അറക്കാന്‍ കൊണ്ടു പോകുന്ന മാടിനെപ്പോലെ, ഒരടി അവര്‍ മുന്നോട്ട് വലിയ്ക്കുമ്പോള്‍ രണ്ടടി പുറകിലേയ്ക്ക് ഞാന്‍ നീങ്ങിക്കൊണ്ടിരുന്നു. ഒരു വിധത്തില്‍ അവരെല്ലാവരും കൂടി എന്നെ ഡോറ് വരെ എത്തിച്ചു. എല്ലാം കൈവിട്ട് പോയ അവസ്ഥ. തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട പ്രതി തൂക്കുകയറിനു മുന്നില്‍ നില്‍ക്കുന്നമട്ടില്‍ അവര്‍ക്കിടയില്‍ ഞാന്‍ നിന്നു.
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

വീട്ടുകാരുമായി അല്ലറചില്ലറ തര്‍ക്കങ്ങളും പിണക്കങ്ങളും എല്ലാവര്‍ക്കും പതിവുള്ളതാണല്ലോ. ഏതെങ്കിലുമൊക്കെ വിഷയം തര്‍ക്കത്തില്‍ എത്തുമ്പോള്‍ ജയിക്കാന്‍ നമ്മള്‍ പരമാവധി പൊരുതും. എനിക്കാണെങ്കില്‍ തോറ്റു കൊടുക്കാന്‍ തീരെ ഇഷ്ടവുമല്ല. തര്‍ക്കങ്ങള്‍ നീളുമ്പോള്‍ മുന്‍പൊക്കെ അമ്മ പ്രയോഗിക്കാറുള്ള ഒരു പൂഴിക്കടകന്‍ ഉണ്ട്.
'ഹും.. നീ വല്യ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഒക്കെ ആയിരിക്കും. അതൊക്കെ എന്നാ? അന്ന് ഞങ്ങളൊന്നും ശ്രദ്ധിച്ചില്ലാര്‍ന്നേ കാണാര്‍ന്നു. ഇപ്പൊ ഏതേലും നാടോടികള്‍ടൊപ്പം നാടുതെണ്ട്വായിരിക്കും നീയ്യ്. അത് മറക്കണ്ട'
അത് കേള്‍ക്കേണ്ട താമസം, കാറ്റ് പോയ ബലൂണ്‍ പോലെ ആകും ഞാന്‍. പിന്നെ, ആ പരിസരത്ത് നില്‍ക്കില്ല. മിണ്ടാതെ സ്ഥലം വിടും. അമ്മക്ക് അത് നന്നായി അറിയാം. അതുകൊണ്ടാണ് സംസാരം അധികമാകുമ്പോള്‍ അക്കാര്യം ഓര്‍മ്മിപ്പിച്ചിരുന്നത്.
ഇനി, അമ്മ ഇടയ്ക്ക് ഓര്‍മ്മപ്പെടുത്തിയിരുന്ന ആ സംഭവത്തിന്റെ കാരണം തേടിയാലോ? അതറിയണമെങ്കില്‍ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ പുറകിലേക്ക് പോകണം. അന്നൊക്കെ സ്‌കൂള്‍ അവധിവന്നാല്‍ അമ്മ വീട്ടിലേക്കാണല്ലോ മിക്കവാറും പേര്‍ പോകാറുള്ളത്. അത്തരത്തിലുള്ള ഒരു യാത്രയാണ് ഈ സംഭവത്തിന്‍െ പശ്ചാത്തലം.
എടപ്പാളിനടുത്ത് പൂക്കരത്തറ ആണ് അമ്മ വീട്. അച്ഛന്‍ വീടായ കുന്നംകുളത്തുനിന്നും അരമണിക്കൂറിലേറെ യാത്രയുണ്ട് അവിടേക്ക്. എടപ്പാള്‍വരെ എപ്പോഴും ബസ്സുകള്‍ കാണും. അവിടെനിന്ന് നാലഞ്ചു കിലോമീറ്റര്‍. ബസ് സ്റ്റോപ്പില്‍ ഇറങ്ങി ഒരു കിലോമീറ്ററോളം നടക്കം. എടപ്പാളില്‍ നിന്ന് പൂക്കരത്തറയ്ക്ക് പോകാന്‍ ബസ്സിനെക്കാള്‍ കൂടുതലായി ആളുകള്‍ ആശ്രയിച്ചിരുന്നത് ജീപ്പുകള്‍ ആയിരുന്നു. ഇടവിട്ട് ഉണ്ടാകുമെങ്കിലും എപ്പോഴും നല്ല തിരക്കായിരിക്കും.
