ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

മനുഷ്യരുടെ ക്രൈമാനന്തര ജീവിതത്തെ അറിയുക, അവരിലെ നവീകരണത്തെ കുറിച്ചും നവീകരണാനന്തരവും തുടരുന്ന ആള്‍ക്കൂട്ട വിചാരണകളെ കുറിച്ചും പഠിക്കുക, എന്നതിലൊക്കെ ഈയിടെയായി ഞാന്‍ ഒരു വല്ലാത്ത സന്തോഷം (സംഘര്‍ഷവും) അനുഭവിക്കാറുണ്ട്. 

നിന്റേത് ഒരു യേശുക്രിസ്തു ലൈനാണ് എന്നത് മുതല്‍ നിനക്ക് വട്ടാണ് എന്ന് വരെ നീളുന്ന പരിഹാസങ്ങള്‍ അതിന്റെ പേരില്‍ അനുഭവിക്കുന്നുണ്ട്. ചിലപ്പോള്‍ അതോര്‍ത്ത് എനിക്ക് വലിയ നിരാശയും സങ്കടവും തോന്നാറുമുണ്ട്. എങ്കിലും മനുഷ്യര്‍ നവീകരിക്കപ്പെടാനുള്ള അവസാനത്തെ സാധ്യതയിലും എനിക്കിന്ന് വിശ്വാസമുണ്ട്. 

ക്രൈമിനെ തൊട്ടടുത്തു നിന്ന് അനുഭവിച്ച ഒരാളെന്ന നിലയില്‍ കൂടിയാണ് അത്. ജീവിതത്തില്‍ രണ്ടു തവണ അത്രയടുത്തു നിന്ന് ഞാന്‍ ക്രൈമിനെ അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാമത്, വലിയൊരു കുറ്റത്തിന്റെ ഇര എന്ന നിലയിലാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ പോലും വളരെ കുറച്ചു പേര്‍ക്കു മാത്രമറിയാവുന്ന ഒന്നിനെക്കുറിച്ച് വീണ്ടും ഓര്‍മ്മിക്കുകയും എഴുതേണ്ടി വരികയും ചെയ്യുന്നതിന്റെ അപാരമായ ഭീതി എനിക്കുണ്ട്. 

സ്‌കൂള്‍ കാലത്ത് ഒരു വലിയ ഫിസിക്കല്‍ അബ്യുസിലൂടെ കടന്നു പോയിട്ടുണ്ട്. ഒട്ടും ചെറുതല്ലാത്ത, എഴുതുമ്പോള്‍ ഒരു തരി പോലും ഭാവന ചേര്‍ത്തെഴുതാന്‍ കഴിയാത്തത്ര വലുത്. അതൊരു നോമ്പ് കാലം കൂടിയായിരുന്നു. ആ മനുഷ്യന്റെ (അയാള്‍ മെച്ചപ്പെട്ട ഒരു മനുഷ്യനായിട്ടുണ്ടാവട്ടെ എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്) ബലിഷ്ഠമായ കൈകള്‍ ചില സ്വപ്നങ്ങളില്‍ ഇപ്പോഴും എന്നെ കടന്നു പിടിക്കാറുണ്ട്, അന്നത്തെ പോലെ എന്റെ കഴുത്തു പിടിച്ച് ഞെരിക്കാറുണ്ട് . ഞാന്‍ പേടിച്ച്, പേടിച്ച് ഓടിയതിന്റെ ഒരോര്‍മ്മ ഇപ്പോഴും എന്നെ പിന്തുടരാറുണ്ട്.  ചില ഭക്ഷണങ്ങള്‍, ചില ഇടങ്ങള്‍, ചില പ്രത്യേകതരം മനുഷ്യര്‍ എനിക്ക് അന്യരായി പോയത് അങ്ങനെയാണ്. അവ എന്നില്‍ ഇപ്പോഴും, ഓക്കാനം ഉണ്ടാക്കാറുണ്ട്. എനിക്ക് ചിലയിടങ്ങളില്‍ നിന്ന്, പല വലിയ ആല്‍ക്കൂട്ടങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ തോന്നാറുണ്ട്. ഒളിച്ചിരുന്ന് അതിജീവിക്കുന്ന ദിവസങ്ങള്‍ ഇപ്പോഴും എന്റെ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ക്ക് മാത്രം അതറിയാം.

