റിയാദ്: സൗദിയില്‍ ഇറക്കുമതി കുറച്ചു ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്താന്‍ നീക്കം. ഇതോടൊപ്പം സൗദിവത്ക്കരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സമിതി രൂപീകരിക്കാനുള്ള ശ്രമം തുടരുന്നു. ഇത് സംബന്ധമായി ഈ ആഴ്ച സൗദി ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

സ്വകാര്യ മേഖലയിലെ സ്വദേശീവല്ക്കരണം കാര്യക്ഷമമാക്കുക, അതോടൊപ്പം ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഉന്നതരടങ്ങിയ പ്രത്യേക സമിതി രൂപീകരിക്കണം എന്നാണു ചില സൗദി ശൂറാ കൌണ്‌സില്‍ അംഗങ്ങള്‍ മുന്നോട്ടു വെച്ച നിര്‍ദേശം. ശൂറാ കൌണ്‌സില്‍ ഈ ആഴ്ച തന്നെ ഇത് സംബന്ധമായി ചര്‍ച്ച നടത്തും. കൗണ്‍സില്‍ അംഗങ്ങള്ക്കിടയില്‍ ഭൂരിഭക്ഷം ലഭിച്ചാല്‍ സമിതി യാഥാര്‍ത്ഥ്യമാകും. കൂടുതല്‍ സൗദികള്‍ക്ക് മെച്ചപ്പെട്ട ജോലി കണ്ടെത്താനുള്ള പദ്ധതി സമിതി തയ്യാറാക്കും. അടുത്ത പതിനഞ്ചു വര്‍ഷത്തിനിടയില്‍ പത്ത് ലക്ഷത്തിലധികം സ്വദേശികള്‍ക്ക് ജോലി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കൗണ്‍സില്‍ അംഗം അബ്ദുറഹ്മാന്‍ അല്‍ റാഷിദ് പറഞ്ഞു. അതോടൊപ്പം ഉത്പാദന മേഖലയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ സൗദികളെ നിയമിച്ച് ആഭ്യന്തര ഉല്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തുക, വിദേശ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുക എന്നിവയും സമിതിയുടെ ലക്ഷ്യങ്ങളായിരിക്കും. എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ മറ്റു മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്തേണ്ടതുണ്ട്. 2009ല്‍ എണ്ണ വരുമാനം പതിമൂന്നു ശതമാനം ആയിരുന്നത്  2013 ആയപ്പോഴേക്കും എട്ടു ശതമാനമായി കുറഞ്ഞു. ഇറക്കുമതി ചെയ്യപ്പെടുന്ന സാധനങ്ങള്‍ സൗദിയില്‍ തന്നെ ഉല്പാദിപ്പിച്ചാല്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാകുകയും ചെയ്യും.