ബിയജിംഗ്: കൊവിഡ് 19 ഏറ്റവും കൂടുതല്‍ ജീവന്‍ അപഹരിച്ച ചൈനയില്‍  ആളുകള്‍ വലിയ ജാഗ്രതയിലാണ്. ഇതിന് ഉദാഹരണമായി ചൈനയിലെ ബാര്‍ബര്‍മാര്‍ പിന്തുടരുന്ന രീതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരക്ഷയ്ക്കായി മുടിവെട്ടാനുള്ള ഉപകരണങ്ങള്‍ നീളമുള്ള വടിയില്‍ ഘടിപ്പിച്ചാണ് ഇവര്‍ മുടി വെട്ടുന്നത്. 

ഹീബിങ് എന്ന സ്റ്റൈലിസ്റ്റ് ആണ് തന്റെ സഹപ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മുടി വെട്ടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചൈനയിലെ സിചുവാന്‍ പ്രവശ്യയിലെ ലുഷോയില്‍ പ്രവര്‍ത്തിക്കുന്ന  ഇവരുടെ സലൂണിലെ ഈ ആശയം കോവിഡ് 19നോടുള്ള മുന്‍കരുതലെന്നോണമാണ് നടപ്പിലാക്കിയിരിക്കുന്നത്. 

മൂന്നടി നീളമുള്ള വടിയിലാണ് മുടി വെട്ടാനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒരു ബാര്‍ബര്‍ നീളമുള്ള വടി ഉപയോഗിച്ച് ഒരാളുടെ തലയില്‍ ഷാംപൂ ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. സലൂണില്‍ എത്തിയ എല്ലാവരും തന്നെ മാസ്‌കും ധരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഭയം കൂടാതെ മുടി വെട്ടാനുള്ള അവസരം ഒരുക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സലൂണിന്റെ ഉടമ വ്യക്തമാക്കി.