കുമ്പളങ്ങിയിലെ സജിയെ പോലെ, ജീവിതത്തില്‍ ഒരു പരിചയവും ഇല്ലാത്ത ഒരു ഡോക്ടറുടെ കൈയ്യില്‍ മുറുക്കെ പിടിച്ചുകൊണ്ട് ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ശരിക്കും, ഞാന്‍ ട്രോമയെ അതിജീവിച്ചില്ലെങ്കില്‍ ഞാന്‍ അത് മാത്രമായി അവസാനിച്ചു പോവുമെന്നു, അയാള്‍ പറയാതെ തന്നെ എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. എന്നെ തെറ്റിച്ചു കളഞ്ഞ പല ഓറിയന്റേഷനുകളും അതിന്റെ തുടര്‍ച്ചയായിരുന്നു.

രണ്ടാമത്തേത്, ഞാന്‍ കുറ്റം ചെയ്തു എന്ന തിരിച്ചറിവായിരുന്നു. ജീവിതത്തില്‍ ഒരാളെ പോലും, വാക്ക് കൊണ്ടോ നോക്കു കൊണ്ടോ പോലും ഉപദ്രവിക്കുന്നതിലെ ജനാധിപത്യ വിരുദ്ധതയെ കുറിച്ചും നീതിരാഹിത്യത്തെ കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്ന കാലത്താണ് ഞാനത് ചെയ്യുന്നത്. എന്റെ എല്ലാ ബോധ്യങ്ങളുടെയും കേന്ദ്രം അതായിരിക്കേണ്ട കാലത്താണ് അത് സംഭവിക്കുന്നത്. ആണത്ത സര്‍ക്കിളുകളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചിരുന്ന ഞാന്‍ അക്കാലത്ത് അവരോടൊപ്പം ചേര്‍ന്നു പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ കമന്റുകള്‍ എത്രയോ മനുഷ്യരെ മുറിപ്പെടുത്തിയിട്ടുണ്ടാവാം എന്ന കാര്യത്തില്‍ എനിക്ക് കുറഞ്ഞ സംശയം പോലും ഇല്ല. ഉള്ളില്‍ നിന്നും വന്ന് പോയ ഒരു വാക്കും മാപ്പര്‍ഹിക്കുന്നവയല്ല. ഇതൊക്കെ എപ്പോഴെങ്കിലും സംഭവിച്ചു പോയിട്ടില്ലാത്ത ആണുങ്ങളുണ്ടോ എന്നറിയില്ല. അനുവാദമില്ലാതെ സുഹൃത്തുക്കളോട് പോലും നടത്തിയ കമന്റുകളിലെ ഗുരുതരമായ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.  

കുറ്റാനന്തര ജീവിതത്തിലെ ആള്‍ക്കൂട്ട വിചാരണകളെയും സംഘര്‍ഷങ്ങളെയും അതിജീവിക്കുക എന്നതിലും എത്രയോ പ്രയാസകരമാണ് കുറ്റത്തെ അതിജീവിക്കുക എന്നത്. എന്തുകൊണ്ട് നമ്മള്‍ (ചില മനുഷ്യര്‍) ക്രൈം ചെയ്യുന്നു എന്ന ആലോചനയാണ് എന്നില്‍ ബാക്കിയായത്.  അറിയാതെ സംഭവിച്ചത് എന്നതിനപ്പുറം, അതെന്റെ സങ്കീര്‍ണ്ണതയായിരുന്നു. കൃത്യമായി പരിശോധിക്കപ്പെടേണ്ട, പരിഹരിക്കപ്പെടേണ്ട സങ്കീര്‍ണ്ണത. 

