നമ്മൾ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ കേൾക്കുന്ന ചില വാക്കുകളാണ് പാൻഡെമിക്, ക്വാറന്‍റൈന്‍ എന്നിവ. അതുപോലെ തന്നെ പലർക്കും തോന്നുന്ന ഒരു സംശയമാണ് ഈ പാൻഡെമികും, എപ്പിഡെമിക്കും തമ്മിൽ എന്താണ് വ്യത്യാസമെന്നത്. പലപ്പോഴും പല സന്ദർഭങ്ങളിലും നമ്മൾ ഇത് ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റെ ഉത്ഭവം എങ്ങനെയാണ് എന്നത് എത്ര പേർക്കറിയാം? ഇത് ഏത് ഭാഷയിൽ നിന്നാണ് ഉണ്ടായതെന്നും, അതിന് എങ്ങനെയാണ് ഇത്തരം ഒരർത്ഥം ഉണ്ടായതെന്നുമുള്ള കാര്യങ്ങൾ നോക്കിയാൽ വളരെ രസകരമാണ്. പാൻഡെമിക് എന്ന പദം 1660 -കളിലാണ് ആദ്യമായി രേഖപ്പെടുത്തിയത്. ഇത് ലാറ്റിൻ പദമായ 'പാൻഡെമസ്' -ൽ നിന്നാണ് വരുന്നത്. ആ ലാറ്റിൻ പദം ഗ്രീക്ക് പദമായ 'പാൻഡെമോസ്' -ൽ നിന്നാണ് വന്നത്. 'പാൻ' എന്നാൽ 'എല്ലാം, മുഴുവനും' എന്നാണ് അർത്ഥം. 'ആളുകൾ' എന്നാണ് 'ഡെമോകൾ' എന്നാൽ അർത്ഥം.  അങ്ങനെയാണ് 'പാൻഡെമസ്' എന്ന വാക്ക് ഉണ്ടായതും, കാലക്രമേണ പാൻഡെമിക്കായി മാറിയതും.  

പകർച്ചവ്യാധി എന്നർത്ഥം വരുന്ന 'എപ്പിഡെമിക്' എന്നത് ഹോമർ കഴിഞ്ഞാൽ ഹിപ്പോക്രാറ്റസാണ് പിന്നെ ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു കൃതിയുടെ തലക്കെട്ടായി അദ്ദേഹം ഈ പദം ഉപയോഗിക്കുകയായിരുന്നു. അക്കാലത്ത്, ഒരു സ്ഥലത്ത് വ്യാപിച്ച ചുമ അല്ലെങ്കിൽ വയറിളക്കം പോലുള്ള അസുഖത്തിന് നൽകിവന്ന പേരാണ് എപ്പിഡെമിക്. ഒരു നിശ്ചിത കാലയളവിൽ ഒരു സ്ഥലത്ത് മാത്രം വ്യാപിക്കുന്ന ഒരു രോഗത്തെ സൂചിപ്പിക്കാനാണ് ആ പദം ഉപയോഗിച്ചിരുന്നത്. എന്നാൽ കാലം ചെല്ലുന്തോറും ഈ പദത്തിന്റെ അർത്ഥം മാറാൻ തുടങ്ങി. മധ്യകാലഘട്ടത്തിൽ ആവർത്തിച്ച് പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിനുശേഷമാണ്, പകർച്ചവ്യാധിയ്ക്ക് കുറച്ചുകൂടി വ്യക്തമായ ഒരു നിർവചനം ഉണ്ടാകുന്നത്.  

1603 -ൽ പ്രസിദ്ധീകരിച്ച തോമസ് ലോഡ്‍ജിന്റെ 'എ ട്രീറ്റൈസ് ഓഫ് പ്ലേഗ്' എന്ന പുസ്‍തകത്തിൽ 'എപ്പിഡെമിക് പ്ലേഗിനെ' സാധാരണവും അറിയപ്പെടുന്നതുമായ ഒരു രോഗമായും, ഏതെങ്കിലും ഒരു പ്രദേശത്ത് അല്ലെങ്കിൽ ഒരു രാജ്യത്ത് ഒരു നിശ്ചിത സമയത്ത് സംഭവിക്കുന്ന ഒരു അസുഖമായും വിവരിക്കുന്നു. എപ്പിഡെമിക് എന്ന പദത്തിന് ശേഷമാണ് പാൻഡെമിക് എന്ന പദം ഇംഗ്ലീഷ് ഭാഷയിൽ ഇടം നേടുന്നത്. 'പാൻഡെമിക്' എന്ന വാക്ക്, അടിസ്ഥാനപരമായി കുറച്ചുകൂടി വിശാലമായ ഒരു ഭൂപ്രദേശത്ത് പടർന്നുപിടിക്കുന്ന ഒരു പകർച്ചവ്യാധിയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഒരു രാജ്യത്തിന്റെ അതിർത്തിവിട്ട് ഒരു പകർച്ചവ്യാധി മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുമ്പോൾ അതിനെ പാൻഡെമിക് എന്ന് വിളിക്കാം. 

അതുപോലെ തന്നെ നിലവിലെ പാൻഡെമിക്, തീർച്ചയായും, മധ്യകാലഘട്ടത്തിലെ പ്ലേഗിനെ ഓർമിപ്പിക്കുന്നതാണ്. 1350 -ഓടെ, വെനീഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ റാഗുസയിലെ ഉദ്യോഗസ്ഥർ 'ട്രെന്റിനോ' എന്ന് വിളിക്കുന്ന ഒരു നിയമം പാസാക്കുകയുണ്ടായി. അതിൻപ്രകാരം, പ്ലേഗ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയിരുന്ന കപ്പലുകൾക്ക് 30 ദിവസം ഒറ്റപ്പെട്ട് കഴിയണം.  നിയമപ്രകാരം, കപ്പലുകൾ സന്ദർശിക്കാൻ ആർക്കും അവകാശമില്ലായിരുന്നു. ഇനി അഥവാ ആരെങ്കിലും അവിടെ പോയാൽ അവർക്കും 30 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായിരുന്നു. ഈ പ്രവണത പതുക്കെ മറ്റ് നഗരങ്ങളിലേയ്ക്കും വ്യാപിച്ചു. ഒരു നൂറ്റാണ്ടിനുള്ളിൽ, ഈ ഒറ്റപ്പെടൽ കാലയളവ് 30 -ൽ നിന്ന് 40 ദിവസമായി വർദ്ധിപ്പിച്ചു. ഇതിനെ ട്രെന്റിനോ എന്നതിൽ നിന്ന് ക്വാറന്‍റൈനെ എന്നാക്കി മാറ്റി. ഇറ്റാലിയൻ ഭാഷയിൽ 'ക്വാറന്റ' എന്നാൽ  'നാൽപത്' എന്നാണർത്ഥം. ഇതിൽ നിന്നാണ് നമ്മൾ ഇപ്പോൾ പറഞ്ഞുകൊണ്ടിരിയ്ക്കുന്ന ക്വാറന്റൈനെ എന്ന വാക്കുണ്ടാകുന്നത്.    

വാക്കുകൾ ഭാഷകളിൽ നിന്നും ഭാഷകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി അവ ഉപയോഗത്തിലും പ്രയോഗത്തിലും മാറ്റങ്ങൾ ഉൾക്കൊണ്ട് പരിണാമം പ്രാപിച്ചു കൊണ്ടിരിക്കുന്നു. പല വാക്കുകൾക്കും പുതിയ മാനങ്ങൾ ലഭിക്കുന്നത് ഇതുപോലെയുള്ള പ്രക്ഷുബ്ദ്ധമായ കാലത്തിലൂടെ കടന്നുപോകുമ്പോഴാണ്. ഉദാഹരണമായി സുനാമി എന്ന പദം ആദ്യം 'ടൈഡൽ വേവ്' അല്ലെങ്കിൽ 'ഹാർബർ വേവ്' എന്നതിന്റെ ജാപ്പനീസ് പദം മാത്രമായിരുന്നു. എന്നാൽ ഇന്ന് വിനാശകരമായ ഒരു മാറ്റത്തെ സൂചിപ്പിക്കാൻ ആ വാക്ക് നമ്മൾ ഉപയോഗിക്കുന്നു. അതുപോലെ നാളെ ഒരു കാലത്ത് കൊറോണ വൈറസും, മഹാമാരിയും നമ്മൾ ഇപ്പോൾ മനസ്സിലാക്കുന്നതിനും അപ്പുറം വിശാലമായ ഒരു അർത്ഥതലം ഉണ്ടാക്കിയേക്കാം.