സഹോദരസ്നേഹത്തിന്റെ ആഴം വൈകാരിക തീവ്രതയോടെ ഒപ്പിയെടുക്കുന്ന സീതാകല്ല്യാണം പറയുന്നത് സീത, സ്വാതി, ശ്രാവണി എന്നീ മൂന്ന് സഹോദരിമാരുടെ കഥയാണ്. മൂവരുടെയും ആത്മബന്ധവും അവരെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന രാജേശ്വരി എന്ന അമ്മായിയമ്മയും, ആരുടെകൂടെ നില്‍ക്കണം എന്നറിയാതെ കുഴയുന്ന സീതയുടേയും സ്വാതിയുടേയും ഭര്‍ത്താക്കന്മാരായ കല്ല്യാണ്‍, അജയ് എന്നിവരും പരമ്പരയിലേക്ക് പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അജയ് എന്ന കഥാപാത്രം മരിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പുതിയ എപ്പിസോഡില്‍ വമ്പന്‍ ട്വിസ്റ്റായി അജയ് തിരികെ എത്തിയിരിക്കുകയാണ്.

സീതയെ കൊല്ലാനും സ്വത്ത് കയ്യടക്കാനുമുള്ള രാജേശ്വരിയുടെ തന്ത്രങ്ങളില്‍ അജയ് പെട്ടുപോകുകയാണുണ്ടായത്. തീപ്പൊരി ഭാസ്‌ക്കരന്‍ എന്ന ഗുണ്ടയുടേയും രാജേശ്വരിയുടെ സെക്രട്ടറിയായ മൂര്‍ത്തിയുടേയും സഹായത്തോടെ സീതയെ ഇല്ലാതാക്കാനാണ് രാജേശ്വരി പ്ലാന്‍ ചെയ്തത്. എന്നാല്‍. സീതയെ കൊല്ലാനായി തീപ്പൊരി പാഞ്ഞടുത്ത സമയത്ത് ഇടയിലേക്ക് കയറിയ അജയിയെ തീപ്പൊരി കത്തികൊണ്ട് കുത്തുകയും, ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയുമായിരുന്നു. എന്നാല്‍ ആ സമയത്തെല്ലാം സംഭവം ആരും അറിഞ്ഞിരുന്നില്ല. തീപ്പൊരിയുടെ കൂടെ അറിയാതെ പെട്ടുപോയ മൂര്‍ത്തിയും, രാജേശ്വരിയുമടക്കം എല്ലാവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ തീപ്പൊരി ഭാസ്‌ക്കരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

പോലീസ് ചോദ്യം ചെയ്യുമ്പോള്‍ എല്ലാം കല്ല്യാണാണ് ചെയ്തത്, എനിക്കൊന്നുമറിയില്ല എന്നുമാത്രമാണ് രാജേശ്വരി പറയുന്നത്. എന്നാല്‍ കഥകളെല്ലാം മൂര്‍ത്തിയില്‍നിന്നും അറിഞ്ഞ പോലീസ് ശരിയായ കാര്യങ്ങളെല്ലാം പറയുമ്പോള്‍ രാജേശ്വരി ഞെട്ടുന്നുമുണ്ട്. താന്‍ സീതയെ കൊല്ലാനാണ് പറഞ്ഞതെന്ന് പോലീസിനോട് പറയാന്‍ രാജേശ്വരിക്ക് പറയാന്‍ കഴിയുന്നുമില്ല. ആശുപത്രിയില്‍ ബോധം തെളിയുന്ന അജയ്ക്ക് നടന്ന കാര്യങ്ങളെല്ലാം ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട്. അജയിയെ റെയില്‍വേ ട്രാക്കില്‍നിന്നും രക്ഷപ്പെടുത്തിയത് ഒരു അപരിചിതനാണെങ്കിലും, ബാക്കി കാര്യങ്ങളെല്ലാം നോക്കിയത് കുടുംബക്കാരനായിട്ടുള്ള ഹരിയാണ്. നടന്നതെല്ലാം അജയിയോട് ഹരി പറയുന്നുണ്ട്. അമ്മയാണ് തന്നെ അപകടപ്പെടുത്താന്‍ ശ്രമിച്ചത് എന്നറിഞ്ഞ അജയ് ആകെ ഞെട്ടിയിരിക്കുകയാണ്. അതേസമയം വീട്ടില്‍ സ്വാതിയുടെ സമനില തെറ്റിയ തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഷൂട്ടിംഗ് നിര്‍ത്തിവച്ചതുകാരണം അടുത്ത എപ്പിസോഡ് ഇനി എപ്പോഴാണ് വരിക എന്നത്  വ്യക്തമല്ല.