Asianet News MalayalamAsianet News Malayalam

ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടമായി, എന്നിട്ടും തോറ്റുകൊടുത്തില്ല; പ്രചോദനമാണ് ഇവളുടെ ജീവിതം

ആ സമയത്ത് ബന്ധുക്കളും നാട്ടുകാരും പറഞ്ഞത് വീടിനും സമൂഹത്തിനും താനൊരു ശല്ല്യമായി മാറും എന്നായിരുന്നു. അതു കേട്ടാണ് താന്‍ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ ഡെറാഡൂണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വലി ഹാന്‍ഡികാപ്പ്ഡില്‍ ചേര്‍ന്നു. 

story of acid attack victim inderjith kaur
Author
Punjab, First Published Dec 30, 2018, 3:32 PM IST

ഇന്ദ്രജിത്ത് കൗറിന്‍റെ ഏഴ് വര്‍ഷങ്ങള്‍ നീണ്ട സഹനമാണ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ പിന്തുണക്കുന്നതിനായി പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 2011 ഡിസംബറിലാണ് ഇന്ദ്രജിത്ത് കൗറിന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. വിവാഹവാഗ്ദാനം നിരസിച്ചതിന് മഞ്ജിത് സിങ് എന്നയാളാണ് ഇന്ദ്രജിത്ത് കൗറിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. അതില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടതടക്കം പല നഷ്ടങ്ങളും അവള്‍ക്കുണ്ടായി. പക്ഷെ, അതൊന്നും അവളുടെ ഇച്ഛാശക്തിയെ ഇല്ലാതാക്കിയില്ല. 

ഇന്ന്, അവളുടെ മുപ്പതാമത്തെ വയസില്‍ ഒരു ബാങ്കര്‍ എന്ന നിലയിലുള്ള ജീവിതം കൂടി അവള്‍ ആരംഭിച്ചിരിക്കുന്നു. 2011 -ലെ ആസിഡ് ആക്രമണത്തിന് ശേഷം ഇത്തരം അക്രമങ്ങള്‍ക്ക് നേരെ അവള്‍ പൊരുതി. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ ഒരു പെറ്റീഷനും സമര്‍പ്പിച്ചു. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള പെറ്റീഷനായിരുന്നു അത്. 

ഇന്ന്, അവള്‍ ദില്ലിയിലെ കാനറാ ബാങ്കില്‍ ക്ലര്‍ക്കായി ജോലിയിലും പ്രവേശിച്ചു. ''ആക്രമണം നടന്നതിന് ശേഷം അമ്മയൊഴികെ ആരും തന്‍റെ അടുത്ത് സംസാരിച്ചിരുന്നില്ല. സഹോദരനടക്കം ഒരു ബന്ധുക്കളും തന്നെ പിന്തുണച്ചില്ല. തന്‍റെ കൂടെ നിന്നിരുന്നില്ല. അക്രമകാരികള്‍ക്കെതിരെ പോരാടാന്‍ തന്‍റെ കൂടെ നിന്നതുമില്ല. തനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പൂര്‍ണമായും ഒറ്റപ്പെട്ടു. ആ കാലത്ത് എപ്പോഴും താന്‍ കരയുകയായിരുന്നു'' എന്ന് ഇന്ദ്രജിത്ത് കൗര്‍ പറയുന്നു. 

ആ സമയത്ത് ബന്ധുക്കളും നാട്ടുകാരും പറഞ്ഞത് വീടിനും സമൂഹത്തിനും താനൊരു ശല്ല്യമായി മാറും എന്നായിരുന്നു. അതു കേട്ടാണ് താന്‍ എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ ഡെറാഡൂണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വലി ഹാന്‍ഡികാപ്പ്ഡില്‍ ചേര്‍ന്നു. പിന്നീട്, എം.എയും പി.എച്ച്.ഡിയും ചെയ്തു. ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു എന്നും അവള്‍ പറയുന്നു.

അപ്പോഴേക്കും അവള്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നു. കാഴ്ചയില്ലാത്തതിനാല്‍ റീഡിങ് ടെക്നിക്കുകളുപയോഗിച്ചായിരുന്നു പഠനം. പിന്നീട് ബാങ്ക് പരീക്ഷകളെഴുതി. മൂന്നാമത്തെ ശ്രമത്തില്‍ വിജയിച്ചു. ദില്ലിയില്‍ പോസ്റ്റിങ്ങും ആയി. ഇപ്പോള്‍, അവള്‍ നടത്തിയ നിയമപോരാട്ടത്തിലൂടെ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ ചികിത്സ അടക്കം സര്‍ക്കാര്‍ സഹായം ലഭിക്കുന്നു.

Follow Us:
Download App:
  • android
  • ios