കുവൈത്തിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിലായി വൻ ലഹരിവേട്ട. മയക്കുമരുന്നുകളും നിരോധിത ഗുളികകളും വിദേശ മദ്യവും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി. മയക്കുമരുന്ന് കടത്തിനും വിപണനത്തിനുമെതിരെ സുരക്ഷാ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിൽ നാല് പ്രവാസികളും പിടിയിലായി. വിപണനത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള മയക്കുമരുന്നുകളും നിരോധിത ഗുളികകളും വിദേശ മദ്യശേഖരവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായാണ് ഈ ഓപ്പറേഷനുകൾ നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ആദ്യത്തെ റെയ്ഡിൽ രണ്ട് പ്രതികളെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഇവരിൽ നിന്ന് വിവിധ ബ്രാൻഡുകളുടെ 207 കുപ്പി വിദേശമദ്യവും ഒരു ഗ്രാം ഹെറോയിനും കണ്ടെടുത്തു. തുടർന്ന് നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണ് മറ്റ് രണ്ട് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം രണ്ട് കിലോഗ്രാം ഹാഷിഷ്, 250 ഗ്രാം കഞ്ചാവ്, 500 ഗ്രാം മെത്താംഫെറ്റാമൈൻ, 1,500 ലിറിക്ക കാപ്സ്യൂളുകൾ, 100 മെത്താഡോൺ ഗുളികകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ ലഹരിവസ്തുക്കൾ തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.