Asianet News MalayalamAsianet News Malayalam

സുപ്രധാന ജിഎസ്‌ടി കൗൺസിൽ യോ​ഗം 12 ന്: വ്യവസായ സംഘടനകളുടെ ആവശ്യം അം​ഗീകരിക്കാൻ ഇടയില്ല

ലോക്ക്ഡൗണിലെ ധനകാര്യ പ്രതിസന്ധികളും കൊവിഡിന് ശേഷമുളള വ്യവസായ രം​ഗത്തിന്റെ തിരിച്ചുവരവും യോ​ഗത്തിൽ ചർച്ചയായേക്കും. 

gst council meeting on 12th June 2020
Author
New Delhi, First Published Jun 6, 2020, 10:08 PM IST

ജിഎസ്‌ടി കൗൺസിലിന്റെ സുപ്രധാന യോ​ഗം ജൂൺ 12 ന് ചേരും. മൂന്ന് മാസത്തിലൊരിക്കൽ കൗൺസിൽ ചേരണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ ജിഎസ്‌ടി കൗൺസിൽ യോ​ഗം മാർച്ച് 14 നാണ് ന‌ടന്നത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായ ശേഷമുളള ആദ്യ കൗൺസിൽ യോ​ഗം എന്ന നിലയിൽ ഇത് ഏറെ നിർണായകമാണ്.

ലോക്ക്ഡൗണിലെ ധനകാര്യ പ്രതിസന്ധികളും കൊവിഡിന് ശേഷമുളള വ്യവസായ രം​ഗത്തിന്റെ തിരിച്ചുവരവും യോ​ഗത്തിൽ ചർച്ചയായേക്കും. ജിഎസ്‌ടി നഷ്ടപരിഹാര വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുളള തർക്കങ്ങളും യോ​ഗത്തിൽ ഉയരുമെന്നുറപ്പാണ്. വിപണിയിൽ നിന്ന് വായ്പയെ‌‌ടുത്ത് നഷ്ടപരിഹാര വിതരണം നടത്തുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ യോ​ഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിൽ തുടർച്ച ചർച്ചകളുണ്ടായേക്കും. 

ജിഎസ്‌ടി നികുതി ഘട‌ന പരിഹരിക്കുന്നത് സംബന്ധിച്ച് വ്യവസായ ഫെഡറേഷനുകളും സംഘടനകളും ഉയർത്തുന്ന ആവശ്യം പരി​ഗണിക്കാൻ ഇടയില്ല. കഴിഞ്ഞ മൂന്ന് മാസത്തിനി‌ടയ്ക്ക് വലിയ തോതിൽ നികുതി വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഒരു നികുതി പരിഷ്കരണം സർക്കാരിന്റെ പരി​ഗണനയിൽ ഇല്ല. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാ​രമായി ഇതുവരെ മൊത്തം 1,51,496 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തിട്ടുളളത്. കഴിഞ്ഞ ദിവസം വിതരണം ചെയ്ത 36,400 കോടി ഉൾപ്പെടയുളള കണക്കാണിത്. 

ജിഎസ്‌ടി വരുമാനത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തുല്യ ദു:ഖിതരാണ്. കഴിഞ്ഞ മൂന്ന് മാസമായി ജിഎസ്‌ടി വരുമാന വരവിൽ വൻ ഇ‌ടിവാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ഉണ്ടായിട്ടുളളത്. ജിഎസ്ടി സെസിലൂ‌ടെ ലഭിക്കുന്ന തുക മാത്രമേ സംസ്ഥാനങ്ങൾക്ക് നഷ്‌ടപരിഹാരമായി നൽകുകയൊള്ളു എന്ന ധനമന്ത്രിയു‌ടെ ബജറ്റിലെ പ്രഖ്യാപനം സംസ്ഥാനങ്ങൾ അം​ഗീകരിച്ചിട്ടില്ല. കൊവിഡ് ധന -ആ​രോ​ഗ്യ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂ‌ടുതൽ തർക്കങ്ങളിലേക്ക് തൽക്കാലം നീങ്ങാൻ സാധ്യത കുറവാണ്. 

ജിഎസ്‌ടി നഷ്ടപരിഹാര വിതരണ കാലവധി 2022 ഓടെ അവസാനിക്കും. ഈ കാലാവധി നീ‌ട്ടണമെന്നാണ് ഏറെ നാളായി സംസ്ഥാനങ്ങൾ ആവശ്യപ്പെ‌ടുന്നത്. എന്നാൽ, ഈ ആവശ്യം ധനകാര്യ കമ്മീഷൻ അം​ഗീകരിക്കാൻ തയ്യാറല്ല. നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച മന്ത്രിമാരു‌ടെ സമിതി നൽകുന്ന ശുപാർശ യോ​ഗം ചർച്ച ചെയ്തേക്കും. 2017 ഓ​ഗസ്റ്റ് മുതൽ 2019 ജനുവരി വരെയുളള നികുതി തിരിച്ചടവിൽ വിവിധ വിഭാ​ഗങ്ങൾ വരുത്തിയ പിഴ തിരിച്ചു നൽകുന്നതിൽ കൗൺസിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് ലഭിക്കുന്ന സൂചന. 

Follow Us:
Download App:
  • android
  • ios