കുന്നംകുളത്തുനിന്നും പൂക്കരത്തറ വഴി പുതുപൊന്നാനിയ്ക്ക് ഒരു ബസ് ഉണ്ടായിരുന്നു അന്ന്. ജോഹര്‍. ഒരു ദിവസം ഒന്നോ രണ്ടോ ട്രിപ്പ് ആണ് അതിന് ഉണ്ടായിരുന്നത്. പഴയ വണ്ടി ആയതിനാല്‍ എന്നും ഉണ്ടാവണം എന്നില്ല. ആശാന്‍ ഇടയ്ക്കിടയ്ക്ക് പണി മുടക്കും. എന്നാലും ജീപ്പിലെ തിക്കും തിരക്കിയുള്ള യാത്ര ഇഷ്ടമല്ലാത്തതു കൊണ്ട് ബസ് കിട്ടാന്‍ പരമാവധി ഞങ്ങള്‍ കാത്തിരിക്കാറുണ്ട്. പൂക്കരത്തറ ബസ് സ്റ്റോപ്പിലെ 'വെയ്റ്റിംഗ് ഷെഡ്' എന്ന ബോര്‍ഡ് കാണുമ്പോള്‍ അച്ഛന്‍ അമ്മയെ കളിയാക്കും, 'വെയ്റ്റിംഗ് മാത്രമേ ഉണ്ടാകൂ, ബസ് ഉണ്ടാകില്ല'.
ഇനി കാര്യത്തിലേക്കു വരാം. ഒരവധിക്കാലം. ഞാനന്ന് രണ്ടിലോ മൂന്നിലോ പഠിക്കുന്നു. അമ്മയോടൊപ്പം ഞങ്ങള്‍ മൂന്നു മക്കളും അമ്മ വീട്ടിലേയ്ക്ക് പുറപ്പെട്ടു. ഭാഗ്യത്തിന് അന്ന് 'ജോഹര്‍' ഉണ്ടായിരുന്നു. കുന്നംകുളത്തു നിന്നും ബസില്‍ കയറി. വലിയ തിരക്കൊന്നുമില്ല. ഞങ്ങള്‍ മധ്യത്തിലെ സീറ്റിലാണ്. എനിക്കാണേല്‍ ബസില്‍ കയറിയാല്‍ ഏറ്റവും മുന്നില്‍ ഇരിക്കാനായിരുന്നു ഇഷ്ടം. റോഡും, വണ്ടികളും, ഡ്രൈവറുടെ കരവിരുതും കണ്ട് ആസ്വദിച്ചങ്ങനെ യാത്ര ചെയ്യാം. ഞാന്‍ വാശി പിടിച്ചു. 'നമുക്ക് മുന്നില്‍ ഇരിക്കാം'. പക്ഷെ അമ്മയ്ക്കും, ചേച്ചിയ്ക്കും, ചേട്ടനും അവിടെ തന്നെ ഇരുന്നാല്‍ മതി. ഞാന്‍ നിന്ന് ചിണുങ്ങാന്‍ തുടങ്ങി. എന്റെ വാശി കൂടിവന്നപ്പോ അമ്മ പറഞ്ഞു, 'എന്നാ നീ പോയി അവിടെ ഇരുന്നോ'
എനിക്ക് സന്തോഷമായി. അങ്ങിനെ, ഞാന്‍ എഴുന്നേറ്റ് മുന്നിലെ സീറ്റിലിരുന്നു. അന്ന് അവിടെ സീറ്റ് അല്ല പെട്ടിയാണ്. മുകളില്‍ ഒരു കുഷ്യനും. അവിടെ ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് പേടിയൊന്നും തോന്നിയില്ല. സ്ഥിരം യാത്ര ചെയ്യാറുള്ള വണ്ടി. തിരക്കും കുറവ്. പരിചയമുള്ള ബസ് ജീവനക്കാര്‍. അതിനാല്‍, കാഴ്ചകള്‍ ആസ്വദിച്ച് യാത്രതുടര്‍ന്നു.
