രാജ്യത്തെ ഭൂരിപക്ഷത്തിന്‍റേതില്‍ നിന്ന് മാറിയുള്ള മതവും ആചാരങ്ങളും രാഷ്ട്രീയവും ജീവിതരീതിയുമാണ് നമ്മുടേത്. അതിന്‍റെ പേരില്‍ ഭരണകൂടം നമ്മുടെ വീട്ടിലെ പുരുഷന്മാരെ 'നന്നാക്കാന്‍' വേണ്ടി ക്യാമ്പുകളില്‍ തടവിലാക്കുന്നു. തുടര്‍ന്ന് 'നിങ്ങള്‍ക്കിതാ ഒരു ബന്ധു' എന്ന് പറഞ്ഞ് ഒരു സര്‍ക്കാര്‍ പ്രതിനിധിയെ നമ്മുടെ വീട്ടിലേക്കയക്കുന്നു. അയാള്‍ നമ്മുടെ വീട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുകയും ഇനിമുതല്‍ ഈ ഭാഷയും സംസ്‍കാരവുമാണ് നിങ്ങള്‍ പിന്തുടരേണ്ടത് എന്ന് പറയുകയും ചെയ്യുന്നു. തീര്‍ന്നില്ല, നമ്മുടെ വീട്ടിലെ സ്ത്രീക്കൊപ്പം, ക്യാമ്പുകളിലാക്കപ്പെട്ടവരുടെ ഭാര്യയ്ക്കൊപ്പം ഒരേ കിടക്കയില്‍ ഈ സര്‍ക്കാര്‍ ചാരന്‍ ഉറങ്ങുകയും ചെയ്യുന്നു. എന്താകും നമ്മുടെ അവസ്ഥ? ആലോചിക്കാന്‍ പോലുമാവുന്നില്ല അല്ലേ? എന്നാല്‍, കുറേക്കാലമായി ചൈനയില്‍ ഉയിഗുര്‍ വംശജരുടെ അവസ്ഥ അതാണ്. 

ഉയിഗുര്‍ വംശജര്‍ അനുഭവിച്ചുവരുന്ന പ്രശ്‍നങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കുറച്ചുകാലങ്ങളായി പുറംലോകത്തെത്തുന്നുണ്ട്. മതപരമായ ആചാരവൈവിധ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിന്‍റെ പേരില്‍ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉയിഗുറുകള്‍ക്കെതിരെ വര്‍ഷങ്ങളായി നിഷേധാത്മകനിലപാടുകളാണ് വെച്ചുപുലര്‍ത്തുന്നത്. ഉയിഗുറുകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള സിസിടിവി നിരീക്ഷണങ്ങളും അവരുടെ വീടുകളില്‍ നിര്‍ബന്ധിതമായി ഗവണ്‍മെന്‍റിന്‍റെ ചാരന്മാരെ പാര്‍പ്പിക്കലും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് തോന്നുന്ന ഉയിഗുറുകളെ വലിയ റീഎജുക്കേഷന്‍ സെന്‍ററുകളില്‍ പാര്‍പ്പിച്ച് ചൈനീസ് വിദ്യാഭ്യാസം നല്‍കലും ഒക്കെ ഇതിന്‍റെ ഭാഗമായി നടന്നുപോരുന്നുണ്ട്. ഇപ്പോള്‍, വന്നിരിക്കുന്ന വാര്‍ത്ത മനുഷ്യാവകാശത്തിന്‍റെ കടുത്ത ലംഘനങ്ങളിലൊന്ന് തന്നെയാണ്. ഇങ്ങനെ തടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ടിരിക്കുന്ന പുരുഷന്മാരുടെ വീടുകളിലേക്ക് അയക്കപ്പെടുന്ന ഗവണ്‍മെന്‍റ് ചാരന്‍/ കാഡറുകളെ സംബന്ധിച്ചാണത്. ഈ കേഡര്‍മാര്‍ വീട്ടിലെ സ്ത്രീകളുടെ കൂടെ ഒരു ബെഡ്ഡില്‍ തന്നെ കിടക്കുകയും ചെയ്യേണ്ടി വരുന്ന നിലയിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. 

