മലപ്പുറം: മലപ്പുറം വട്ടപ്പാറയില്‍ ടാങ്കര്‍ ലോറിമറിഞ്ഞുള്ള വാതക ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ചോര്‍ച്ച അടക്കാൻ കഴിയാത്തതിനാല്‍ മറ്റ് ടാങ്കറുകളിലേക്ക് വാതകം മാറ്റി നിറച്ചാണ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. രാത്രി പത്തു മണിക്കാണ് വാതകം മാറ്റി നിറയ്ക്കൽ തുടങ്ങിയത്.

പൂർണ്ണമായും ഗ്യാസ് മാറ്റി നിറക്കുന്നതിന് ഏതാണ്ട് പത്രണ്ട് മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് ഐ.ഒ.സി അധികൃതർ അറിയിച്ചിട്ടുള്ളത്. ലോറി മറിഞ്ഞത് കല്ലിന്റെ മുകളിലേക്കായതിനാലാണ് ചോർച്ച അടക്കാൻ കഴിയാത്തത്. മലപ്പുറത്തിനു പുറമേ തൃശ്ശൂര്‍ ,കോഴിക്കോട് ജില്ലകളില്‍ നിന്നുമായി ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകൾ വട്ടപ്പാറയിലെത്തിയിട്ടുണ്ട്.

കണ്ണൂര്‍ ചാലയില്‍ നേരത്തെയുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കനത്ത മുൻകരുതലാണ് ജില്ലാ ഭരണകൂടം ഏര്‍പെടുത്തിയിട്ടുള്ളത് .പ്രദേശത്ത് 500 മീറ്ററിനുള്ളി ല്‍താമസിക്കുന്നവരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മൊബൈല്‍ഫോൺ ഉപയോഗം നിരോധിച്ചു. ദേശീയപാതയില്‍ വാഹന ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിൽ ഇതിനു മുമ്പും പല തവണ ടാങ്കർ ലോറികൾ മറിഞ്ഞ് അപകടമുണ്ടായിട്ടുണ്ട്.