയാണ് മജീദിന്റേയും സുഹറയുടേയും. ഭര്‍ത്താവിന്റെ അടിയേറ്റ് കൊഴിഞ്ഞ പല്ലും, കുഴിഞ്ഞ കണ്ണുമായി തന്റെ മുന്നില്‍ വന്നു നില്‍ക്കുമ്പോഴും മജീദിന് സുഹറയോടുള്ള പ്രണയത്തിന് ഒട്ടും കുറവ് സംഭവിക്കുന്നില്ല. അവര്‍ ശരീരം കൊണ്ടല്ല പ്രണയിച്ചത്, ആത്മാവ് കൊണ്ടായിരുന്നു. ആ രംഗം ബഷീര്‍ വര്‍ണ്ണിക്കുന്നത് ഇങ്ങനെ:

''ഒടുവില്‍ മജീദ് മന്ത്രിച്ചു.

'സുഹ്‌റാ...'

ഭൂതകാലത്തിന്റെ ഹൃദയത്തില്‍നിന്നെന്നോണം അവള്‍ വിളികേട്ടു. 'ഓ'

'എന്താ ഇത്രക്കും ക്ഷീണിച്ചത്?'

സുഹ്‌റാ അതിന് ഉത്തരം പറഞ്ഞില്ല.

'ഞാന്‍ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം'

തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. 

'ഞാന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ' എല്ലാവരും അങ്ങനെ വിചാരിച്ചു. ഞാന്‍.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.'

'എന്നിട്ടുപിന്നെ?'

'അവരെല്ലാം നിശ്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.'

വനജ ടീച്ചറും അയാളും പിന്നീടൊരിയ്ക്കലും കണ്ടുമുട്ടിയില്ലെങ്കിലോ..?

'അന്ന് യാത്ര പറഞ്ഞു ഇറങ്ങുന്നതിന് മുമ്പ്, ബസിന്റെ ഹോണ്‍ ശബ്ദം കാരണം സുഹ്‌റയ്ക്ക് പറഞ്ഞു  മുഴുമിപ്പിക്കാനാവാതെ പോയത് എന്തായിരുന്നുവെന്ന്, സുഹറ മരിച്ച ശേഷം ദുഃഖത്തോടെ ഓര്‍മിക്കുന്ന മജീദിനെ പോലെ 'ജീവിതം തള്ളിനീക്കിയിട്ടുണ്ടാവണം വനജ ടീച്ചര്‍.  അത് തന്നെയാവില്ലേ ആ മുഖത്തെ വിഷാദത്തിന് കാരണം? ചങ്ങമ്പുഴ എഴുതിയതുപോലെ, സ്പന്ദിക്കുന്ന ആ അസ്ഥിമാടത്തില്‍ നിന്ന് ഇപ്പോഴും മന്ദം മന്ദം പൊടിപ്പിതായി കേള്‍ക്കുന്ന സ്പന്ദനങ്ങള്‍ ഒത്തുചേര്‍ന്നിട്ട് ഇത്തരമൊരു പല്ലവിയാവുന്നുണ്ടാവണം.  

'ചന്തമെഴും ചന്ദ്രികതന്‍ ചന്ദനമണിമന്ദിരത്തില്‍
സുന്ദരവസന്തരാവിന്‍ ഇന്ദ്രനീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാന്‍ എന്റെ കൂടെ പോരുമോ നീ..'

 

Also Read: കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍...

Follow Us:
Download App:
  • android
  • ios