ആധുനിക ലോകത്തിലെ ഭൂരിഭാഗം ആളുകളും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. എന്നാൽ, പണ്ട് മുതലേ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിരുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എട്ടാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയിൽ, സ്ൻ‍കാഡിനേവിയയിൽ നിന്ന് വന്ന ആളുകളെയാണ്  ‘വൈക്കിംഗ്’ എന്ന് വിളിക്കുന്നത്.   അടുത്തകാലത്തായി നടന്ന ഒരു പഠനത്തിൽ വൈക്കിംഗുകൾ സ്ഥാപിച്ച ഏറ്റവും ജനപ്രിയമായ ശിലാഫലകങ്ങളിലൊന്നിൽ താപനിലയെക്കുറിച്ചും, അതികഠിനമായ ശൈത്യകാലത്തെകുറിച്ചും അവർ ആശങ്ക പങ്കുവച്ചിരുന്നതായി ശാസ്ത്രജ്ഞർക്ക് കണ്ടെത്തി. ഇത് അവരുടെ സംസ്‍കാരത്തിനെയും പുരാണങ്ങളെയും സ്വാധീനിച്ചിരിക്കാം എന്നും ഗവേഷകർ അനുമാനിക്കുന്നു. 

ഏകദേശം 800 എഡി -യിൽ സ്ഥാപിച്ചതമായ, 700 -ൽ അധികം പ്രതീകങ്ങളുള്ള ഈ ശിലാഫലകം സ്വീഡനിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‍കാരിക കരകൗശല വസ്‍തുക്കളിൽ ഒന്നാണ്. ഒരു നൂറ്റാണ്ടിലേറെയായി അതിൻ്റെ അർത്ഥം കണ്ടെത്താൻ ഗവേഷകർ പരിശ്രമിക്കുകയായിരുന്നു. എന്നാൽ, മരണപ്പെട്ട തൻ്റെ മകൻ വാമെയുടെ സ്‍മരണയ്ക്കായി വാരിൻ എന്ന വ്യക്തിയാണോ ഇത് കൊത്തിയെടുത്തത് എന്നും ചിലർ സംശയിക്കുന്നുണ്ട്. 

1,200 വർഷത്തിനുശേഷം, അതിൻ്റെ സന്ദേശത്തെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ, വരാനിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്കണ്ഠയാണ് അതിൻ്റെ ഉള്ളടക്കം എന്ന് അവർ മനസ്സിലാക്കി. ഫുത്താർക്ക്: ഇന്റർനാഷണൽ ജേണൽ ഓഫ് റൂണിക് സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ശാസ്ത്രജ്ഞർ ഇത് വെളിപ്പെടുത്തിയത്.  

ഗോഥെൻബർഗ് സർവകലാശാലയിലെ സ്വീഡിഷ് പ്രൊഫസറായ പെർ ഹോൾബർഗിൻ്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം നടത്തിയ പഠനത്തിൽ, തൻ്റെ മകൻ്റെ മരണത്തെയും മരണാനന്തര ജീവിതത്തെയും  തലമുറകളായി കൈമാറിവന്ന കാലാവസ്ഥ വീക്ഷണങ്ങളുമായി ബന്ധിപ്പിക്കാൻ വാരിൻ ഉദ്ദേശിച്ചിരുന്നുവെന്ന് കണ്ടെത്താനായി.   

തൻ്റെ മകൻ്റെ മരണം പാരിസ്ഥിതിക സംഭവങ്ങളുടെ അർത്ഥവത്തായ ഒരു സ്‍മാരകത്തിലൂടെ എന്നെന്നേക്കുമായി നിലനിർത്തുക എന്നതായിരുന്നു വാരിൻ്റെ പ്രധാന ലക്ഷ്യം. "അതിൽ അദ്ദേഹം കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു” ഹോൾബർഗും കൂട്ടരും പഠനത്തിൽ പറഞ്ഞു. എ ഡി 536 -ലെ കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അവർ വിശ്വസിക്കുന്നു. ആറാം നൂറ്റാണ്ടിൽ തെക്കൻ അർദ്ധഗോളത്തിൽ നടന്ന അഗ്നിപർവ്വത സ്‌ഫോടനങ്ങൾ താപനില കുറയാൻ കാരണമായി, ഇത് വളരെ തണുത്ത ശൈത്യകാലത്തിലേക്ക് നയിച്ചു.   

ശൈത്യകാലം വിളവെടുപ്പ് മോശമാവാനും, ക്ഷാമത്തിനും കാരണമായി. സ്‍കാന്‍ഡിനേവിയയിലെ ജനസംഖ്യ 50% വരെ കുറയാൻ ആറാം നൂറ്റാണ്ടിലെ ഈ പ്രതിസന്ധി കാരണമായി. സ്‍കാന്‍ഡിനേവിയയെ തകർത്ത ആ  കാലാവസ്ഥാ പ്രതിസന്ധി ആവർത്തിക്കുമെന്ന് വൈക്കിംഗ്‍സ് ഭയപ്പെട്ടിരുന്നുവെന്ന് ഗവേഷകർ വിശ്വസിക്കുന്നു. വൈക്കിംഗ് ശിലാഫലകം ഒരു മുൻകാല കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരാമർശം മാത്രമല്ല, പുതിയതിനെക്കുറിച്ചുള്ള ഭയത്തെയും സൂചിപ്പിക്കുന്നു. അതിൽ പരാമർശിച്ചിട്ടുള്ള സൂര്യഗ്രഹണവും, തണുത്തുറഞ്ഞ ഒരു വേനൽകാലവും അതിൻ്റെ സൂചനകളാണ്. 

വൈക്കിംഗ് ശിലാഫലകത്തിൻ്റെ ഈ പുതിയ വ്യാഖ്യാനം പുതിയ ഉൾക്കാഴ്ചകൾ നൽകുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്ക വൈക്കിംഗിൻ്റെ ലോകവീക്ഷണത്തെയും സംസ്കാരത്തെയും വളരെയധികം സ്വാധീനിച്ചുവെന്ന് ഇത് തെളിയിക്കുന്നു. കൂടാതെ, അവരുടെ സമൂഹത്തിൻ്റെ, ലോകത്തിൻ്റെ അസ്ഥിരതയെകുറിച്ചും അവർ വളരെ ബോധവാന്മാരായിരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.