Asianet News MalayalamAsianet News Malayalam

മൂന്നുദശകത്തിനുള്ളില്‍ വൻവളർച്ച, 2050 ആകുമ്പോഴേക്കും ഇന്ത്യയും ഈ വികസ്വര രാജ്യങ്ങളും സാമ്പത്തിക ശക്തികളാകും?

കഴിഞ്ഞ 15 വർഷമായി ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ, കാർ ബ്രാൻഡുകൾ എന്നിവയുടെ ഗുണനിലവാരത്തിൽ ഒരു വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. വീടുകൾ കൂടുതൽ സമ്പന്നമായി. പക്ഷേ അപ്പോഴും വെല്ലുവിളികൾ നിലനിൽക്കുന്നു.

India to become one of the most powerful economies by 2050
Author
India, First Published Mar 24, 2020, 4:14 PM IST

 ഇന്ന് നമുക്കറിയാം ലോകം മുഴുവൻ സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കയാണ്. പല സാമ്പത്തിക മഹാശക്തികളും കൂപ്പുകുത്തുന്ന ഒരു സമയമാണ് ഇത്. എന്നിരുന്നാലും ഇന്ത്യയ്ക്കും അതുപോലെ മറ്റ് വികസ്വര രാജ്യങ്ങൾക്കും പ്രതീക്ഷയാവുകയാണ് അന്താരാഷ്ട്ര പ്രൊഫഷണൽ സേവന സ്ഥാപനമായ പിഡബ്ല്യുസിയുടെ റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ്, ഓഹരി തകർച്ച തുടങ്ങിയവ നമ്മെ പുറകോട്ട് വലിച്ചേക്കാമെങ്കിലും ഇത്തരം വെല്ലുവിളികൾ മറികടന്ന്, അടുത്ത ഏതാനും ദശകങ്ങളിൽ ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ അതിവേഗം വളരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രതീക്ഷാവഹമായ കാര്യം ലോകത്തെ ഭരിക്കാൻ പോകുന്ന സാമ്പത്തിക ശക്തിയായി ഉയരാൻ പോകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട് എന്നതാണ്. യുഎൻ പ്രവചിക്കുന്നത് പോലെ ലോകജനസംഖ്യ 26 ശതമാനം മാത്രമേ വളരുകയുള്ളൂ . ഇത് പല അനുകൂലമായ മാറ്റങ്ങൾക്കും കാരണമാകും. ഭാവി എങ്ങനെയുണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കുന്നത് വെല്ലുവിളിയാണെങ്കിലും, മിക്ക സാമ്പത്തിക വിദഗ്ധരും ഒരു കാര്യം സമ്മതിക്കുന്നു: ഇന്നത്തെ വികസ്വര രാജ്യങ്ങൾ നാളത്തെ സാമ്പത്തിക മഹാശക്തികളാകും. 

'ദി വേൾഡ് ഇൻ 2050' എന്ന റിപ്പോർട്ട് അനുസരിച്ച്, 30 വർഷത്തിനുള്ളിൽ, ലോകത്തിലെ ഏറ്റവും വലിയ ഏഴ് സമ്പദ്‌വ്യവസ്ഥകളിൽ ആറെണ്ണം ഇന്നത്തെ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളായിരിക്കും. യു‌എസ് രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നിലേയ്ക്ക് പോകുമെന്നും, ജപ്പാൻ നാലാം സ്ഥാനത്ത് നിന്ന് പിന്നെയും താഴേക്ക് പോകുമെന്നും കരുതുന്നു. ജർമ്മനി അഞ്ചിൽ നിന്ന് ഒൻപതാം സ്ഥാനത്തേയ്ക്ക് പോകുമെന്നും കരുതുന്നു. താരതമ്യേന ചെറിയ സമ്പദ്‌വ്യവസ്ഥകളായ വിയറ്റ്നാം, ഫിലിപ്പീൻസ്, നൈജീരിയ എന്നിവപോലും അടുത്ത മൂന്ന് ദശകങ്ങളിൽ അതത് റാങ്കിംഗിൽ വലിയ കുതിച്ചുചാട്ടം കാണിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചൈന

ചൈന ഒന്നാം സ്ഥാനത്ത് തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050 ൽ ചൈന ഈ ഗ്രഹത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഒരുപാട് പുതിയ സംരംഭകരെയും സാമ്പത്തിക അവസരങ്ങൾ‌ തേടുന്നവരെയും ചൈന ആകർഷിക്കുന്നു. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് ഒരു സംരംഭക, വാണിജ്യപരമായ ഒരു നഗരമാണ്.  എന്നിരുന്നാലും, ഇവിടെ ജോലിചെയ്യാനും താമസിക്കാനും പ്രവാസികൾ അവിടത്തെ ഭാഷ പഠിക്കേണ്ടതായി വരും. 