ഉള്‍പ്രദേശത്തേക്ക്, വല്ലപ്പോഴുമുള്ള വണ്ടി ആയതിനാല്‍ കുറച്ചു ദൂരം ചെന്നപ്പോള്‍ വണ്ടിയില്‍ ആളുകള്‍ നിറയാന്‍ തുടങ്ങി. എനിക്കാണേല്‍, ഇറങ്ങേണ്ട സ്ഥലം കണ്ടാല്‍ അറിയാവുന്നത് കൊണ്ടും, ഇറങ്ങുമ്പോള്‍ വീട്ടുകാര്‍ വിളിക്കുമല്ലോ എന്ന ചിന്തകൊണ്ടും ഒട്ടും കൂസലില്ലായിരുന്നു.
അങ്ങനെ നമ്മുടെ 'ജോഹര്‍' എടപ്പാള്‍ എത്തി. ഒരു പെട്രോള്‍ പമ്പില്‍ ആണ് വണ്ടികള്‍ കയറ്റി ഇടാറ്. വണ്ടി, പമ്പില്‍ പാര്‍ക്ക് ചെയ്ത് ഡ്രൈവറും കണ്ടക്ടറും ചായ കുടിക്കാന്‍ പോയി. ഒരുപാട് ആളുകള്‍ വണ്ടിയില്‍ ഇടിച്ചു കയറി. വണ്ടി നിറഞ്ഞു. എന്റെ ചുറ്റും നിറയെ സ്ത്രീകള്‍. കുട്ടി ആയതിനാല്‍ എല്ലാവരും തള്ളിത്തള്ളി ഒരു സൈഡിലേക്ക് ഒതുക്കി. വിമ്മിഷ്ടപ്പെട്ട്, ഒരുവിധത്തില്‍ ഞാന്‍ അവിടെ ഇരുന്നു. ഒരു സ്ത്രീ ചോദിച്ചു, 'മോന് ഏട്യ പോണ്ടേ?'
'നിക്ക് എടപ്പാളിലാ പോണ്ടേ'.
അമ്മവീട് പൂക്കരത്തറ ആണെങ്കിലും എടപ്പാള്‍ പോവുകയാണ് എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. ആ ഒരു ശീലത്തിലാണ് അങ്ങനെ പറഞ്ഞത്. ഇന്നും, ആരെങ്കിലും ചോദിച്ചാല്‍ 'അമ്മ വീട് എടപ്പാള്‍ ആണ്' എന്നാണ് പറയാറ്.
എന്റെ മറുപടി കേട്ട് അടുത്തിരുന്നവര്‍ ഒന്ന് ഞെട്ടിയ പോലെ.
'ഹേ, എടപ്പാളാ. മോനെ എടപ്പാള് എത്തീല്ലോ. ഈയ്യ് എറങ്ങീല്ല്യേ?'
'അല്ല.... ഇതല്ല നിക്ക് ഇറങ്ങണ്ട സ്ഥലം. സ്ഥലം കണ്ടാല്‍ എനിക്ക് അറിയുന്നതല്ലേ'-ഞാന്‍ ചുറ്റും കണ്ണോടിച്ച് പറഞ്ഞു. പക്ഷെ അവര്‍ എന്നെ വിടുന്ന മട്ടില്ല. എന്തോ കുഴപ്പം ഉണ്ട് എന്ന മട്ടില്‍ അവരെല്ലാവരും എന്നെത്തന്നെ നോക്കി നില്‍പ്പായി.
എനിക്കാണെങ്കില്‍ ആകെ പരിഭ്രമം. ഞാന്‍ വീണ്ടും ചുറ്റും നോക്കി. 'ഇനി ഇവര്‍ പറഞ്ഞപോലെ ഇവിടെ ആകുമോ എനിക്ക് ഇറങ്ങേണ്ടത്. തിരക്ക് കാരണം അമ്മയെയും സഹോദരങ്ങളേയും കാണാനും ഇല്ല. ഇനി അവരെല്ലാം എന്നെ ഇട്ടേച്ചു പോയോ?' ആകെ ആശയക്കുഴപ്പമായി.
സ്ത്രീകളുടെ ബഹളം കണ്ടിട്ടാകണം കുറച്ച് ആണുങ്ങളും രംഗപ്രവേശനം ചെയ്തു. വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ് അവര്‍ എന്റെ അടുത്തേക്കെത്തി.
