അവിടെയിരുന്ന് ജോലി ചെയ്യുകയായിരുന്ന രണ്ട് ജീവനക്കാരും ഭയന്ന് എഴുന്നേറ്റ് ഒരു ഭാ​ഗത്തേക്ക് മാറി നിൽക്കുകയാണ്. അവർക്ക് പുറത്തേക്കിറങ്ങാൻ ഒരു വഴിയും ഇല്ല.

നിങ്ങൾ നിങ്ങളുടെ കുഞ്ഞുഷോപ്പിലിരുന്ന് ജോലി ചെയ്യുകയാണ്. അവിടേക്ക് പെട്ടെന്ന് ഒരു കൂറ്റൻ കാള കയറി വരുന്നത് ഒന്നോർത്തു നോക്കൂ. ഭയന്നു വിറച്ച് പോകും അല്ലേ? മാത്രമല്ല, ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നതെങ്കിൽ പറയുകയും വേണ്ട. എന്തായാലും, അങ്ങനെ ഒരു പേടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത് അങ്ങ് ഡൽഹിയിലെ സംഗം വിഹാറിലാണ്. 

ഒരു മൊബൈൽ റിപ്പയറിം​ഗ് കടയിലെ രണ്ട് ജീവനക്കാർക്കാണ് ഭീതിദമായ ഈ അനുഭവം നേരിടേണ്ടി വന്നത്. കടയിലെ സിസിടിവിയിലാണ് ഈ രം​ഗങ്ങൾ പതിഞ്ഞിരിക്കുന്നത്. കടയിൽ ഒരു കസ്റ്റമർ നിൽക്കുന്നുണ്ട്. പെട്ടെന്ന് അയാൾ എന്തോ കണ്ടിട്ടെന്ന പോലെ താൻ നിന്ന സ്ഥലത്ത് നിന്നും മാറുന്നത് കാണാം. പെട്ടെന്ന് ഒരു കൂറ്റൻ കാള കടയുടെ മുന്നിൽ നിന്നും കടയിലേക്ക് ചാടിക്കയറുന്നതും കാണാം. കടയിലെ മേശ അടക്കം ചാടിക്കടന്നാണ് കാള കടയിലേക്ക് കയറുന്നത്. 

അവിടെയിരുന്ന് ജോലി ചെയ്യുകയായിരുന്ന രണ്ട് ജീവനക്കാരും ഭയന്ന് എഴുന്നേറ്റ് ഒരു ഭാ​ഗത്തേക്ക് മാറി നിൽക്കുകയാണ്. അവർക്ക് പുറത്തേക്കിറങ്ങാൻ ഒരു വഴിയും ഇല്ല. ഒരാൾ പരിഭ്രാന്തനായി ചുമരിന്റെ മുകളിലോ മറ്റോ കയറുന്നത് കാണാം. മറ്റേയാൾ കസേര കൊണ്ട് കാളയെ തടുത്ത് അതിന് പിന്നിൽ നിൽക്കുകയാണ്. രണ്ടുപേരും പേടിച്ച് വിറയ്ക്കുന്നുണ്ട് എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. 

Scroll to load tweet…

എന്നാൽ, എന്താണ് പിന്നീട് സംഭവിച്ചത് എന്ന് അറിയാതെ വീഡിയോ അവസാനിക്കുകയാണ്. വീഡിയോ കണ്ടവരെല്ലാം പറഞ്ഞത് ഇങ്ങനെ ഒരു അനുഭവം തങ്ങൾക്കുണ്ടായില്ലല്ലോ എന്നോർത്ത് സന്തോഷിക്കുന്നു എന്നാണ്. ദുഃസ്വപ്നങ്ങളിൽ പോലും ഇങ്ങനെ ഉണ്ടാവല്ലേ എന്നാണ് മറ്റ് ചിലർ പറഞ്ഞത്. അതേസമയം ആ രണ്ടുപേരെയും കാള ആക്രമിച്ചിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞവരും ഉണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം