ഇംഫാല്‍: ബിജെപിയിൽ ചേരാൻ ക്ഷണമുണ്ടായിരുന്നുവെന്ന് മണിപ്പൂരിലെ ഉരുക്ക് വനിതയെന്നറിയപ്പെടുന്ന ഇറോം ശര്‍മ്മിള. കോൺഗ്രസ് മുഖ്യമന്ത്രി ഒക്റാം ഇബോബിക്കെതിരെ മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടതെന്നും ഇറോം പറഞ്ഞു.
എന്നാല്‍ തനിക്ക് സ്വതന്ത്രയായി മത്സരിക്കാനാണ് താല്‍പര്യമെന്നും ഇബോബിക്കെതിരെ മത്സരിക്കണമെങ്കില്‍ പ്രചാരണച്ചെലവിനായി 36 കോടി രൂപ വേണമെന്നും ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വം പണം നൽകാൻ തയ്യാറായിരുന്നുവെന്ന് ഇറോം ശര്‍മ്മിള പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കാനില്ലെന്നും ഇറോം വ്യക്തമാക്കി.
എന്നാല്‍ ഇറോം ശര്‍മ്മിള പറയുന്നത് പച്ചക്കള്ളമാണെന്നും മണിപ്പൂരിലെ ആകെ പ്രചാരണത്തിന് ബിജെപിക്ക് 36 കോടി രൂപപോലും ആവശ്യമില്ലെന്നായിരുന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാംമാദവിന്റെ പ്രതികരണം. പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തിന് തെളിവ് നല്‍കിയില്ലെങ്കില്‍ ഇറോമിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും രാംമാധവ് പറഞ്ഞു. തൗബല്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി ഒക്‌റാം ഇബോബിയ്ക്കെതിരെ സ്വതന്ത്രയായാണ് ഇറോം മത്സരിക്കുന്നത്.