'മോന് എടപ്പാള്‍ക്കല്ലേ പോണ്ട്?. അതാണ് എടപ്പാള്. മോന്‍ ആരൊപ്പ വന്നേ? ഓര് ഏട്യാ?' ചോദ്യങ്ങള്‍ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടേയിരുന്നു. അതിനിടയ്ക്ക് ചിലര്‍ 'അയ്യോ ഈ കുട്ടീനെ ഒറ്റിയാക്കി തള്ള പോയെ' എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കാനും തുടങ്ങി. പല ഭാഗത്തു നിന്നും പല കമന്റുകളും വന്നു തുടങ്ങിയപ്പോള്‍ എനിക്ക് എത്തുംപിടിയും കിട്ടാതെയായി. തലകറക്കം വരുന്നുണ്ടോ എന്ന് സംശയവും. രക്ഷപെടാനായി മനസ്സുവെമ്പി. അതിനിടയ്ക്ക് ചിലര്‍ എന്നെ പൊക്കി എഴുന്നേല്‍പ്പിച്ചു 'മോന് ഈടെ എറങ്ങിക്കോ. വീട്ടാര് ഈടെ ഏടേലും കാണും. ഈ ബസ് പ്പൊ പോകും' എന്നൊക്കെ പറഞ്ഞു.
ഞാന്‍ ആകെ പേടിച്ചു വിറച്ചു. 'ഇവിടെ ഇറങ്ങി ഞാന്‍ എന്ത് ചെയ്യാനാ? വീട്ടുകാരെ എവിടെ തപ്പും?' ഭയം നിറഞ്ഞ മനസ്സില്‍ നിന്ന് വാക്കുകള്‍ പുറത്തു വന്നോ എന്നറിയില്ല എങ്കിലും ഞാന്‍ അവരോട് പറഞ്ഞുകൊണ്ടേ ഇരുന്നു. 'എനിക്ക് ഇറങ്ങേണ്ട സ്ഥലം ഇതല്ല, എന്റെ അമ്മയും ചേച്ചിയുമൊക്കെ ഇതില്‍ ഉണ്ട്'
ആര് കേള്‍ക്കാന്‍? എല്ലാവരും കൂടി എന്നെ ഉന്തിത്തള്ളി, ബസ്സില്‍ നിന്നും പുറത്താക്കാനുള്ള തത്രപ്പാടിലായിരുന്നു.
അറക്കാന്‍ കൊണ്ടു പോകുന്ന മാടിനെപ്പോലെ, ഒരടി അവര്‍ മുന്നോട്ട് വലിയ്ക്കുമ്പോള്‍ രണ്ടടി പുറകിലേയ്ക്ക് ഞാന്‍ നീങ്ങിക്കൊണ്ടിരുന്നു. ഒരു വിധത്തില്‍ അവരെല്ലാവരും കൂടി എന്നെ ഡോറ് വരെ എത്തിച്ചു. എല്ലാം കൈവിട്ട് പോയ അവസ്ഥ. തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട പ്രതി തൂക്കുകയറിനു മുന്നില്‍ നില്‍ക്കുന്നമട്ടില്‍ അവര്‍ക്കിടയില്‍ ഞാന്‍ നിന്നു. അവസാന നിമിഷം വന്ന രാഷ്ട്രപതിയുടെ ദയാഹര്‍ജി പോലെ, ആ സമയം സാക്ഷാല്‍ ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഡ്രൈവറുടെ രൂപത്തില്‍. ഡ്രൈവറുടെ പേര് അപ്പുവേട്ടന്‍ എന്നാണെന്നാണ് ചെറിയ ഒരു ഓര്‍മ്മ. വണ്ടിയില്‍ കയറിയാല്‍ വീട്ടുകാര്യങ്ങളും പഠിപ്പിന്റെ കാര്യങ്ങളും ചോദിച്ചറിയുന്ന ആളാണ് അപ്പുവേട്ടന്‍. വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും ആ രൂപം ഇപ്പോഴും മായാതെ മനസ്സിലുണ്ട്. നല്ല തടിച്ച്, വയറൊക്കെ ചാടി, ഉയരമുള്ള ഒരാള്‍. ആജാനബാഹു ആണെങ്കിലും സൗമ്യനാണ്. ചിരിച്ച മുഖം, നല്ല പെരുമാറ്റം.
'നിങ്ങള്‍ എങ്ങട്ടാ ഈ കുട്ട്യേ കൊണ്ടോണെ?' ആ ആള്‍ക്കൂട്ടവും, ദയനീയമായ എന്റെ നില്‍പ്പും കണ്ട് അപ്പുവേട്ടന്റെ വക ചോദ്യം.
