ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച നേട്ടം ഇന്ത്യയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ രാജ്യം നിര്‍മ്മിക്കുമെന്ന് മോദി പ്രതികരിച്ചു. ഒന്നിച്ച് വളരാമെന്നും ഒന്നിച്ച് പുരോഗതി നേടാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജയത്തിലേക്ക് കുതിക്കുമ്പോള്‍ ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ആദ്യപ്രതികരണം.

കേവലഭൂരിപക്ഷം ഒറ്റയ്ക്ക് നേടി ബിജെപി വീണ്ടും അധികാരത്തിലേക്കെത്തുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുമായിട്ടാണ് മോദി ഭരണത്തിലേക്ക് നീങ്ങുന്നത്.  543 സീറ്റുകളിൽ 542 എണ്ണത്തിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷമുറപ്പിക്കാൻ ഒരു പാർട്ടിക്കോ മുന്നണിക്കോ ഇതിൽ 272 സീറ്റുകൾ വേണം. 2014-ൽ 282 സീറ്റുകൾ നേടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയാണ് മോദി അധികാരത്തിലേറിയത്. അതേ, വിജയത്തിളക്കം, സീറ്റുകളുടെ എണ്ണം കൂട്ടി മോദി ആവർത്തിച്ചിരിക്കുന്നു. 

ഇന്ന് വൈകിട്ട് ദില്ലിയിൽ ചേരുന്ന ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ ഇനിയെന്തൊക്കെ നടപടികൾ വേണമെന്ന കാര്യങ്ങൾ ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചരയോടെ ബിജെപി ആസ്ഥാനത്തെത്തും. വൈകിട്ട് ആറ് മണിയോടെ മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് 25-ന് ദില്ലിയിലെത്താൻ ബിജെപി നിർദേശിച്ചിട്ടുണ്ട്. അതായത് പിറ്റേന്നാകും സത്യപ്രതിജ്ഞാ ചടങ്ങുകളെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, വാരാണസിയിൽ സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും സജീവമാണ്.