ഇന്ത്യ 

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ, അടുത്ത മൂന്ന് ദശകങ്ങളിൽ വൻ രീതിയിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം ജിഡിപി ശരാശരി 5% വളരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2050 ആകുമ്പോഴേക്കും അമേരിക്കയെ മറികടന്ന് ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി കണക്കാക്കപ്പെടുമെന്ന് റിപ്പോർട്ട് പറയുന്നു. ലോകത്തെ മൊത്തം ജിഡിപിയുടെ 15% വരും അത്. കഴിഞ്ഞ 15 വർഷമായി ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ, കാർ ബ്രാൻഡുകൾ എന്നിവയുടെ ഗുണനിലവാരത്തിൽ ഒരു വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. വീടുകൾ കൂടുതൽ സമ്പന്നമായി. പക്ഷേ അപ്പോഴും വെല്ലുവിളികൾ നിലനിൽക്കുന്നു. കൂടുതൽ കാറുകൾ തെരുവിലിറങ്ങുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും എല്ലാവർക്കും ലഭിക്കുന്നില്ല.  അതുപോലെ മലിനീകരണത്തിന്റെ തോത് നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. പ്രത്യേകിച്ച് ന്യൂഡൽഹി പോലുള്ള നഗരങ്ങളിൽ. വളർച്ച എല്ലായ്പ്പോഴും എല്ലാവരിലും തുല്യമല്ല എന്നതും ഒരു പ്രശ്നമാണ്. ബഹുനില കെട്ടിടങ്ങൾക്ക് അടുത്തായി ചേരികൾ എന്ന കണക്കാണ് വികസനം. ഇത്തരം വെല്ലുവിളികൾ ഇന്ത്യ വളരെ വേഗം തന്നെ മറികടക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ബ്രസീൽ

ജപ്പാനെയും ജർമ്മനിയെയും റഷ്യയെയും മറികടന്ന് 2050 ഓടെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഈ തെക്കേ അമേരിക്കൻ രാജ്യം മുന്നേറും. ധാരാളം പ്രകൃതിവിഭവങ്ങളുള്ള ബ്രസീൽ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സാമ്പത്തികമായി അതിവേഗം വളർന്നുകൊണ്ടിരിക്കയാണ്. എന്നാൽ സമീപകാലത്തായി രാജ്യത്തെ ബാധിച്ച സർക്കാർ അഴിമതിയും പണപ്പെരുപ്പവും നിയന്ത്രിക്കാൻ പോരാടുകയാണ് രാജ്യം. "രാജ്യം ഇപ്പോഴും സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ശോഭനമായ ഭാവിക്കായി രാജ്യം പ്രവർത്തിക്കുകയാണ്. ഖനനം, കൃഷി, ഉൽപ്പാദനം എന്നിവയുടെ ലോകത്തിലെ അതികായന്മാരിൽ ഒരാളാണ് ബ്രസീൽ, അതിന് അതിവേഗം വളരുന്ന സേവന മേഖലയുണ്ട്. ടൂറിസം നിക്ഷേപത്തിലും വർദ്ധനവ് ഞാൻ കാണുന്നു, ” സ്വദേശിയായ സിൽവാന ഫ്രേപ്പിയർ പറഞ്ഞു. 

മെക്സിക്കോ

2050 ഓടെ, മെക്സിക്കോ ലോകത്തെ ഏഴാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും, റിപ്പോർട്ട് പറയുന്നു. റാങ്കിംഗിൽ നിലവിലെ പതിനൊന്നാം സ്ഥാനത്ത് നിന്ന് നാല് സ്ഥാനങ്ങൾ മുകളിൽ. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ നേട്ടങ്ങളെ തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും ഉൽ‌പാദനത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സമീപ വർഷങ്ങളിൽ അതിന്റെ വളർച്ചയെ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.  

നൈജീരിയ

ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായ നൈജീരിയ 2050 ഓടെ സാമ്പത്തികമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. വർഷം തോറും ശരാശരി 4.2% വളർച്ചയിൽ, റാങ്കിംഗിൽ എട്ട് സ്ഥാനങ്ങൾ ഉയർന്ന് 22 മുതൽ 14 വരെയുള്ള സ്ഥാനങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ അഴിമതിക്കെതിരെയുള്ള പോരാട്ടവും, സംരംഭക മനോഭാവവും രാജ്യത്തെ ജനങ്ങളെ മുന്നോട്ട് നയിക്കും. ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ ഡാറ്റ പ്രകാരം, നൈജീരിയൻ നിവാസികളിൽ 30% ത്തിലധികം പേർ പുതിയ സംരംഭകരാണ് അല്ലെങ്കിൽ ഒരു പുതിയ ബിസിനസ്സിന്റെ ഉടമകളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ് ഇത്.

 

(കടപ്പാട്: ബിബിസി) 
 

Follow Us:
Download App:
  • android
  • ios