മനുഷ്യര്‍ കുറ്റം ചെയ്യുന്നു എന്നത് അത്ര പോലും പെരിഫെറലായി സമീപിക്കാവുന്ന ഒന്നല്ല എന്ന ബോധ്യം ഇപ്പോള്‍ എനിക്കുണ്ട്. അതുകൊണ്ട് തന്നെ നവീകരണത്തിന്റെ സാധ്യത എല്ലാ മനുഷ്യരിലും ബാക്കി നില്‍ക്കുന്നുണ്ട്. നമുക്കിടയില്‍ ഒരു അശോക് മോചി ഉള്ളത്, നമുക്കിടയില്‍ ഒരു മെല്‍വിന്‍ പാദുവ ഉള്ളത് അതുകൊണ്ട് മാത്രമാണ്. 

അതിനു പിന്നാലെയുള്ള യാത്രകളിലൊന്നിലാണ് ഞാന്‍ അവനെ കണ്ടുമുട്ടിയത്. കുറെ നേരം കഴിഞ്ഞാണ് അവന്‍ എന്നോട് സംസാരിച്ചു തുടങ്ങിയത്. പെട്ടെന്ന് എന്റെ കയ്യില്‍ മുറുക്കെ പിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു. ഇതു പോലെ ചേര്‍ത്തു പിടിക്കാനും തിരുത്താനും എനിക്കാരുമുണ്ടായിരുന്നിട്ടില്ല ചേട്ടാ. എന്നിട്ടും ഞാനെന്റെ തെറ്റ് മനസ്സിലാക്കിയിട്ടുണ്ട്, ഇനിയൊരിക്കലും അതുണ്ടാവില്ല എന്നുറപ്പുണ്ട് പക്ഷെ.. ആ പക്ഷെ പറഞ്ഞു മുഴുമിപ്പിക്കാന്‍ ഞാന്‍ അവനെ അനുവദിച്ചില്ല. നാട്ടുകാരില്‍ നിന്ന് അവനെ കുറിച്ചു കേട്ട കഥകളില്‍ അതുണ്ടായിരുന്നു. തിരുത്തി ജീവിക്കാന്‍ നമുക്ക് (നമുക്ക് എന്ന് തന്നെയാണ് പ്രയോഗിച്ചത്) ഇനിയും അവസരമുണ്ടല്ലോ. നാട്ടുകാരെ കാര്യമാക്കണ്ട, ഒരിക്കല്‍ അവര്‍ നിന്നെയോര്‍ത്ത് അഭിമാനിക്കും എന്നു കൂടി ചേര്‍ത്ത് അവിടെ നിന്നിറങ്ങി. അവിടെ നിന്നിറങ്ങിയിട്ട് നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ നിന്നിറങ്ങുമ്പോള്‍ നമ്മുടെ ജുവനൈല്‍ പോലീസ് സംവിധാനത്തിന്റെയൊക്കെ കാര്യക്ഷമതയില്ലായ്മയോര്‍ത്ത്, അവനെയോര്‍ത്ത് ഞാന്‍ കരഞ്ഞു. 

പോരുമ്പോള്‍ ഞാനോര്‍ത്തു, ഇതൊക്കെ പറയാന്‍ എളുപ്പമാണ്. ഒരിക്കല്‍ എന്നോട് അത്ര വലിയ ക്രൈം ചെയ്തിട്ടുള്ള അയാള്‍ എന്റെ അടുത്തു വന്നാല്‍ ഞാന്‍ എന്തു ചെയ്യും. എന്റെ കഴുത്തു പിടിച്ചു ഞെരിച്ച ആ കൈകള്‍, എനിക്ക് നേരെ നീട്ടി അന്‍സിഫ് എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞാല്‍, അയാള്‍ തന്റെ സങ്കീര്‍ണ്ണതകളെ തിരിച്ചറിഞ്ഞു തിരുത്തി എന്നെനിക്ക് ബോധ്യപ്പെട്ടാല്‍...

സത്യം പറയട്ടെ, ഞാന്‍ അയാളെ ചേര്‍ത്തു പിടിക്കും. തിരുത്താനുള്ള മനസ്സിനെ അഭിവാദ്യം ചെയ്യും.