Asianet News MalayalamAsianet News Malayalam

ചൈനയില്‍ ഉയിഗുര്‍ മുസ്ലിംകളെ നിര്‍ബന്ധിത തൊഴിലിന് ഇരയാക്കുന്നു? തടങ്കല്‍പ്പാളയത്തില്‍ കഴിയുന്നതെത്രപേര്‍?

അക്രമാസക്തമായ മതതീവ്രവാദത്തെ ചെറുക്കാൻ "തൊഴിൽ പരിശീലന കേന്ദ്രങ്ങളായി" ക്യാമ്പുകൾ ഉപയോഗിക്കുന്നുവെന്നാണ് അന്ന് ചൈനീസ് അധികൃതർ പറഞ്ഞത്. എന്നാൽ തന്റെ വിശ്വാസം പ്രകടിപ്പിച്ചതിനോ, പ്രാർത്ഥിച്ചതിനോ, മൂടുപടം ധരിച്ചനോ ഒക്കെയാണ് ആളുകളെ തടങ്കലിലാക്കിയത് എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.

Uyghurs of China undergo forced labor in factories
Author
China, First Published Mar 8, 2020, 12:40 PM IST

മുസ്ലിം ന്യൂനപക്ഷ വിഭാഗമായ ഉയിഗുറുകൾ ചൈനയിൽ മനുഷ്യാവകാശ ലംഘനത്തിന് വിധേയരാകുന്നു എന്നത് ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ചൈന ഒരു ദശലക്ഷം ഉയിഗുറുകളെയെങ്കിലും തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ചിരിക്കുന്നു എന്നാണ് അനുമാനം. തീവ്രവാദത്തെ ചെറുക്കുകയാണ് ക്യാമ്പുകളുടെ ലക്ഷ്യമെന്നാണ് അധികൃതരുടെ ന്യായീകരണം. അവിടെ അവർക്ക് മതസ്വാതന്ത്രമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും, ചൈനയുടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലേയ്ക്കും, സംസ്കാരത്തിലേയ്ക്കും നിർബന്ധിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങൾ അവിടെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോർട്ട് പ്രകാരം, ആയിരക്കണക്കിന് ഉയിഗുറുകൾ ചൈനയിലെ ഫാക്ടറികളിൽ നിർബന്ധിത തൊഴിലിൽ ഏർപ്പെടുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഉയിഗുറുകളുടെ പുനർ‌വിദ്യാഭ്യാസത്തിന്റെ അടുത്ത ഘട്ടമാണിതെന്ന് ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പറയുമ്പോഴും, അവർ ഒരു മതിലിനപ്പുറത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ അംഗങ്ങൾ ഇപ്പോൾ ബിരുദം നേടിയിട്ടുണ്ടെന്ന് ചൈനീസ് മുതിർന്ന ഉദ്യോഗസ്ഥർ ഡിസംബറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞതിനെ തുടർന്നാണ് ഈ പുതിയ റിപ്പോർട്ട്. 

Uyghurs of China undergo forced labor in factories

 

ഫാക്ടറിയിൽ അധ്വാനിക്കുന്ന ഭൂരിഭാഗം മുസ്ലീം വംശജരായ ഉയിഗുറുകൾ ഒരു കവാടത്തിനകത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. അവർക്ക് വെളിയിൽ പോകാൻ അനുവാദമില്ല. കൂടാതെ ആരാധന നടത്താനോ, തല മറയ്ക്കാനോവരെ അവർക്ക് അവകാശമില്ല. തന്നെയുമല്ല ഫാക്ടറിയുടെ പ്രവേശന കവാടത്തിൽ അവരെ നിരീക്ഷിക്കാനായി സുരക്ഷാ ക്യാമറകളും കാവൽക്കാരെയും സ്ഥാപിച്ചിരിക്കയാണ്.  

