പിലാത്തറ: റീപോളിംഗ് നടക്കുന്ന കണ്ണൂര്‍ പിലാത്തറയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് സിപിഎം പ്രവർത്തകരുടെ  മർദ്ദനം. കാസർകോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താന്‍റെ പ്രചാരണം തടഞ്ഞ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു ആക്രമണം. 

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കാസര്‍കോട് റിപ്പോർട്ടർ മുജീബ് റഹ്മാനെ സിപിഎം പ്രവർത്തകര്‍ മർദ്ദിച്ചു. മുജീബിന്‍റെ മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തു. ക്യാമറമാന്‍ സുനില്‍ കുമാറിനെയും അക്രമികള്‍ കയ്യേറ്റം ചെയ്തു. കൊട്ടിക്കലാശത്തിനിടെയായിരുന്നു ആക്രമണം. 

കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാസര്‍കോട് ലോക്സഭാ മണ്ഡലമായ കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഉള്‍പ്പടെ ഏഴ് ബൂത്തുകളില്‍ റീപോളിംഗ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19ന്(ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് റീപോളിംഗ്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.