അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ധോണിയുടെ ഫിനിഷിംഗായിരുന്നു. ഫിനിഷര്‍ എന്ന പേര് തനിക്കിപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച പ്രകടനത്തിലൂടെ വിമര്‍ശരകരുടെ വായടപ്പിക്കാനും ധോണിക്കായി. മത്സരത്തില്‍ ധോണി ബാറ്റ് ചെയ്യുന്നതിനിടെ രസകരമായൊരു നിമിഷത്തിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു.

ധോണിയും കാര്‍ത്തിക്കും ബാറ്റു ചെയ്യുന്നതിനിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ പന്ത്രണ്ടാമന്‍ ഖലീല്‍ അഹമ്മദിനോട് ധോണി ചൂടാവുകയായിരുന്നു. ഖലീല്‍ അഹമ്മദ് പിച്ചിലൂടെ നടന്നതാണ് ധോണിയെ ചൊടിപ്പിച്ചത്. ആ വശത്തുകൂടെയല്ലെ വരേണ്ടതെന്ന് ധോണി ഖലീലിനോട് ദേഷ്യപ്പെട്ട് ചോദിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഇതുകണ്ട യുസ്‌വേന്ദ്ര ചാഹല്‍ പിച്ചിന്റെ മറുവശത്തുനിന്നാണ് ധോണിക്ക് ഹെല്‍മെറ്റ് കൈമാറിയത്.

പിച്ചിലൂടെ സ്പൈക്കിട്ട് ചവിട്ടുന്നത് പിച്ച് കേടുവരാനും ബാറ്റിംഗ് ദുഷ്കരമാകാനും കാരണമാകും. പിച്ചിലൂടെ ചവിട്ടുന്നത് അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷാ നടപടിയുമുണ്ടാകും. ഫീല്‍ഡര്‍മാര്‍ പോലും പിച്ച് മുറിച്ചുകടക്കുമ്പോള്‍ ചാടിക്കടക്കുയാണ് പതിവ്. അപ്പോഴാണ് ഖലീല്‍ കൂളായി പിച്ചിലൂടെ നടന്നുവന്നത്. ഇതാണ് ധോണിയെ ചൊടിപ്പിച്ചത്.