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചൈനയിലുടനീളമുള്ള ഫാക്ടറികളിൽ ജോലി ചെയ്യുന്നതിനായി 80,000 -ത്തിലധികം ഉയിഗുറുകളെയാണ് ക്യാമ്പുകളിൽ നിന്നും, വീടുകളിൽനിന്നും അടർത്തിമാറ്റിയത്. തടവുകാർ ക്യാമ്പുകളിൽ നിന്ന് 'ബിരുദം' നേടുമ്പോൾ, അവരെ ഫാക്ടറികളിൽ ജോലിക്ക് അയയ്ക്കുന്നു. ചൈനയുടെ കിഴക്കൻ ഭാഗത്തെ ആന്തരിക ചൈന എന്നറിയപ്പെടുന്ന ഫാക്ടറികളിൽ ജോലി ചെയ്യാനാണ് ഭരണകൂടം അവരെ അയയ്ക്കുന്നത്. മിക്കവരെയും ബലപ്രയോഗത്തിലൂടെ അവിടേയ്ക്ക് തള്ളിവിട്ടത്. ജോലി നിയമനങ്ങൾ നിരസിക്കാനോ, അതിൽ നിന്ന് രക്ഷപ്പെടാനോ ഉയിഗുറുകൾക്ക് കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് സർക്കാർ ഉയിഗുറുകളെ അടിച്ചമർത്തുന്നതിന്റെ ഒരു പുതിയ ഘട്ടമാണ് ഇതെന്നും ചിലർ അഭിപ്രായപ്പെട്ടു. "അവർ ഞങ്ങളെ ആരാധിക്കാൻ അനുവദിക്കുന്നില്ല” ഉയിഗുറുകളോടൊപ്പം ആഴ്ചകളോളം ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഒരു ഹുയി മുസ്ലീം സ്ത്രീ പറഞ്ഞു. അവർ ഞങ്ങളെ പുറത്തുവിടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

Uyghurs of China undergo forced labor in factories

 

ആപ്പിൾ, ബി‌എം‌ഡബ്ല്യു, ഗ്യാപ്, സാംസങ്, സോണി, ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെയുള്ള 83 ആഗോള ബ്രാൻഡുകളുടെ വിതരണ ശൃംഖലയിലുള്ള ഫാക്ടറികളിലാണ് ഉയിഗുറുകൾ ജോലിചെയ്യുന്നത്. ഫാക്ടറികളിൽ, മറ്റ് തൊഴിലാളികളുടേതിന് തുല്യമായ പ്രതിഫലം ഉയിഗുറുകൾക്ക് നൽകുന്നുണ്ടെങ്കിലും, അവരെ രണ്ടാം തരക്കാരായാണ് പരിഗണിക്കുന്നത്. ജോലി കഴിഞ്ഞ് അവർക്ക് സർക്കാർ സ്പോൺസർ ചെയ്ത ക്ലാസ്സുകളിൽ പങ്കെടുക്കണം. അവിടെ മാൻഡറിന്‍ ഭാഷ, അല്ലെങ്കിൽ രാഷ്ട്രീയം, വംശീയ ഐക്യം എന്നിവ പഠിപ്പിക്കുന്നു. എന്നാൽ, ഇതിനെ കുറിച്ച് തങ്ങൾക്ക് അറിവൊന്നും ലഭിച്ചിട്ടില്ല എന്നാണ് കമ്പനികളായ ആപ്പിളും, എൽ ജിയും ഒക്കെ പറയുന്നത്. 

