ദില്ലി: രണ്ടാം മോദി സർക്കാർ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് 47 ശതമാനം പേർ വിശ്വസിക്കുന്നതായി സർവേഫലം. ഇന്ത്യ ടുഡേയും കാർവി ഇൻസൈറ്റ്സും ചേർന്ന് നടത്തിയ മൂഡ് ഓഫ് ദി നേഷൻ സർവെയാണ് ഫലം പുറത്തുവിട്ടത്. 12141 പേരിൽനിന്നാണ് സർവേഎടുത്തത്. ഇതിൽ 30 ശതമാനം പേർ മോദി സർക്കാർ ഇക്കുറി കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിക്കുമെന്ന് കരുതുന്നില്ല. 19 ശതമാനം പേർ അറിയില്ലെന്നും രേഖപ്പെടുത്തി.

പടിഞ്ഞാറൻ മേഖലയിലുള്ള സംസ്ഥാനങ്ങളിലെ 55 ശതമാനം പേരും മോദി സർക്കാർ കൂടുതൽ തൊഴിലസരങ്ങൾ സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിലെ 43 ശതമാനം പേരും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 45 ശതമാനം പേരും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 46 ശതമാനം പേരും മോദി സർക്കാർ കൂടുതൽ  തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ഗ്രാമപ്രദേശങ്ങളിലെ 48 ശതമാനം പേരും നഗരമേഖലയിലെ 45 ശതമാനം പേരും ഇതേ വിശ്വാസക്കാരാണ്.

എന്നാലും സർവേയിൽ പങ്കെടുത്ത 32 ശതമാനം പേരും തൊഴിലില്ലായ്മ രാജ്യം നേരിടുന്ന വലിയ പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. കർഷകരുടെ പ്രശ്നങ്ങൾ 15 ശതമാനം പേരും വിലക്കയറ്റം 14 ശതമാനം പേരും പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടി. ധനമന്ത്രി എന്ന നിലയിൽ നിർമ്മല സീതാരാമൻ മികച്ച പ്രവർത്തനം നടത്തുന്നെന്ന് 39 ശതമാനം പേർ അഭിപ്രായപ്പെട്ടു.

എന്നാൽ, സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിൽ ധനമന്ത്രി സമ്പൂർണ്ണ പരാജയമാണെന്ന് 30 ശതമാനം പേർ അഭിപ്രായപ്പെടുന്നു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ധനമന്ത്രി ശ്രമിച്ചുവെന്ന അഭിപ്രായക്കാരാണ് 37 ശതമാനം ആളുകളും. 30 ശതമാനം പേർ ഇക്കാര്യത്തിൽ ധനമന്ത്രി വൻ പരാജയമാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.