റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി ഫാമിലി വിസിറ്റ് വിസ ദീര്‍ഘിപ്പിക്കാന്‍ ആറ് വ്യവസ്ഥകള്‍ ബാധകമാണെന്ന് ജവാസത്ത് ഡയറക്ടറേറ്റ്. കാലാവധി അവസാനിക്കാന്‍ ഏഴോ അതില്‍ കുറവോ ദിവസം ശേഷിക്കുമ്പോഴാണ് വിസിറ്റ് വിസ കാലയളവ് നീട്ടേണ്ടത്.

കാലാവധി അവസാനിച്ച് മൂന്ന് ദിവസം പിന്നിടാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സന്ദര്‍ശകന്‍ രാജ്യത്തിനകത്തായിരിക്കണം. ഗതാഗത നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെങ്കില്‍ അത് അടച്ചു തീര്‍ക്കുകയും വേണം. വിസ ദീര്‍ഘിപ്പിക്കുന്ന അത്രയും കാലയളവിലേക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. അക്കാലയളവില്‍ സാധുവായ പാസ്‌പോര്‍ട്ടും ഉണ്ടാവണം. വിസ ദീര്‍ഘിപ്പിക്കാനുള്ള ഫീസ് അടയ്ക്കണം. ദീര്‍ഘിപ്പിച്ച ശേഷം വിസയിലെ ആകെ കാലാവധി സൗദിയില്‍ പ്രവേശിച്ച ദിവസം മുതല്‍ 180 ദിവസം കവിയാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.