'ഡ്രൈവറേ, ഈ കുട്ടിക്ക് എടപ്പാള് എറങ്ങേണ്ടാണ്. വീട്ടാര് വിട്ട് പോയിക്കണ്. ങ്ങള് വീട്ടാരെ തപ്പാന്‍ വേണ്ടി' ആരോ പറഞ്ഞു.
ഡ്രൈവര്‍ ചിരി തുടങ്ങി. പെട്ടെന്ന് തന്നെ അയാളുടെ ചിരിമാഞ്ഞു, മുഖത്ത് ഗൗരവം നിറഞ്ഞു. പിന്നെ, എല്ലാവരോടും അയാള്‍ കയര്‍ത്തു.
'ങ്ങള്‍ എന്താ പറേണെ? ങ്ങളൊക്കെ എന്ത് കണ്ടിട്ടാണ്? കാര്യങ്ങളറിയാണ്ട് ഓരോന്ന് ചെയ്യണ്. ഈ കുട്ടീന്റെ അമ്മ അവിട്ഇരിക്കിണ്ടല്ലോ. ഇവര്‍ക്ക് ഇവിടല്ല എറങ്ങണ്ടേ'
ഡ്രൈവറുടെ വാക്കുകള്‍ കേട്ട് ചുറ്റും കൂടിയവര്‍ ചൂളിപ്പോയി. അവര്‍ മുഖത്തോടു മുഖം നോക്കി പണി പാളിയല്ലോ എന്ന മട്ടില്‍ നിന്നു.
വാതില്‍ക്കല്‍ എന്തോ ബഹളം നടക്കുന്നത് കണ്ടിട്ടായിരിക്കണം ആ സമയം അമ്മ എഴുന്നേറ്റത്. അമ്മ കാണുന്നത്, കുറെ ആളുകളുടെ ഇടയില്‍ ഇപ്പോ കരയും എന്ന മട്ടില്‍ നില്‍ക്കുന്ന എന്നെ.
'അയ്യോ എന്റെ മോന്‍' എന്നും പറഞ്ഞ് അമ്മ ഓടി വന്നു. അമ്മയെ കണ്ടതോടെ എന്റെ സകല നിയന്ത്രണവും വിട്ടു. തിക്കിത്തിരക്കി അമ്മയുടെ അടുത്തെത്തി മുറുകെ കെട്ടിപിടിച്ചു നിന്നു. 'ആര്‍ക്കും എന്നെ വിട്ടുകൊടുക്കല്ലേ' എന്ന മട്ടില്‍.
'ഹാ ഈടെ ആള് ഉണ്ടേന്യോ. ന്ന പ്പറയണ്ടേ.' എന്നൊക്കെ പറഞ്ഞ് ബഹളം വെച്ചിരുന്നവര്‍ എല്ലാം പതിയെ ഉള്‍വലിഞ്ഞു. ഡ്രൈവര്‍, ചിരിച്ചുകൊണ്ട് സീറ്റിലേക്ക് ചെന്നിരുന്നു.
'എല്ലാവരും കൂടി എടപ്പാള്‍ സെന്ററില്‍ ഇറക്കിവിട്ട്, ഏതെങ്കിലും നാടോടികള്‍ കൊണ്ടുപോയേനേ' എന്നാണ് അതിനു ശേഷം അമ്മ എന്നെ കളിയാക്കിയിരുന്നത്.
എന്തായാലും ആ സംഭവത്തിനു ശേഷം മുന്‍സീറ്റില്‍ ഇരിക്കാനുള്ള പൂതി കുറച്ചു കാലത്തേക്കെങ്കിലും ഇല്ലാതെയായി എന്നുപറയാം. കാലം മുന്നോട്ടുനീങ്ങിയപ്പോള്‍ എടപ്പാളിലേക്കുള്ള യാത്രകള്‍ കുറഞ്ഞു, ഉള്ള യാത്രകള്‍തന്നെ കാറിലായി. എങ്കിലും, പുറം കാഴ്ചകളെ ഉയരത്തുനിന്ന് കണ്ടുകൊണ്ടുള്ള ജോഹര്‍ യാത്രകളുടെ സുഖം പിന്നീട് ഒരു യാത്രയിലും അനുഭവിച്ചിട്ടില്ല.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം


