കുവൈത്ത് സിറ്റി: കുവൈത്തിൽ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കുടുംബ വിസ നൽകില്ലെന്ന പ്രചാരണം താമസാനുമതികാര്യ വിഭാഗം നിഷേധിച്ചു. കുടുംബനാഥന്റെ കുറഞ്ഞ ശന്പളം 500 ദിനാർ ആയിരിക്കണമെന്ന വ്യവസ്ഥ മാത്രമേ പുതുതായി കൊണ്ടുവന്നിട്ടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

18 വയസിന് മീതെ പ്രായമുള്ള കുട്ടികളുടെ ഇഖാമ പുതുക്കി നൽകില്ലെന്നും വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലന്ന് താമസകാര്യ വിഭാഗം വ്യക്തമാക്കി. 18 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾ കുവൈത്തിലോ വിദേശത്തോ പഠനം നടത്തുകയാണെങ്കിൽ അക്കാര്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാ‍ജരാക്കിയാൽ ഇഖാമ പുതുക്കാൻ കഴിയും.

ഭാര്യയ്ക്കും മക്കൾക്കും കുടുംബ സന്ദർശക വിസ ലഭിക്കുന്നതിന് സ്പോൺസറുടെ കുറഞ്ഞ ശമ്പളം 250 ദിനാർ തന്നെയാണ്. പ്രത്യേക കേസുകളിൽ 200 ദിനാർ ഉള്ളവർക്ക് വിസ നൽകുന്നതിനുള്ള വിവേചനാധികാരം താമസാനുമതികാര്യവിഭാഗം ഉദ്യോഗസ്ഥർക്കായിരിക്കും.

രക്ഷിതാക്കൾക്കും സഹോദരങ്ങൾക്കും കുടുംബ സന്ദർശക വിസ ഒരുമാസത്തേക്ക് ആയിരിക്കും. ഭാര്യക്കും കുട്ടികൾക്കും മൂന്ന് മാസത്തേക്കുള്ള വീസ ലഭിക്കും. രണ്ട് വിഭാഗത്തിലും കാലാവധി ദീർഘിപ്പിക്കുന്നതിന്ന് ആരോഗ്യം പോലുള്ള കാരണങ്ങൾ പരിഗണിച്ച് താമസാനുമതി കാര്യ വിഭാഗം ഉദ്യോഗസ്ഥർക്ക് തീരുമാനമെടുക്കാൻ അധികാരമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.