Uyghurs of China undergo forced labor in factories

 

“ഈ ആളുകൾക്ക് വിദ്യാഭ്യാസം ഇല്ലെന്നും, അശക്തരാണെന്നും, ഒറ്റപ്പെട്ടവരാണെന്നും സർക്കാർ വിലയിരുത്തുന്നു. അവർക്ക് മാൻഡറിന്‍ സംസാരിക്കാൻ കഴിയില്ലെന്നും അവർ പരിഹസിക്കുന്നു. അപ്പോൾ പിന്നെ എന്തുചെയ്യും? സർക്കാർ അവരെ ‘അഭ്യസിപ്പിക്കുന്നു’. അവരുടെ വ്യക്തിത്വത്തെയും, സംസ്കാരത്തെയും, വിശ്വാസത്തെയും ഇല്ലാതാക്കി അവരെ തങ്ങളുടെ സ്വന്തം ഇമേജിൽ രൂപപ്പെടുത്തി എടുക്കാൻ അവർ ശ്രമിക്കുന്നു. ചൈനീസ് സംസ്കാരത്തിലേയ്ക്ക് അവരെ കൊണ്ടുവരാൻ ആവുന്നതെല്ലാം ചെയ്യുന്നു" മെൽബണിലെ ലാ ട്രോബ് സർവകലാശാലയിലെ ചൈനീസ് വംശീയ നയത്തിന്റെ പണ്ഡിതനായ ജെയിംസ് ലീബോൾഡ് പറഞ്ഞു.

Uyghurs of China undergo forced labor in factories

 

2018 -ലാണ് സിൻജിയാങ്ങിലെ തടങ്കൽപ്പാളയങ്ങളിൽ വ്യാപകമായി ഉയിഗുറുകളെ തടങ്കലിൽ വയ്ക്കുന്നു എന്ന റിപ്പോർട്ടുകൾ ആദ്യമായി പുറത്തുവന്നത്. അക്രമാസക്തമായ മതതീവ്രവാദത്തെ ചെറുക്കാൻ 'തൊഴിൽ പരിശീലന കേന്ദ്രങ്ങളായി' ക്യാമ്പുകൾ ഉപയോഗിക്കുന്നുവെന്നാണ് അന്ന് ചൈനീസ് അധികൃതർ പറഞ്ഞത്. എന്നാൽ, തന്റെ വിശ്വാസം പ്രകടിപ്പിച്ചതിനോ, പ്രാർത്ഥിച്ചതിനോ, മൂടുപടം ധരിച്ചതിനോ ഒക്കെയാണ് ആളുകളെ തടങ്കലിലാക്കിയത് എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. എന്ത് തന്നെയായാലും, സഞ്ചാര സ്വന്തന്ത്രവും, മതസ്വാതന്ത്രവും ഇല്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന അവരുടെ അവസ്ഥ പരിതാപകരമാണ്. വിദേശ സർക്കാരുകളും, സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും ഉയിഗുറുകളെ നിർബന്ധിത തൊഴിൽ ചെയ്യിക്കുന്നതിനും, നിയമവിരുദ്ധമായി തടങ്കലുകളിൽ പാർപ്പിക്കുന്നതിനും എതിരെ ചൈനീസ് സർക്കാരിനുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കണം.  

ചിത്രങ്ങള്‍ പ്രതിഷേധങ്ങളില്‍നിന്ന്. കടപ്പാട് : ഗെറ്റിഇമേജ്

വായിക്കാം: 

'ഞങ്ങളുടെ അച്ഛനമ്മമാരെ തട്ടിയെടുത്ത് ക്യാമ്പിലടച്ചത് ചൈനയാണ്', ടർക്കിയിലെ ഉയിഗുർ അഭയാർത്ഥിക്കുഞ്ഞുങ്ങളുടെ സങ്കടം

ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെയുള്ള പീഡനം; ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി യുഎസ്

വീടിനുള്ളില്‍ ഒരു കമ്യൂണിസ്റ്റ് ചാരന്‍; ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിം ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്!

ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടവരുടെ ഭാര്യമാരുടെ കിടക്കയിലേക്കും ഗവണ്‍മെന്‍റ് ചാരന്മാര്‍; ചൈനയിലെ ഉയിഗുര്‍ ജീവിതം

 

Follow Us:
Download App:
  • android
  • ios