ഐപിഎല്ലില്‍ വിജയത്തുടക്കമിട്ടതിന് പിന്നാലെ ചെന്നൈക്ക് വലിയ തിരിച്ചടി

First Published 9, Apr 2018, 7:43 PM IST
IPL 2018 Key Chennai Super Kings player ruled out of the tournament
Highlights

പരിക്കുമൂലം ജാദവ് ടൂര്‍ണമെന്റിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയും സ്ഥിരീകരിച്ചു.

ചെന്നൈ: രണ്ടുവര്‍ഷത്തെ വിലക്കിനുശേഷം മടങ്ങിവന്ന് ഐപിഎല്ലില്‍ വിജയത്തുടക്കമിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടക്കത്തിലെ വലിയ തിരിച്ചടി. മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ഡ്വയിന്‍ ബ്രാവോക്കൊപ്പം ടീമിന്റെ വിജയശില്‍പിയായ കേദാര്‍ ജാദവിന് പരിക്ക് മൂലം ഐപിഎല്‍ പൂര്‍ണമായും നഷ്ടമാവും. തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് ജാദവിന് ഐപിഎല്ലിലെ പൂര്‍ണമായും നഷ്ടമാക്കിയത്. ഗ്രേഡ്-2 പരിക്കാണ് ജാദവിന്റേതെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പരിക്കുമൂലം ജാദവ് ടൂര്‍ണമെന്റിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് ചെന്നൈയുടെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസിയും സ്ഥിരീകരിച്ചു. ജാദവില്ലാത്തത് വലിയ നഷ്ടമാണെന്നും മധ്യനിരയില്‍ നിര്‍ണായകതാരമായിരുന്നു ജാദവെന്നും ഹസി പറഞ്ഞു. ജാദവിന്റെ പകരക്കാരനെ ടീം മാനേജ്മെന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്കുമൂലം നേരത്തെ മിച്ചല്‍ സാന്റ്നറും പിന്‍മാറിയിരുന്നതിനാല്‍ ഒരു വിദേശകളിക്കാരനെ സ്വന്തമാക്കാന്‍ ചെന്നൈക്ക് അവസരമുണ്ട്.

മുംബൈക്കെതിരായ മത്സരത്തില്‍ ബാറ്റിംഗിനിടെ പേശിവലിവ് മൂലം മടങ്ങിയ ജാദവ് അവസാന ബാറ്റ്സ്മാനായി മടങ്ങിയെത്തി ടീമിന് അവിസ്മരണീയ വിജയം സമ്മാനിച്ചിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും പരിക്കുമൂലം റണ്‍സ് ഓടിയെടുക്കാന്‍ ജാദവിനായിരുന്നില്ല. നാലാം പന്തില്‍ ഫൈന്‍ ലെഗ്ഗിന് മുകളിലൂടെ സിക്സറടിച്ച ജാദവ് അഞ്ചാം പന്ത് ബൗണ്ടറി കടത്തി ചെന്നൈക്ക് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു.

loader