ദില്ലി; 2020-ഓടെ രാജ്യത്തെ വാഹനപകടങ്ങള്‍ നിലവിലുള്ളതില്‍ നിന്നും 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മോട്ടോര്‍വാഹന ആക്ട് ഭേദഗതി ബില്‍ ഇന്ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ പാസ്സായേക്കും. 

കഴിഞ്ഞ ഏപ്രിലില്‍ ലോക്‌സഭ പാസ്സാക്കിയ ഈ ബില്‍ ഇനി രാജ്യസഭയും കൂടി അംഗീകരിക്കേണ്ടതുണ്ട്. ശേഷം ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ രാജ്യത്തെ മോട്ടര്‍ വാഹന നിയമത്തില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരും. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ അനുസരിച്ചും വാഹന ഉടമകളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടുമുള്ള പുതിയ ഭേദഗതികള്‍ 30 വര്‍ഷം പഴക്കമുള്ള മോട്ടോര്‍ വാഹന ആക്ടിനെ അടിമുടി ഉടച്ചു വാര്‍ക്കുന്നതാണ്.

കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഇന്ത്യ. ഒരു വര്‍ഷം ഒന്നരലക്ഷം ആളുകളാണ് ഇന്ത്യയിലെ നിരത്തുകളില്‍ മരിക്കുന്നത്. അപകടങ്ങളും അതിലൂടെയുണ്ടാവുന്ന മരണങ്ങളും പരമാവധി കുറയ്ക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. 

ബില്ലിലെ പ്രധാന ശുപാര്‍ശകള്‍ ഇവയാണ്...

 • തകരാറുള്ള വാഹനങ്ങള്‍ (മാനുഫാക്ച്ചറിംഗ് ഡിഫക്ട്‌സ്) വില്‍ക്കുന്ന വാഹനനിര്‍മ്മാതകള്‍ക്ക് കനത്ത പിഴ 
 • ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ വര്‍ഷത്തില്‍ പത്ത് ശതമാനം വച്ച് വര്‍ധിപ്പിക്കണം.
 • ഡ്രൈവിംഗ് ലൈസന്‍സിനും ആര്‍സി ബുക്കിനും ആധാര്‍ നിര്‍ബന്ധം.
 • അജ്ഞാത വാഹനങ്ങള്‍ ഇടിച്ചു മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ നഷ്ടപരിഹാരം 25,000-ത്തില്‍ നിന്നും 2 ലക്ഷമായി ഉയര്‍ത്തും
 • പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനമോടിച്ച് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ കുട്ടിയുടെ രക്ഷകര്‍ത്താവോ വാഹനത്തിന്റെ ഉടമയ്‌ക്കോ ആയിരിക്കും പൂര്‍ണ ഉത്തരവാദിത്തം. എന്നാല്‍ തങ്ങളുടെ അറിവോടെയല്ല വാഹനം എടുത്ത് ഓടിച്ചതെന്ന് ഇവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചാല്‍ വാഹനമോടിച്ച കുട്ടിയ്‌ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കാം. എന്നാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഇതോടെ റദ്ദാവും. 
 • അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് കേസുകളില്‍ നിന്ന് സംരക്ഷണം. സ്വന്തം ഇഷ്ടപ്രകാരം മാത്രം രക്ഷാപ്രവര്‍ത്തകര്‍ക്ക് പേരുവിവരങ്ങള്‍ പോലീസിനോടും ഡോക്ടര്‍മാരോടും വെളിപ്പെടുത്തിയാല്‍ മതി. 
 • മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000(നേരത്തെ 2000), അപകടകരമായി വാഹനമോടിച്ചാല്‍ പിഴ 5000 (നേരത്തെ 1000),ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴ 5000 (നേരത്തെ 500), അമിതവേഗതയ്ക്ക് പിഴ 1000 മുതല്‍ 2000 വരെ (നേരത്തെ 400), സീറ്റ് ബെല്‍റ്റില്ലെങ്കില്‍ - 1000 (നേരത്തെ 100), മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പിഴ - 5000 മുതല്‍ 10,000 വരെ.
 • രാജ്യത്തെ മുഴുവന്‍ വാഹന ഉപഭോക്താകള്‍ക്കും നിര്‍ബന്ധിത വാഹന ഇന്‍ഷുറന്‍സ്. ഇതിനായി മോട്ടോര്‍ വാഹന അപകട ഫണ്ട് രൂപീകരിക്കും. 
 • വികലാംഗര്‍ക്കായി വാഹനങ്ങള്‍ ആള്‍ട്ടര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാക്കി. 
 • റോഡിന്റെ അപാകത മൂലം അപകടമുണ്ടായാല്‍ റോഡ് നിര്‍മ്മിച്ച കോണ്‍ട്രാക്ടര്‍, ഡിസൈന്‍ ചെയ്ത കണ്‍സല്‍ട്ടന്റ്, റോഡിന്റെ ഉടമസ്ഥത വഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയ്ക്കായിരിക്കും ഉത്തരവാദിത്തം.
 • വാഹനപകടങ്ങളില്‍ ഇരയായവരുടെ ക്ലെയിം ആറു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം. 
 • ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി തീര്‍ന്നാല്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പുതുക്കണം. നേരത്തെ ഇത് ഒരു മാസമായിരുന്നു.
 • അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് ഇനി പരമാവധി പരിധിയില്ല. നേരത്തെ ഇത് മരിച്ചവര്‍ക്ക് പരമാവധി 10 ലക്ഷവും അപകടത്തില്‍പ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷവുമായിരുന്നു. 
 • നിശ്ചിത നിലവാരമില്ലെന്ന് ബോധ്യപ്പെട്ട വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരം. ഇത്തരം സംഭവങ്ങള്‍ പ്രസ്തുത വാഹനം നിര്‍മ്മിച്ച കമ്പനി 500 കോടി വരെ നഷ്ടപരിഹാരം നല്‍കേണ്ടി വരും.