മസ്‍കത്ത്:  ഒമാനിലെ ജയിലുകളിൽ കഴിയുന്ന 28 പേർക്ക് റമദാൻ മാസത്തിൽ മോചനം സാധ്യമാകുന്നു. ഒമാൻ ലോയേഴ്‍സ് അസോസിയേഷന്റെ 'ഫാക് കുർബാ' പദ്ധതി പ്രകാരമാണിത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പെട്ട് അൽ ദാഹിറ ഗവർണറേറ്റിലെ  ജയിലുകളിൽ കഴിയുന്ന 28 പേരുടെ മോചനമാണ് സാധ്യമായത്.

തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കികൊണ്ടാണ് അവരുടെ മോചനത്തിന് വഴി തുറന്നത്. ലോയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 2012 മുതൽ നടത്തിവരുന്ന ഈ പദ്ധതിയിലൂടെ ധാരാളം പേർക്ക് ഇതിനോടകം ജയിൽ മോചനം ലഭിച്ചിട്ടുണ്ട്.  സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിൽ പരാജയപെട്ട് ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവർക്ക്‌, രണ്ടാമതൊരു അവസരം കൂടി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ഫാക് കുര്‍ബ' പദ്ധതി ആരംഭിച്ചത്. ചെറിയ പെരുന്നാളിനു മുമ്പ് ഇവരുടെ മോചനം സാധ്യമാക്കാനാണ് ശ്രമം. ഒമാൻ സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ സഹകരണോടെ ഇതിനോടകം 1715  പേർക്ക് മോചനം  ലഭിച്ചുകഴിഞ്ഞതായി  സംഘാടകർ വ്യക്തമാക്കി. നൂറിലധികം അഭിഭാഷകരാണ് പദ്ധതിക്കായി സന്നദ്ധ സേവനം നടത്തിവരുന്നത് .