കുടുംബ ലഹള, അച്ഛനെ ചുറ്റികകൊണ്ടടിച്ച് മകൻ, തടഞ്ഞ അയൽവാസിക്കും അമ്മക്കും തല്ല്; ഒടുവിൽ യുവാവ് പിടിയിൽ
ആക്രമണം കണ്ട് തടയാനെത്തിയ അയൽവാസി ഉദയനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബഹളം കേട്ട് തടയാനെത്തിയ ഉദയന്‍റെ അമ്മ സരസുവിന്‍റെ തലയും പ്രതി ഹെല്‍മറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ചു.
കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ കുടുംബ ലഹള തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദ്ദിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇഎസ്എം കോളനി സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. ഈ മാസം 18 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് അച്ഛൻ രാധാകൃഷ്ണനെ ജിഷ്ണു ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി. ആക്രമണം കണ്ട് തടയാനെത്തിയ അയൽവാസി ഉദയനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ബഹളം കേട്ട് തടയാനെത്തിയ ഉദയന്‍റെ അമ്മ സരസുവിന്‍റെ തലയും പ്രതി ഹെല്‍മറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ചു. ഉടുതുണി പറിച്ചെറിഞ്ഞു. റോഡില്‍ നിന്നും താഴേക്ക് വീണ സരസുവിനെ ജിഷ്ണുവിന്‍റെ അമ്മ വിജയമ്മ കയ്യേറ്റം ചെയ്തുവെന്നും പരാതിയിൽ പറയുന്നു. കൈക്ക് മുറിവേറ്റ ഉദയന്‍ ചുറ്റിക പിടിച്ചു വാങ്ങിയതോടെ ജിഷ്ണു അടുത്തുണ്ടായിരുന്ന കമ്പുപയോഗിച്ച് രാധാകൃഷ്ണൻ്റെ കൈ തല്ലി ഒടിച്ചു.
വിവരമറിഞ്ഞ് ജിഷ്ണുവിനെ പിടികൂടാനെത്തിയപ്പോൾ പൊലീസിനു നേരെയും ആക്രമണമുണ്ടായി. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ജിഷ്ണുവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. വധശ്രമത്തിന് കേസെടുത്തായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു. ജിഷ്ണുവിൻ്റെ അമ്മ വിജയമ്മയേയും പ്രതി ചേർത്തിട്ടുണ്ട്.
Read More : 200 കോടിയുടെ സ്വത്ത് സർക്കാരിലേക്ക്, ജപ്തി നടപടി സ്ഥിരപ്പെടുത്തി; ഹൈറിച്ച് കേസിൽ പ്രതികൾക്ക് വൻ തിരിച്ചടി