2017 -ന്‍റെ അവസാനം മുതൽ, മുസ്ലീം - പ്രത്യേകിച്ചും XUAR ( China’s Xinjiang Uyghur Autonomous Region) -ലെ കുടുംബങ്ങളിലേക്ക് ഉദ്യോഗസ്ഥരെത്തുകയും അവരെ ചൈനീസ് സംസ്കാരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'ജോഡിയാക്കി കുടുംബമാക്കുക' (Pair Up and Become Family) എന്നത് ചൈനീസ് സര്‍ക്കാര്‍ ഉയിഗുറുകള്‍ക്ക് നേരെ നടപ്പിലാക്കുന്ന അനേകം നയങ്ങളിലൊന്നായിരുന്നു. 2017 ഏപ്രിൽ മുതൽ തന്നെ ഇങ്ങനെ വ്യത്യസ്തമായ മതാചാരങ്ങളെ ഉള്‍ക്കൊള്ളുന്നവരെയും മറ്റ് രാഷ്ട്രീയത്തില്‍ (അധികൃതരുടെ ഭാഷയില്‍ തെറ്റായ രാഷ്ട്രീയം) വിശ്വസിക്കുന്നവരെയും ഉള്‍ക്കൊള്ളുന്ന 1.5 ദശലക്ഷം ഉയിഗുര്‍ വംശജരെയും മറ്റ് മുസ്‍ലിം ന്യൂനപക്ഷങ്ങളെയും പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ പണിയുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. 

ഇങ്ങനെ പുരുഷന്മാര്‍ തടങ്കലിലായിരിക്കുന്ന പല വീടുകളിലും 'റിലേറ്റീവ്' (ബന്ധു) എന്ന പേര് നല്‍കിയിരിക്കുന്ന ഒരു സര്‍ക്കാര്‍ പ്രതിനിധി എത്തുകയും ഈ ബന്ധു വീട്ടിലെ കാര്യങ്ങളില്‍ വീട്ടിലെ അംഗത്തെപ്പോലെ ഇടപെടുകയും ചെയ്യുന്നു. ഈരണ്ടു മാസത്തില്‍ ഓരോ വീട്ടിലും ആറ് ദിവസമെങ്കിലും ഇവര്‍ താമസിക്കുന്നു. പേര് വെളിപ്പെടുത്താനാകാത്ത ഒരു കേഡറുടെ വെളിപ്പെടുത്തല്‍ ഇപ്രകാരമാണ്:

എല്ലാ രണ്ട് മാസം കൂടുമ്പോഴും ഈ വീടുകളിലെത്തും. ജോഡികളെന്ന് പറഞ്ഞിരിക്കുന്നവരുമായി ഒരുമിച്ച് കഴിയും. പകല്‍ മാത്രമല്ല, രാത്രികളിലും അവര്‍ക്കൊപ്പം തന്നെയാണ് കഴിയേണ്ടത്. കുടുംബത്തിന് പുതിയ ആശയസംഹിതകളും ആശയങ്ങളും പഠിപ്പിക്കും. ജീവിതത്തെ കുറിച്ച് സംസാരിക്കും. ആ സമത്താണ് നമുക്കിടയിലൊരു ബന്ധം രൂപപ്പെട്ടുവരുന്നത്. ഒരുമിച്ച് വീട്ടിലെ കാര്യങ്ങള്‍ നോക്കുകയും ഭക്ഷണം കഴിക്കുകയും മാത്രമല്ല. രാത്രിയില്‍ ഈ വീട്ടിലെ സ്ത്രീകള്‍ക്കൊപ്പം ഒരേ കിടക്കയില്‍ തന്നെയാണ് ഉറങ്ങുന്നതും. പ്രത്യേകിച്ച് മഞ്ഞുകാലങ്ങളില്‍... സാധാരണ ഒന്നോ രണ്ടോ പേരോ ആണ് ഒരു ബെഡ്ഡില്‍ കിടക്കുന്നതെങ്കില്‍ മഞ്ഞുകാലമെത്തിയാല്‍ മൂന്നോ അതിലധികമോ പേരൊക്കെ ഒരു ബെഡ്ഡില്‍ കിടക്കും. 

ശരിയായ രീതിയില്‍ കിടപ്പറ ഒരുക്കുന്നതിനും മറ്റും നമ്മളവരെ സഹായിക്കാറുണ്ട്. ഇനിയഥവാ എത്തുന്ന വീട്ടില്‍ കട്ടിലില്ലെങ്കില്‍ അവരെവിടെയാണോ കിടക്കുന്നത് ആ സ്ഥലത്ത് തന്നെ അവരുടെ കൂടെത്തന്നെ നമ്മളും കിടക്കും. എല്ലാവര്‍ക്കും ഒരുമിച്ച് കിടക്കാവുന്ന ഒരിടത്ത് എല്ലാവരും ചേര്‍ന്ന് തൊട്ടുമുട്ടിയായിരിക്കും പലപ്പോഴും കിടക്കുക. ഞങ്ങളാരും ഒരിക്കലും സ്ത്രീകളെ ചൂഷണം ചെയ്യാറില്ല. അങ്ങനെയൊന്ന് കേള്‍ക്കാനും പറ്റില്ല. ഇപ്പോള്‍, ഇങ്ങനെ വരുന്ന ബന്ധുക്കള്‍ക്കൊപ്പം ഒരുമിച്ചുറങ്ങുക എന്നത് സാധാരണമായിത്തന്നെയാണ് അവര്‍ കാണുന്നത്. 

എന്നാല്‍, വീട്ടുകാര്‍ ഇതിനെ എതിര്‍ക്കില്ലേ, പ്രത്യേകിച്ച് വീട്ടിലെ പുരുഷന്മാര്‍ തടങ്കലിലായിരിക്കുന്ന സമയത്ത്, അവരെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ നിയമിച്ച ആളുകള്‍ക്കൊപ്പം കഴിയാന്‍ എന്ന ചോദ്യത്തിന് ഇയാളുടെ മറുപടി ഇല്ല എന്നാണ്. മാത്രമല്ല, അവരെല്ലാം വളരെ ഉത്സാഹുക്കളാണെന്നും വീട്ടിലെത്തുന്ന ഓഫീസര്‍ക്ക് ആവശ്യമുള്ളതെന്തും ചെയ്‍തുകൊടുക്കാന്‍ അവര്‍ സന്നദ്ധരാണെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. 

Yengisar County -ലെ ഒരു പ്രാദേശിക അയൽക്കൂട്ട സമിതിയുടെ തലവനും ഇതെല്ലാം ശരിവെക്കുന്ന തരത്തിലാണ് സംസാരിച്ചത്. അയാള്‍ പറയുന്നത്: 

വീട്ടിലുള്ളവര്‍ ഈ അധികൃതരയക്കുന്ന ബന്ധുക്കളെ അംഗീകരിക്കുന്നുണ്ട്. കിടക്കുമ്പോള്‍ ഒരുമിച്ച് തന്നെയാണ് കിടക്കുന്നത്. അതില്‍ പ്രശ്‍നമൊന്നുമില്ല. ഒരു മീറ്ററിന്‍റെ വ്യത്യാസത്തിലാണ് രാത്രികളില്‍ കിടക്കുന്നത്. ഇങ്ങനെ ഒരുമിച്ച് കിടക്കുന്നതിനെ ഇതുവരെ സ്ത്രീകളാരും എതിര്‍ത്തിട്ടില്ല. 'വംശീയ ഐക്യം' പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണിത്. 

എന്നാല്‍, ഈ അധികൃതര്‍ നിയമിക്കുന്ന പ്രതിനിധികളെ അംഗീകരിക്കാതിരിക്കുകയോ, അവര്‍ ചെയ്യുന്ന എന്തെങ്കിലും പ്രവ‍ൃത്തികളെ എതിര്‍ക്കുകയോ ചെയ്‍താല്‍ എതിര്‍ക്കുന്നവരും ഇത്തരം തടങ്കലുകളിലാവും എന്നതും സ്‍പഷ്‍ടമാണ്. നേരത്തെ വന്ന പല റിപ്പോര്‍ട്ടുകളും ഇത് സംബന്ധിച്ചുണ്ട്. 

നിര്‍ബന്ധിത ബന്ധുത്വം

ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റൈറ്റ്സ് വാച്ചിന്‍റെ കണക്കനുസരിച്ച് 2017 ഡിസംബറിൽ, അധികൃതർ ഒക്ടോബർ 2016 -ലെ 'പെയർ അപ്പ് ആൻഡ് ഫാമിലി ഡ്രൈവ്' വിപുലീകരിച്ചു. ഇതനുസരിച്ച് രണ്ട് മാസത്തിലൊരിക്കൽ ഒരു ലക്ഷത്തിലധികം ഉദ്യോഗസ്ഥർ തെക്കൻ XUAR -ലെ ഉയിഗുർ വീടുകൾ സന്ദർശിക്കുന്നുണ്ട്. ഒരു ദശലക്ഷത്തിലധികം കേഡർമാരെ ആഴ്ചയിൽ വീടുകളിൽ ചെലവഴിക്കാൻ വേണ്ടി അണിനിരത്തിയിട്ടുണ്ട്, പ്രാഥമികമായും അത് നടപ്പിലാക്കിയിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഈ ഹോം സ്റ്റേ പരിപാടിയുടെ ഭാഗമായി ഇന്ന് ഈ കേഡര്‍മാര്‍ രണ്ട് മാസത്തില്‍ അഞ്ച് ദിവസമെങ്കിലും ഉയിഗുര്‍ വംശജരുടെ വീട്ടില്‍ താമസിക്കും. എന്നാല്‍, ഇതിനെ ഏതെങ്കിലും വീട്ടുകാര്‍ എതിര്‍ത്തിരുന്നോ എന്നതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ല. 

