മസ്കറ്റ്: ഒമാനിൽ സ്വദേശി വത്കരണം കൂടുതൽ ശക്തമാക്കുന്നു. സെയിൽസ്  പർച്ചേയ്‌സ് മേഖലയിൽ തൊഴിലെടുക്കുന്ന വിദേശികളുടെ വിസ പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സെയിൽസ് റെപ്രസെന്റേറ്റീവ്/സെയിൽസ് പ്രമോട്ടർ, പർച്ചേഴ്‌സ് റെപ്രസെന്റേറ്റീവ് എന്നി തസ്തിക നൂറു ശതമാനവും സ്വദേശിവത്കരിച്ചുകൊണ്ടു കഴിഞ്ഞ ദിവസം ഒമാൻ മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ബക്‌രി ഉത്തരവ് പുറത്തിറക്കിയിരുന്നു.

ഇതിന്മേൽ കൂടുതൽ വിശദീകരണവുമായിട്ടാണ് ഇന്ന് മാനവ വിഭവശേഷി മന്ത്രാലയം രംഗത്തെത്തിയത്. ഈ തസ്തികയിൽ തൊഴിൽ ചെയ്തു വരുന്ന വിദേശികൾ വിസ കാലാവധി കഴിയുമ്പോൾ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കർശന നിര്‍ദ്ദേശം. കാലാവധി പൂർത്തീകരിക്കുന്ന ഈ വിസകൾ പുതുക്കി നല്കുകയില്ലെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു. അതോടൊപ്പം ഇൻഷുറൻസ് മേഖലകളിലെ സ്വദേശിവത്കരണവും പുരോഗമിച്ചു വരുന്നു.

ഈ മേഖലയിൽ 75 % ശതമാനം സ്വദേശിവൽക്കരണം പാലിക്കണമെന്നാണ് മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ആരോഗ്യ മേഖലയിലെ ഫാർമസിസ്റ്റ് തസ്തിക പൂർണമായും സ്വദേശികൾക്കായി നീക്കി വെക്കുവാനാണ് തീരുമാനം. ഒമാൻ ദേശിയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 17 ലക്ഷത്തോളം വിദേശികളാണ് ഒമാനിൽ വിവിധ മേഖലകകളിലായി തൊഴിൽ ചെയ്തു വരുന്നത്.