മുംബൈ: പാക്കിസ്ഥാനിൽനിന്ന് കൊണ്ടുവന്ന് വിൽക്കുന്ന പലച്ചരക്ക് സാധനങ്ങൾ പിടികൂടി മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകർ കത്തിച്ചു. നവി മുംബൈയിലെ സനപടയിലെ സെക്ടർ അഞ്ചിലെ കടയിൽനിന്ന് ബലമായി പിടിച്ചെടുത്ത സാധനങ്ങളാണ് പ്രവർത്തകർ കത്തിച്ചത്. മീറ്റ് വാലെ ഡോട്ട് കോം എന്ന കടയിൽനിന്നാണ് സാധങ്ങൾ പിടികൂടിയത്. ഞായറാഴ്ചയായിരുന്നു സംഭവം.  

കടയിൽ പാക്കിസ്ഥാനിൽനിന്നുള്ള ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് നവനിർമാൺ സേന പ്രവർത്തകർ എത്തിയത്.  പ്രവർത്തകർ കടയിൽ അതിക്രമിച്ച് കയറുകയും സാധനങ്ങൾ വലിച്ച് പുറത്തെറിയുകയും ചെയ്തു. ഏകദേശം പത്തിലധികം പ്രവർത്തകർ ചേർന്നാണ് സാധനങ്ങൾ കത്തിച്ചത്.

പാക്കിസ്ഥാനിലെ ഷാൻ സ്പൈസസ് എന്ന പേരിലുള്ള ഉത്പന്നങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. പാക്കിസ്ഥാനിൽനിന്നും കൊണ്ടുവന്ന മറ്റ് ഉത്പങ്ങൾ കടയിൽനിന്ന് മാറ്റണമെന്ന് പ്രവർത്തകർ ഉടമയ്ക്ക് താക്കീത് നൽകി. കൂടാതെ പാക്കിസ്ഥാനിൽനിന്നുള്ള ഉത്പന്നങ്ങൾ വിൽക്കരുതെന്ന് മറ്റ് കടയുടമകൾക്ക് പ്രവർത്തകർ മുന്നറിയിപ്പും നൽകി.