ഈ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ചെലവഴിച്ചതിന്‍റെ റിപ്പോര്‍ട്ടുകള്‍ ഫോട്ടോ സഹിതം തയ്യാറാക്കപ്പെടുന്നു. പലതും ബന്ധപ്പെട്ട ഏജന്‍സികളുടെ ഫേസ്ബുക്ക് പേജുകളിലും പങ്കുവെക്കപ്പെടുന്നു. വീട്ടിലെ അംഗങ്ങളെപ്പോലെ അടുത്തിടപഴകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് പങ്കുവെക്കപ്പെടുന്നത്. ഒരുമിച്ചിരിക്കുന്നതും ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും കുട്ടികളെ പഠിപ്പിക്കുന്നതുമടക്കമുള്ള ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. അതിന് ഈ വീട്ടുകാരുടെ സമ്മതമുണ്ടോ എന്നത് വ്യക്തമല്ല. ഉയിഗുര്‍ വംശജരും ഇങ്ങനെ ഫോട്ടോ 'ഇതാ എന്‍റെ പുതിയ ബന്ധു' എന്ന മട്ടില്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും പങ്കുവെച്ച് കാണാറുണ്ട്. എന്നാലിത് നിര്‍ബന്ധിതമായി ചെയ്യിക്കുകയോ, ആ ഉദ്യോഗസ്ഥന്‍ തന്നെ പങ്കുവെക്കുന്നതോ ആവാം. 

അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനം എന്നാണ് സംഘടന ഇതിനെ വിശേഷിപ്പിച്ചത്. പ്രാഥമികമായ അവകാശങ്ങളുടെ ലംഘനം എന്നതിനും അപ്പുറം ഈ മേഖലയില്‍ കടുത്ത നീരസവും വിദ്വേഷവും വളര്‍ത്താനും കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മ്യൂണിച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് പറയുന്നത് Pair Up and Become Family കാമ്പയിന്‍ ഈ മനുഷ്യരുടെ സ്വകാര്യതയിലേക്കും സുരക്ഷിതത്വത്തിലേക്കും സാധാരണഗതിയിലുള്ള ജീവിതത്തിലേക്കുമുള്ള പൂര്‍ണമായ കടന്നുകയറ്റമാണ് എന്നാണ്. ഒരു മോചനവും സാധ്യമല്ലാത്ത തരത്തിലുള്ള തടവറകളായി ഉയിഗുര്‍ വംശജരുടെ വീടുകള്‍ മാറുന്നു എന്നും അദ്ദേഹം പറയുന്നു. 

ഈ ഉയിഗുറുകളുടെ വീട്ടില്‍ തങ്ങാനെത്തുന്നവര്‍ അവര്‍ കഴിക്കാത്ത തരത്തില്‍ / ഹറാമായിട്ടുള്ള മദ്യവും മാംസവും ഒക്കെക്കൊണ്ടാണ് എത്തുക. തുടര്‍ന്ന്, അവരെ അവ കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചൈനീസ് ഭാഷ പഠിപ്പിക്കുകയും മറ്റും ചെയ്യുകയാണ് എന്നും വിവരങ്ങളുണ്ട്. ഏതായാലും ചൈനീസ് സര്‍ക്കാര്‍ ഉയിഗുര്‍ വംശജരോട് കാണിക്കുന്ന ഈ അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനങ്ങള്‍ ലോകത്തിന്‍റെ തന്നെ ശ്രദ്ധയാവശ്യപ്പെടുന്നതാണ്. 

വീടിനുള്ളില്‍ ഒരു കമ്യൂണിസ്റ്റ് ചാരന്‍; ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിം ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്!